ന്യൂഡൽഹി : ഇന്ത്യക്കെതിരെ പുതിയ തന്ത്രവുമായി ചൈനയും പാകിസ്താനും. ഇതിനായി പാക് അധീന കശ്മീരിൽ ഇരു രാജ്യങ്ങളും ചേർന്ന് ഉപരിതല-എയർ മിസൈലുകൾ വിക്ഷേപിക്കുന്നതിനുള്ള സ്ഥാനങ്ങൾ നിർമ്മിയ്ക്കുന്നതായാണ് വിവരം. സൈനിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
ചൈനയ്ക്ക് സമാനമായ രീതിയിൽ അതിർത്തിയിൽ തർക്കങ്ങൾ സൃഷ്ടിക്കാനുള്ള നീക്കമാണ് പാകിസ്താനും നടത്തുന്നത്. ഇതിന്റെ ഭാഗമായി തർക്കം നിലനിൽക്കുന്ന ഇന്ത്യ- പാകിസ്താൻ അതിർത്തിയിൽ കൂടുതൽ സൈനിക സൗകര്യങ്ങൾ ഇരു രാജ്യങ്ങളും ചേർന്ന് ഒരുക്കുന്നുണ്ട്. പാക് അധീന കശ്മീരിലെ ദിയോലിൻ, ജുര പ്രദേശങ്ങളിൽ പാക്- ചൈനീസ് സൈന്യങ്ങൾ സംയുക്തമായാണ് പ്രവർത്തിക്കുന്നത്.
പ്രദേശത്തെ പൗലി പിറിലാണ് ഇരു സൈനിക വിഭാഗങ്ങളും ചേർന്ന് മിസൈൽ വിക്ഷേപണത്തിനായുള്ള സ്ഥാനം നിർമ്മിയ്ക്കുന്നത്. ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഏകദേശം 120 പാകിസ്താൻ സൈനികരും, 40 ഓളം പ്രദേശവാസികളും ചേർന്നാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അതേസമയം ഇരു രാജ്യങ്ങളുടെയും നീക്കങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.
Post Your Comments