ടോക്കിയോ: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കെ, ഇന്ത്യ എല്ലായ്‌പ്പോഴും നിയമാധിഷ്ഠിത ലോകക്രമത്തിനായി നിലകൊള്ളുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. ക്വാഡ് മന്ത്രിതല യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ജയ്ശങ്കര്‍ ഇക്കാര്യം പറഞ്ഞത്. ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ സാഹചര്യത്തിലായിരുന്നു ചൈനയുടെ പേരെടുത്തു പറയാതെ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന. ജാപ്പനീസ് തലസ്ഥാനം ടോക്യോയില്‍ ഇന്ത്യ-ജപ്പാന്‍-യുഎസ്-ഓസ്ട്രേലിയ ചതുര്‍ രാഷ്ട്ര സഖ്യത്തിന്റെ (ക്വാഡ്) മന്ത്രിതല യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം” ഉയര്‍ത്തിപ്പിടിക്കുന്നതിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. “നിയമവാഴ്ച, സുതാര്യത, അന്താരാഷ്ട്ര സമുദ്രങ്ങളില്‍ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം, പ്രാദേശിക സമഗ്രതയിലും പരമാധികാരതിതലുമുള്ള ബഹുമാനം, തര്‍ക്കങ്ങളുടെ സമാധാനപരമായ പരിഹാരം എന്നിവ ഉള്‍ചേര്‍ന്ന നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം ഉയര്‍ത്തിപ്പിടിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,” ജയ്‌ശങ്കര്‍ പറഞ്ഞു.
‘ക്വാഡ്’ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് ടോക്യോയില്‍ ചേര്‍ന്നത്. ലഡാക്ക് മേഖലയിലെ പ്രശ്നങ്ങള്‍, ഇന്തോ-പസഫിക് മേഖലയിലെ ചൈനീസ് സാന്നിദ്ധ്യം സംബന്ധിച്ച ആശങ്കകള്‍ എന്നിവ നിലനില്‍ക്കവേയാണ് ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാന്‍, യുഎസ് വിദേശകാര്യ മന്ത്രിമാര്‍ യോഗം ചേരുന്നത്. തങ്ങളുടെ വികസനത്തെ തടയാനുള്ള ശ്രമമെന്ന് ക്വാഡ് സഖ്യ രൂപീകരണത്തെ ചൈന കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രിയെ കൂടാതെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍, ജപ്പാനിലെ തോഷിമിറ്റ്സു മോടെഗി എന്നിവരും ക്വാഡ് യോഗത്തില്‍ പങ്കെടുത്തു.
“സ്വതന്ത്രവും തുറന്നതും സമന്വയിപ്പിച്ചതുമായ ഇന്തോ-പസഫിക് മേഖല നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം നമ്മുടെ രാജ്യങ്ങള്‍ കൂട്ടായി അംഗീകരിച്ചതാണ്,” ജയ്ശങ്കര്‍ ചടങ്ങില്‍ പറഞ്ഞു. ഇന്തോ-പസിഫിക് എന്ന ആശയം കൂടുതല്‍ സ്വീകാര്യത നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇന്തോ-പസഫിക് മേഖലയില്‍ സാന്നിദ്ധ്യം ഉറപ്പിക്കുന്ന ചൈനീസ് പട്ടാളത്തിനെതിരെയുള്ള ശക്തമായ കൈകോര്‍ക്കലായാണ് ചൈന ഈ ഗ്രൂപ്പിനെ കാണുന്നത്. അതിനാല്‍ തന്നെ ക്വാഡ് യോഗത്തെ ആശങ്കയോടെയാണ് ചൈന വീക്ഷിക്കുന്നത്.
read also: കൊവിഡ് ബാധിതരില്‍ അഞ്ചില്‍ നാല് പേരിലും ഈ ലക്ഷണങ്ങള്‍: പുതിയ പഠന റിപ്പോര്‍ട്ട്
ഇന്ത്യന്‍ മഹാസമുദ്രവും, പടിഞ്ഞാറന്‍ മധ്യ പസഫിക് സമുദ്രവും, ദക്ഷിണ ചൈനാ കടലും ഉള്‍പ്പെടുന്ന പ്രദേശമാണ് ഇന്തോ-പസഫിക് മേഖല. മേഖലയില്‍ ചൈന പ്രാദേശികമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇതിന് പുറമെ നിലവിലെ വ്യവസ്ഥകള്‍ മറികടന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗത്തേക്ക് കടന്നു കയറാനുള്ള ചൈനയുടെ ശ്രമങ്ങള്‍ തികച്ചും അപലപനീയമാണെന്നാണ് രാജ്യങ്ങള്‍ വിലയിരുത്തുന്നത്.
ദക്ഷിണ ചൈന കടലിനോട് ചേര്‍ന്ന് കിടക്കുന്ന വിയറ്റ്നാം, ഫിലിപ്പീന്‍സ്, മലേഷ്യ, തായ്‌വാന്‍, ബ്രൂണെ എന്നീ രാജ്യങ്ങള്‍ക്കും ചൈന കടന്നുകയറ്റ ഭീഷണി ഉയര്‍ത്തുന്നുണ്ട്. അടുത്ത കാലത്തായി ചൈനയുടെ പ്രവര്‍ത്തനങ്ങളില്‍ ജപ്പാനും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സെന്‍കാകു ദ്വീപുകളുടെ അവകാശ തര്‍ക്കത്തിന്റെ പേരില്‍. ഇത് തങ്ങളുടേതാണെന്നാണ് ചൈനീസ് വാദം.
Post Your Comments