ന്യൂഡല്‍ഹി: മാസങ്ങള്‍ നീണ്ട ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് ശാശ്വത പരിഹാരം തേടി ഇരുരാജ്യങ്ങളും. അഞ്ചിന നിര്‍ദേശങ്ങളാണ് തര്‍ക്കത്തിന് അവസാനമെന്ന നിലയില്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളുടേയും നയതന്ത്ര പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച നടത്തി വരികയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഈ മാസം ആദ്യം കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും മോസ്‌കോയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളാണ് പ്രധാനമായും ചര്‍ച്ചയാക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുതിര്‍ന്ന നയതന്ത്ര പ്രതിനിധികള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. ഓഗസ്റ്റ് 20നായിരുന്നു അവസാന കൂടിക്കാഴ്ച നടത്തിയത്. അന്ന് അതിര്‍ത്തി തര്‍ക്ക വിഷയത്തിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചിരുന്നില്ല.
ഇപ്പോള്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ മോസ്‌കോ ധാരണപ്രകാരമുള്ള അഞ്ച് ഇന നിര്‍ദേശങ്ങള്‍ എങ്ങിനെ നടപ്പാക്കാം എന്നതാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു. വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവ, ചൈനീസ് വിദേശകാര്യമന്ത്രാലയത്തെ പ്രതിനിധീകരിച്ച് ബൗണ്ടറി ആന്റ് ഓഷനിക് ഡയറക്ടര്‍ ജനറല്‍ ഹോങ് ലിയാങ് എന്നിവരുടെ അദ്ധ്യക്ഷതയിലാണ് ചര്‍ച്ച. മെയ് മാസത്തിലുണ്ടായ അതിര്‍ത്തി സംഘര്‍ഷ പ്രശ്നങ്ങള്‍ക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടത്തുന്ന ആറാമത്തെ വീഡിയോ കോണ്‍ഫറന്‍സാണ് ഇത്.
അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കി സമാധാനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തിലാണ് അഞ്ച് ഇന നിര്‍ദേശങ്ങള്‍ ഇന്ത്യയും ചൈനയും അംഗീകരിച്ചത്. അതിര്‍ത്തിയില്‍ നിലവിലുണ്ടായിരുന്ന എല്ലാ കരാറുകളും നിയമങ്ങളും പാലിക്കുക, സമാധാനം കാത്തുസൂക്ഷിക്കുക, സ്ഥിതിഗതികള്‍ വഷളാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നിവയെല്ലാം ഇതില്‍ പെടുന്നു. അതിര്‍ത്തിയില്‍ നിലവിലെ അശാന്തമായ അന്തരീക്ഷം തുടരുന്നതില്‍ താത്പര്യമില്ലെന്ന് രണ്ട് വിദേശകാര്യ മന്ത്രിമാരും മോസ്‌കോ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ സൈനിക തലത്തില്‍ ചര്‍ച്ചകള്‍ തുടരുമെന്നും, അതിര്‍ത്തിയില്‍ കൃത്യമായ അകലം പാലിച്ച് സംഘര്‍ഷ സാദ്ധ്യതകള്‍ ലഘൂകരിക്കണമെന്നും ഇരു കൂട്ടരും നിലപാട് എടുത്തിരുന്നു.
Post Your Comments