Latest NewsKeralaNews

ലൈഫ് മിഷൻ അഴിമതി നീളുന്നത് മുഖ്യമന്ത്രിയിലേക്ക് ; അന്വേഷണത്തെ സി.പി.എം എതിർക്കുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നതരും കുടുങ്ങും എന്നുറപ്പ് ഉള്ളത് കൊണ്ട് : കെ സുരേന്ദ്രൻ

തിരുവനന്തപുരം: ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണം സംബന്ധിച്ചുള്ള സി.പി.എമ്മിന്റെ പ്രതികരണം എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കോൺ​ഗ്രസും ബി.ജെ.പിയും ചേർന്ന് എൽ.ഡി.എഫ് ഭരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന സി.പി.എം വാദം തടിതപ്പാനുള്ള ശ്രമം മാത്രമാണെന്ന് തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ലൈഫ് മിഷൻ അഴിമതി നീളുന്നത് മുഖ്യമന്ത്രിയിലേക്കാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നതരും കുടുങ്ങും എന്നുറപ്പ് ഉള്ളത് കൊണ്ടാണ് അന്വേഷണത്തെ സി.പി.എം എതിർക്കുന്നത്. ലൈഫിന് സമാനമായ മറ്റൊരു കേസിൽ വിദേശ സംഭാവന സ്വീകരിക്കൽ നിയമം ലംഘിച്ചതിന് പിണറായി സർക്കാർ നേരത്തെ സി.ബി.ഐ അന്വേഷണത്തിനായി ​ഗസ്റ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 2005 മുതൽ വുഡ് ആൻഡ് ഡാഡ് എന്ന വിദേശ സ്ഥാപനം സമരിട്ടൻ പ്രൊജക്ട് ഇന്ത്യ എന്ന കോട്ടയത്തെ കമ്പനിക്ക് നൽകിയിരുന്ന 2.30 കോടി രൂപയുടെ സഹായം അവർ വഴിമാറ്റി ചെലവഴിക്കുന്നതായി കാണിച്ച് വി.എസ് സർക്കാരിന് പരാതി നൽകിയിരുന്നു. അന്ന് കാര്യമായ ഒരു നടപടിയുമില്ലാതായപ്പോൾ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വീണ്ടും പരാതി നൽകി. ഉമ്മൻചാണ്ടി സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ഈ സംഭവത്തിൽ വിജിലൻസ് അന്വേഷണം പര്യാപ്തമല്ലെന്നും സി.ബി.ഐ അന്വേഷണമാകാമെന്നും നിലപാടെടുത്തത് പിണറായി സർക്കാരാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Also read : കമറുദ്ദീനെതിരെ രണ്ട് പുതിയ കേസുകൾ കൂടി; ആകെ കേസുകളുടെ എണ്ണം 75 ആയി

ഒരു കോടിയിലധികം രൂപയുടെ വിദേശ സാമ്പത്തിക സഹായമുള്ള കേസായതിനാൽ ഇത് സി.ബി.ഐ അന്വേഷിക്കണം എന്ന നിലപാടാണ് സംസ്ഥാന സർക്കാർ എടുത്തത്. ലൈഫിന്റെ കാര്യത്തിൽ എന്തുകൊണ്ടാണ് സി.ബി.ഐ അല്ല വിജിലൻസാണ് വേണ്ടതെന്ന നിലപാട് എടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ആരുടെ മാനസികനിലയാണ് തകരാറിലായതെന്ന് സമാന കേസുകളിൽ രണ്ട്തരത്തിൽ നിലപാടെടുക്കുന്ന മുഖ്യമന്ത്രിയെ കാണുമ്പോൾ എല്ലാവർക്കും മനസിലാകും. സിബിഐ എഫ്.‌ഐ.ആർ രജിസ്റ്റർ ചെയ്തതിന് ശേഷം മാത്രമാണ് താൻ ഇത് സംബന്ധിച്ചു പരസ്യ പ്രതികരണം നടത്തുന്നത്. 24ന് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു. 25ന് ഉച്ചയ്ക്ക് സെക്രട്ടറിയേറ്റ് മാർച്ചിലാണ് താൻ ഇതിനെ പറ്റി പറയുന്നത്. ഇതെങ്ങനെയാണ് ​ഗൂഢാലോചനയാകുകയെന്ന് കൊടിയേരി പറയണം.
മന്ത്രിമാർക്കോ ഉദ്യോഗസ്ഥർക്കോ ഒരു പങ്കും ഇല്ലെന്ന് സർക്കാർ പറയുന്ന കേസ് വിജിലൻസ് അന്വേഷിക്കുന്നത് എന്തിനാണെന്ന് സുരേന്ദ്രൻ ചോദിച്ചു.

ലൈഫ് മിഷനിലെ അഴിമതി മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവും ധനമന്ത്രിയും തന്നെ അംഗീകരിച്ചതാണ്. സർക്കാർ തന്നെ അംഗീകരിച്ച അഴിമതി കേസാണ് ഇത്. സി.ബി.ഐ അന്വേഷണം അട്ടിമറിക്കാൻ ആണ് വിജിലൻസ്‌ അന്വേഷണം. സി.ബി.ഐ വരുമെന്ന് ഉറപ്പായപ്പോൾ ആണ് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നത്. സെക്രട്ടേറിയറ്റിൽ നിന്ന് വിജിലസ് ഫയലുകൾ ശേഖരിക്കുന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണ്. ഐ.എ.എസ് ഉദ്യോ​ഗസ്ഥൻമാർ സർക്കാരിന്റെ കള്ളക്കളിക്ക് കൂട്ടുനിന്നാൽ എല്ലാകാലത്തും  സംരക്ഷിക്കാൻ സർക്കാരുണ്ടാവില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ശിവശങ്കരനും സ്വപ്നയ്ക്കും ഒപ്പം വിദേശ യാത്ര നടത്തിയതിന് ശേഷം കേരളത്തിലേക്ക് പണം ഒഴുകിയിട്ടുണ്ട്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്ക് വേണ്ടി പണം വന്ന ബാങ്ക് അക്കൗണ്ടിലേക്ക് വേറെ പണവും വന്നിട്ടുണ്ട്. ഇക്കാര്യങ്ങൾ എല്ലാം അന്വേഷിക്കേണ്ടി വരും. അഴിമതി പണത്തിന്റെ ഒരു പങ്ക് സി.പി.എമ്മിനും ലഭിച്ചെന്ന് സംശയിക്കുന്നു. മകന് എതിരായ കേസിൽ മറുപടി പറയാൻ കൊടിയേരി ബാലകൃഷ്ണന് ധാർമിക ഉത്തരവാദിത്തം ഉണ്ട്. മാസങ്ങൾ മാത്രം ആയുസ്സ് ഉള്ള പിണറായി സർക്കാരിനെ അട്ടിമറിക്കേണ്ട ആവശ്യം ബി.ജെപിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് പങ്കെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button