ന്യൂഡല്‍ഹി: മണാലിയെയും ലേയെയും ബന്ധിപ്പിച്ചുള്ള അടല്‍ തുരങ്കപാത ഹിമാചല്‍ പ്രദേശിലെ റോത്തങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ ഉദ്ഘാടനംചെയ്യും. തന്ത്രപ്രാധാന്യമുള്ളതും എല്ലാ സമയത്തും ഉപയോഗിക്കാവുന്നതുമാണ് ഈ തുരങ്കപാത. മണാലിയില്‍നിന്നു ലേയിലേക്കുള്ള ദൈര്‍ഘ്യം 46 കിലോമീറ്റര്‍ കുറയ്ക്കും.
നേരത്തെ മഞ്ഞുകാലത്ത് ആറുമാസം വരെ താഴ്വരയില് ഗതാഗതം വഴിമുട്ടിയിരുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഹിമാലയത്തിന്റെ പിര്‍ പഞ്ചാല്‍ മേഖലയിലൂടെയാണു പാത. സമുദ്രനിരപ്പില്‍നിന്ന് മൂവായിരം മീറ്റര്‍ ഉന്നതിയിലാണിത്. മണാലിയില്‍നിന്ന് ആരംഭിക്കുന്ന പാത ലാഹൗള്‍- സ്പിതി താഴവരയിലാണ് എത്തുന്നത്.
കുതിര ലാഡത്തിന്റെ ആകൃതിയില്‍ രണ്ടു വരി ടണലാണ് നിര്‍മിച്ചിരിക്കുന്നത്. എട്ടു മീറ്ററാണ് പാതകളുടെ വീതി.റോത്തങ് ചുരത്തിലൂടെ തുരങ്കം നിര്‍മിക്കാനുള്ള തീരുമാനം 2002ല്‍ വാജ്പേയ് സര്‍ക്കാരാണ് എടുത്തത്. ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് (ബി.ആര്.ഒ) ആണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ദേശീയപാതാ തുരങ്കമാണിത്. 9.02 കിലോമീറ്റര്‍ നീളത്തിലാണു തുരങ്കം. യാത്രാസമയം നാലഞ്ചു മണിക്കൂര്‍ കുറയ്ക്കുമെന്നതും ഈ തുരങ്കപാതയുടെ പ്രത്യേകതയാണ്.
Post Your Comments