KeralaNews

ഇതാണോ നമ്പര്‍ വണ്‍ കേരളം ? …. ഇടതു ആരോഗ്യ നിരീക്ഷകരുടെ കണ്ടുപിടുത്തം കൊള്ളാം : പിണറായി സര്‍ക്കാറിനെതിരെ എം.കെ.മുനീര്‍

തിരുവനന്തപുരം : ഇതാണോ നമ്പര്‍ വണ്‍ കേരളം ? …. ഇടതു ആരോഗ്യ നിരീക്ഷകരുടെ കണ്ടുപിടുത്തം കൊള്ളാം , പിണറായി സര്‍ക്കാറിനെതിരെ എം.കെ.മുനീര്‍.
ഗര്‍ഭിണിക്ക് ചികില്‍സ 14 മണിക്കൂര്‍ വൈകിയതിനു പിന്നാലെ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം വലിയ പ്രതിഷേധം ഉയര്‍ത്തുകയാണ്. ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് ദാരുണസംഭവത്തിന് കാരണമെന്നാണ് വിമര്‍ശനം ഉയരുന്നത്. യുവതിക്ക് മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നതിനാല്‍ ആശുപത്രികള്‍ ചികില്‍സ നിഷേധിക്കുകയായിരുന്നു. രണ്ടു കുട്ടികള്‍ മരിച്ചു. ഭാര്യ ആശുപത്രിയില്‍ ഐസിയുവിലും. ഇതുപറഞ്ഞ് കരയുന്ന ആ പിതാവിന്റെ ദൃശ്യങ്ങള്‍ ഏറെ നോവിക്കുന്നതുമാണ്. സംഭവത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ എംഎല്‍എ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.

‘ഇതാണോ നിങ്ങളുടെ നമ്പര്‍ 1 എന്ന് മുനീര്‍ ചോദിച്ചു. കോവിഡ് കാലം മുതല്‍ എത്രയോ മരണങ്ങള്‍ മതിയായ ചികിത്സ കിട്ടാതെ കേരളത്തില്‍ നടന്നിരിക്കുന്നു. പ്രധാനപ്പെട്ട മെഡിക്കല്‍ കോളേജുകള്‍ എല്ലാം കോവിഡ് കെയര്‍ സെന്ററുകള്‍ ആക്കി മാറ്റി, മറ്റ് അത്യാവശ്യ ചികിത്സകള്‍ക്ക് പോലും സൗകര്യമില്ലാതെ രോഗികള്‍ വലയുന്ന സാഹചര്യമാണ്.പ്രധാനപ്പെട്ട താലൂക്ക് ആശുപത്രിക്കളെ കോവിഡ് കെയര്‍ സെന്ററുകള്‍ ആക്കി മാറ്റുകയും, മെഡിക്കല്‍ കോളേജുകളില്‍ ഒരു ഭാഗം മാത്രം കോവിഡ് കെയര്‍ സെന്ററുകള്‍ ആക്കി മാറ്റിയിരുന്നെങ്കില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാമായിരുന്നു’. എംകെ മുനീര്‍ പ്രതികരിച്ചു.

എം.കെ മുനീറിന്റെ കുറിപ്പ്:

ആരോഗ്യ വകുപ്പിന്റെ ക്രൂരതയില്‍ ഇരട്ടക്കുട്ടികളുടെ ജീവന്‍ പൊലിഞ്ഞ വാര്‍ത്തയാണ് ഇന്ന് വന്നിരിക്കുന്നത്. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ വിവിധ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണ് കൊണ്ടോട്ടി കിഴിശേരി സ്വദേശിനിയായ 22 കാരിയുടെ കുട്ടികള്‍ മരിച്ചത്. കോഴിക്കേട് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം.

യുവതിക്ക് മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും രോഗം ഭേദമായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പ്രസവ വേദന വന്നപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോയെങ്കിലും കോവിഡ് ആശുപത്രിയായതിനാല്‍ തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടപ്പറമ്പ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇവിടെ നിന്ന് സമയം കഴിഞ്ഞെന്നു പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.

മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി ചെന്നെങ്കിലും ഫലമുണ്ടായില്ല. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവേശനം നല്‍കില്ലെന്ന് അധികൃതര്‍ വാശിപിടിച്ചു. എന്നാല്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവായതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും അത് സ്വീകരിച്ചില്ല. പിസിആര്‍ ടെസ്റ്റ് നടത്തിയതിന്റെ റിസല്‍ട്ട് വേണമെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഓടി അവശയായ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴേക്കും പതിനാല് മണിക്കൂര്‍ കഴിഞ്ഞു. സമയം വൈകിയതോടെ കുട്ടികള്‍ മരണപ്പെട്ടു.

കൊവിഡ് കാലം മുതല്‍ എത്രയോ മരണങ്ങള്‍ മതിയായ ചികിത്സ കിട്ടാതെ കേരളത്തില്‍ നടന്നിരിക്കുന്നു. പ്രധാനപ്പെട്ട മെഡിക്കല്‍ കോളേജുകള്‍ എല്ലാം കോവിഡ് കെയര്‍ സെന്ററുകള്‍ ആക്കി മാറ്റി ; മറ്റ് അത്യാവശ്യ ചികിത്സകള്‍ക്ക് പോലും സൗകര്യമില്ലാതെ രോഗികള്‍ വലയുന്ന സാഹചര്യമാണ്.

പ്രധാനപ്പെട്ട താലൂക്ക് ആശുപത്രിക്കളെ കോവിഡ് കെയര്‍ സെന്ററുകള്‍ ആക്കി മാറ്റുകയും, മെഡിക്കല്‍ കോളേജുകളില്‍ ഒരു ഭാഗം മാത്രം കോവിഡ് കെയര്‍ സെന്ററുകള്‍ ആക്കി മാറ്റിയിരുന്നെങ്കില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാമായിരുന്നു.

ഇതാണോ നിങ്ങളുടെ നമ്പര്‍ 1? ”കപട ഇടതു ആരോഗ്യ നിരീക്ഷകരുടെ”ഉപദേശം ഇനിയും കേട്ടു കൊണ്ടിരുന്നാല്‍ ഇതിലും വലിയ ദുരന്തങ്ങള്‍ ആകും ഈ നാട്ടില്‍ ഉണ്ടാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button