ന്യൂഡൽഹി : കാർഷിക ബില്ലിനെതിരെ രാജ്യത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിലർക്ക് കർഷകർ സ്വതന്ത്രരാകുന്നത് സഹിക്കാൻ കഴിയുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. നമാമി ഗംഗ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കോൺഗ്രസിനെ കടുത്ത ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി രംഗത്ത് എത്തിയത്.
ഒരു കുടുംബം എല്ലായ്‌പ്പോഴും വികസനങ്ങൾക്ക് തടസ്സം നിൽക്കും. ചിലർക്ക് കർഷകർ സ്വന്തന്ത്രരാകുന്നത് സഹിക്കാൻ കഴിയില്ല. എന്നാൽ മറ്റ് ചിലർക്കാകട്ടെ കളപ്പണത്തിന്റെ വരവ് കുറഞ്ഞതിലുള്ള വിഷമത്തിലും. ഇതാണ് രാജ്യവ്യാപകമായി പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രതിഷേധക്കാരുടെ നിരാശയ്ക്കും, അസ്വസ്ഥതയ്ക്കും, മോഹഭംഗത്തിനും കാരണം മേൽപ്പറഞ്ഞ കാരണങ്ങളാണ്. നാല് തലമുറകളായി രാജ്യം ഭരിച്ചവർ നാളിതുവരെയായി രാഷ്ട്രീയ സ്വാർത്ഥ താത്പര്യങ്ങൾ നേടിയെടുക്കുകയായിരുന്നു. ഈ താത്പര്യത്തിന് വേണ്ടിയാണ് അവർ എല്ലാ വികസനപ്രവർത്തനങ്ങൾക്കും തടസ്സമായി നിൽക്കുന്നതും.ഇതുവരെ അധികാരത്തിലേറാൻ കഴിയാത്ത അനേകം ചെറിയ രാഷ്ട്രീയ പാർട്ടികൾ രാജ്യത്തുണ്ട്. രൂപംകൊണ്ടതു മുതൽ ഇവർ പ്രതിപക്ഷ പാർട്ടികൾക്കൊപ്പമാണ് നിൽക്കുന്നത്.
ഇവർ രാജ്യത്തെ എതിർക്കുകയോ രാജ്യവിരുദ്ധമായി പ്രവർത്തിയ്ക്കുകയോ ചെയ്തിട്ടില്ല. എന്നാൽ പ്രതിപക്ഷത്തിരിക്കുന്ന ചിലർ ഇങ്ങിനെയല്ല. കാലങ്ങളായി അവർ എന്താണ് പ്രവർത്തിക്കുന്നതെന്ന് രാജ്യം മുഴുവൻ കണ്ടുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments