ന്യൂയോർക്: ടിക് ടോക്ക് നിരോധനത്തിന് പിന്നാലെ മറ്റൊരു പ്രമുഖ ചൈനീസ് കമ്പനിക്ക് കൂടി നിയന്ത്രമേർപ്പെടുത്തി അമേരിക്ക. ചൈനീസ് ചിപ്പ് നിര്‍മ്മാണ കമ്പനിയായ സെമിക്കണ്ടക്ടര്‍ മാനുഫാക്ചറിങ് ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ (എസ്‌എംഐസി) എന്ന കമ്പനിക്കാണ് അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയത്.
ചൈനയുടെ ഈ കമ്പനിയുമായിട്ടുള്ള വ്യാപാര ബന്ധം അമേരിക്കയുടെ സൈന്യത്തിന് ഒരു അപകടസാധ്യത സൃഷ്ടിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. അത് കൊണ്ട് ഇനി മുതൽ ചൈനയിലെ ഏറ്റവും വലിയ ചിപ്പ് നിര്‍മ്മാതാവിലേക്ക് ചില ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് മുന്‍പ് യുഎസ് സ്ഥാപനങ്ങള്‍ ലൈസന്‍സിനായി അപേക്ഷിക്കണം.
അതേസമയം അമേരിക്കയുടെ ഈ നീക്കം അന്താരാഷ്ട്ര വ്യാപാര നിയമങ്ങള്‍ ലംഘിച്ചുയെന്നും അമേരിക്കയുടെ പ്രതിച്ഛായയെയും ബാധിച്ചുയെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എസ്‌എംഐസിക്കെതിരെ ഏര്‍പ്പെടുത്തിയ ഈ നിയന്ത്രണങ്ങള്‍ ലോകത്തിലെ ഏറ്റവും ശക്തമായ രണ്ടു രാജ്യങ്ങള്‍ തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Post Your Comments