ബെയ്‌റൂത്ത്: പതിറ്റാണ്ടുകളായി തുടരുന്ന അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായി ചര്‍ച്ചക്കൊരുങ്ങി ലെബനനും ഇസ്രായേലും. തർക്കവുമായി ബന്ധപ്പെട്ട് ചർച്ച നടത്താനുള്ള പ്രാരംഭ കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും യോജിപ്പിലെത്തിയതായി ലെബനന്‍ ഭരണകൂടം അറിയിച്ചു. വര്‍ഷങ്ങളായി കര, സമുദ്ര അതിര്‍ത്തികള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ യുഎസിന്റെ മധ്യസ്ഥതയിലാണ് ചര്‍ച്ച നടക്കുക. ചര്‍ച്ചയുടെ ചട്ടക്കൂട് അംഗീകരിച്ചതായി ലെബനന്‍ പാര്‍ലമെന്റ് സ്പീക്കര്‍ നബി ബെറി പറഞ്ഞു.
എന്നാൽ ‘സമുദ്ര അതിര്‍ത്തികള്‍ വരയ്ക്കുന്നതിന് മധ്യസ്ഥനായി പ്രവര്‍ത്തിക്കാന്‍ അമേരിക്കയോട് ഇസ്രായേലും ലെബനനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ലെബനന്‍ പാര്‍ലമെന്റ് സ്പീക്കര്‍ വ്യക്തമാക്കി. കടക്കെണിയില്‍ കുടുങ്ങി സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിഞ്ഞ ലെബനനില്‍ ഓഗസ്റ്റ് 4 ന് ബെയ്‌റൂത്ത് തുറമുഖത്തിലുണ്ടായ വന്‍ സ്‌ഫോടനം കൂടിയായപ്പോള്‍ പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്. മെഡിറ്ററേനിയില്‍ കടലില്‍ എണ്ണ, പ്രകൃതിവാതകം എന്നിവയുടെ പര്യവേക്ഷണം ആരംഭിക്കാന്‍ ലെബനന്‍ പദ്ധതിയിട്ടിട്ടുണ്ട്. ഇസ്രായേലും ഈ മേഖലയില്‍ അവകാശവാദമുന്നയിക്കുന്ന സാഹചര്യത്തിലാണ് കര, സമുദ്ര അതിര്‍ത്തികള്‍ സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ ലെബനന്‍ തീരുമാനിച്ചത്.
Post Your Comments