വാഷിങ്ടന്‍ : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള വാക്‌പോര് മുറുകുന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയും കമ്യൂണിസ്റ്റുമായ കമല ഹാരിസ് ആ സ്ഥാനം ഏറ്റെടുക്കുന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിമാരായ മൈക്ക് പെന്‍സും കമല ഹാരിസും തമ്മിലുള്ള സംവാദത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു ട്രംപ്.
‘നമുക്ക് ഒരു കമ്യൂണിസ്റ്റ് ഭരണാധികാരി ഉണ്ടാകാന്‍ പോകുന്നു. ജോ ബൈഡന്‍ രണ്ടു മാസത്തില്‍ കൂടുതല്‍ പ്രസിഡന്റ് സ്ഥാനത്ത് ഉണ്ടാകില്ല. അതാണ് എന്റെ അഭിപ്രായം’- കോവിഡ് ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ട ട്രംപ് ടെലിഫോണിലൂടെ നല്‍കിയ ആദ്യ അഭിമുഖത്തില്‍ പറഞ്ഞു.
കമല ഒരു കമ്യൂണിസ്റ്റ് ആണ്. അവര്‍ സോഷ്യലിസ്റ്റ് അല്ല, അതിര്‍ത്തികള്‍ തുറന്നു കൊടുത്ത് കൊലയാളികളെയും ബലാത്സംഗക്കാരെയും രാജ്യത്തേക്ക് ഒഴുകിയെത്താന്‍ അനുവദിക്കണമെന്നാണ് അവരുടെ നിലപാടെന്നും ട്രംപ് കുറ്റപ്പെടുത്തി.
കമലയുമായി നടന്ന സംവാദം രണ്ട് കാഴ്ചപ്പാടുകള്‍ തമ്മിലുള്ള പോരാട്ടമായിരുന്നുവെന്നു മൈക്ക് പെന്‍സ് പറഞ്ഞു. ഉയര്‍ന്ന നികുതി, അതിര്‍ത്തി തുറക്കല്‍ എന്നിവയാണ് ജോ ബൈഡനും കമല ഹാരിസും ആഗ്രഹിക്കുന്നതെന്നും മൈക്ക് പെന്‍സ് ചൂണ്ടിക്കാട്ടി. അതേസമയം, കമലയ്‌ക്കെതിരായ ട്രംപിന്റെ പ്രസ്താവന നിന്ദ്യവും പ്രസിഡന്റ് പദവിക്കു നിരക്കുന്നതല്ലെന്നും ജോ ബൈഡന്‍ പറഞ്ഞു.
Post Your Comments