തിരുവനന്തപുരം : കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് പൊതുപരിപാടി. : വെഞ്ഞാറമൂട്ടിൽ എംഎൽഎ അടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിൽ വൻ ആൾക്കൂട്ടമാണ് ഉണ്ടായിരുന്നത്. മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ച പരിപാടിയിലാണ് നിരോധനാജ്ഞ ലംഘിച്ചത്.
ഇന്നുമുതലാണ് നിരോധനാജ്ഞ സംസ്ഥാനത്ത് നിലവിൽ വന്നത്. ഒരു മാസത്തേക്കാണ് നിയന്ത്രണം. കടകൾക്കും ബാങ്കുകൾക്കും മുന്നിൽ അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല. ആരാധനാലയങ്ങളിലും പൊതുചടങ്ങുകളിലും 20 ൽ കൂടുതൽ ആളുകൾ പങ്കെടുക്കരുത്.
വിവിധ ജില്ലകളിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് അതാത് കലക്ടർമാരാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടരുതെന്ന നിർദ്ദേശം എല്ലായിടത്തും ബാധകമാണ്. സർക്കാർ ചടങ്ങുകൾ, മതപരമായ ചടങ്ങുകൾ പ്രാർത്ഥനകൾ, രാഷ്ട്രീയ-സാമൂഹ്യ പരിപാടികൾ എന്നിവയിൽ 20 പേർ മാത്രമേ പങ്കെടുക്കാവൂ.
തിരുവനന്തപുരത്ത് കണ്ടെയിൻമെൻറ് സോണിലും പുറത്തും വ്യത്യസ്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കണ്ടെയിൻമെൻറ് സോണിലെ വിവാഹം-മരണം സംബന്ധിച്ച ചടങ്ങുകളിൽ 20 പേർക്ക് മാത്രമാണ് അനുമതി. സോണിന് പുറത്ത് വിവാഹ ചടങ്ങിൽ 50 പേർവരെയാകാം. മറ്റ് ജില്ലകളിൽ വിവാഹചടങ്ങുകളിൽ 50 പേരും മരണാനന്തരചടങ്ങിൽ 20 പേരും എന്നതാണ് നിർദ്ദേശം.
Post Your Comments