കൊച്ചി: ചില്ലറ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഡിജിറ്റല്‍ പേയ്‌മെന്റും ഫിനാന്‍സിങ് സൗകര്യവും ലഭ്യമാക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് (എച്ച്‌യുഎല്‍) കമ്പനിയുമായി കൈകോര്‍ക്കുന്നു. എച്ച്‌യുഎല്‍ വിതരണക്കാര്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി തടസരഹിതമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് മഹാത്മാഗാന്ധിയുടെ 151ാം ജന്മദിനത്തിലാണ് രാജ്യത്തെ രണ്ടു പ്രമുഖ കമ്പനികളുടെ പങ്കാളിത്തം. രാജ്യത്തിന്റെ വിദൂര കോണുകളില്‍ ചെറുകിട സംരംഭകര്‍ക്കും ചില്ലറ വ്യാപാരികള്‍ക്കുമിടയില്‍ ഡിജിറ്റല്‍ (യുപിഐ) പെയ്‌മെന്റുകള്‍ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കാനും എച്ച്‌യുഎല്‍ വിതരണക്കാരെയും ചെറുകിട ചില്ലറ വ്യാപ്യാരികളെയും ഡിജിറ്റലായി ശാക്തീകരിക്കാനും ഈ പങ്കാളിത്തം സഹായിക്കും.
സഹകരണത്തിന്റെ ഭാഗമായി എസ്ബിഐ, എച്ച്‌യുഎല്‍ വിതരണക്കാരുമായുള്ള ബില്ലിങിനായി ചില്ലറ വ്യാപാരികള്‍ക്ക് 50,000 രൂപ വരെ തല്‍ക്ഷണ പേപ്പര്‍രഹിത ഓവര്‍ഡ്രാഫ്റ്റ് (ഒഡി) സൗകര്യം നല്‍കും, അതോടൊപ്പം വിതരണക്കാര്‍ക്ക് ഫിനാന്‍സിങ് സൗകര്യവും ലഭ്യമാക്കും. ഉപയോക്താക്കള്‍ക്ക് ചെറിയ നഗരങ്ങളിലും ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്, രാജ്യത്തുടനീളമുള്ള ഒന്നിലധികം എച്ച്‌യുഎല്‍ ടച്ച്‌പോയിന്റുകളില്‍ എസ്ബിഐ പോയിന്റ് ഓഫ് സെയില്‍ മെഷീനുകള്‍ സ്ഥാപിക്കും. കൂടാതെ, എച്ച്‌യുഎല്‍ റീട്ടെയിലര്‍ ആപ്ലിക്കേഷനായ ‘ശിഖര്‍’ വഴി ഡീലര്‍മാര്‍ക്ക് തടസരഹിതവും സുരക്ഷിതവും വേഗത്തിലുമുള്ള ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്കായി യുപിഐ അടിസ്ഥാനമാക്കിയുള്ള സൗകര്യവും എസ്ബിഐ നല്‍കും. എച്ച്‌യുഎല്‍ ജീവനക്കാര്‍ക്ക് കോര്‍പ്പറേറ്റ് ശമ്പള പാക്കേജ് ഓപ്ഷനും പുതിയ പങ്കാളിത്തത്തിലൂടെ ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
എച്ച്‌യുഎല്‍ ഉപഭോക്താക്കളുടെയും ചില്ലറ വ്യാപാരികളുടെയും ഡീലര്‍മാരുടെയും ജീവനക്കാരുടെയും സാമ്പത്തിക ആവശ്യങ്ങള്‍ ലളിതമാക്കാന്‍, എസ്ബിഐക്ക് അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് എസ്ബി.ഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു, ഈ പങ്കാളിത്തം എസ്ബിഐയുടെ ബാങ്കിങ് വൈദഗ്ധ്യത്തിന്റെയും എച്ച്‌യുഎലിന്റെ ഉപഭോക്തൃ ബന്ധത്തിന്റെയും മാതൃകാപരമായ സംയോജനമായി മാറുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments