കുന്നംകുളം: സിപിഎമ്മിന്റെ പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി സൂചന. പ്രതികളെ സഹായിച്ച രണ്ടു ചിറ്റിലങ്ങാട് സ്വദേശികൾ കസ്റ്റഡിയിൽ ആയെന്നാണ് റിപ്പോർട്ട്. നന്ദൻ. ശ്രീരാഗ്, സതീഷ്, അഭയജിത്ത് എന്നിവരെ കൂടാതെ മറ്റൊരാൾ കൂടി കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായി ഇപ്പോൾ പിടിയിലായവർ മൊഴി നൽകിയിട്ടുണ്ടെന്നും സൂചനയുണ്ട്. കുന്നംകുളം എസിപി സിനോജിന്റെ നേതൃത്വത്തിൽ പ്രത്യേകം രൂപീകരിച്ച സംഘമാണ് കേസന്വേഷിക്കുന്നത്.
ചിറ്റിലങ്ങാട് സ്വദേശി നന്ദൻ എന്നയാളുടെ നേതൃത്വത്തിലാണ് സനൂപിനെ ആക്രമിച്ചതെന്നു പോലീസ് പറയുന്നു. നന്ദൻ ഉൾപ്പെടെ നാല് പേർ ഒളിവിലാണ്, ഇവർ പോയതായി സംശയിക്കുന്ന കാർ തിങ്കളാഴ്ച കുന്നംകുളത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമല്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
കേസിൽ മുഖ്യപ്രതിയായ നന്ദനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ട് മാസം മുൻപാണ ഇയാൾ ഗൾഫിൽ നിന്നും നാട്ടിലെത്തിയത് അതിനാൽ വിദേശത്തേക്ക് രക്ഷപ്പെടാൻ സാധ്യതയുള്ളതിനാലാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. നന്ദൻ തൃശ്ശൂർ വിട്ടു പുറത്തുപോയിട്ടില്ലെന്ന് നിഗമനത്തിൽ അന്വേഷണം തുടരുന്നു.
ചിറ്റിലങ്ങാട് വച്ച് ഇരു സംഘങ്ങളും തമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു. സംഭവം നടന്ന രാത്രിയിൽ നന്ദന്റെ നേതൃത്വത്തിൽ ഇവിടെ മദ്യസൽക്കാരം നടന്നിരുന്നതായി പറയുന്നു. ഇവരുമായി പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിനു കാരണമായത്. സ്വയം രക്ഷക്കായി കൈയിൽ കത്തികൊണ്ടു നടക്കുന്ന ആളായിരുന്നു നന്ദൻ. ആഡംബര കത്തിയുടെ ഉറയും സനൂപിന്റെ മൃതദേഹത്തിനരികിൽനിന്ന് പോലീസിനു ലഭിച്ചത് പ്രകാരം കുത്തിയത് നന്ദൻ തന്നെയാണെന്ന നിഗമനത്തിൽ തന്നെയാണ് പോലീസ്. പരിക്കേറ്റ മറ്റു സിപിഎം പ്രവർത്തകരായ വിബിൻ, ജിത്തു, അഭിജിത്ത് എന്നിവർ ഇപ്പോഴും ചികിത്സയിലാണ്.
Post Your Comments