തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വരും ദിവസങ്ങൾ നിർണായകമാണെന്നും മരണനിരക്ക് ഉയരാൻ സാധ്യതയെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ. ഒരു ഘട്ടത്തിൽ കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനം ഏറെ മുന്നോട്ട് പോയിരുന്നു. എന്നാൽ അതിനിടെ ഉണ്ടാകാൻ പാടില്ലാ തരത്തിൽ ചില അനുസരണക്കേടുകൾ കോവിഡ് പ്രതിരോധത്തിൽ ഉണ്ടായി. സംസ്ഥാനത്ത് സമരങ്ങൾ കൂടിയതോടെ കേസുകളുടെ എണ്ണവും കൂടി. പല രാജ്യങ്ങളും കോവിഡിനെ തുടർന്ന് വീണ്ടും അടച്ചുപൂട്ടൽ നടപ്പാക്കേണ്ട സാഹചര്യത്തിലാണ്. വീണ്ടും പൂർണ്ണ അടച്ചു പൂട്ടൽ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണ് കേരളം ശ്രമിക്കുന്നത്. എന്നാൽ ജനങ്ങൾ ഒരു രീതിയിലും സഹകരിച്ചില്ലെങ്കിൽ മറ്റ് വഴികൾ ഇല്ലാതെ വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Also: ഐക്യത്തിനുള്ള ആത്മാര്‍ഥതക്ക് നന്ദി; നരേന്ദ്ര മോദിക്ക് നന്ദിയര്‍പ്പിച്ച് ലോകാരോഗ്യ സംഘടന തലവന്‍
കേരളത്തിൽ നിലവിൽ ആകെ ഒരു ലക്ഷത്തി അറുപത്തിയേഴായിരത്തിലേറെ പേർക്ക് രോഗമുണ്ടായി. എന്നാൽ സംസ്ഥാനത്ത് ഇതിൽ ഒരു ലക്ഷത്തിപതിനാലായിരം പേർ ഇതുവരെ രോഗമുക്തരായി. പലഘട്ടങ്ങളിലും രോഗ വ്യാപനത്തിന്‍റെ നിരക്ക് വളരെ കുറയ്ക്കാൻ സംസ്ഥാനത്തിന് സാധിച്ചു. എല്ലാവർക്കും വന്ന് രോഗം മാറട്ടെ എന്ന നയമല്ല കേരളത്തിന്റേത്. കേരളത്തിൽ മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്.
കേരളത്തിൽ 656 പേരാണ് ഇതുവരെ കോവിഡ് മരണത്തിന് കീഴടങ്ങിയത്. 0.39 ശതമാനമാണ് മരണനിരക്ക്. 20-40 ഇടയിൽ ഉള്ളവർക്കാണ് കൂടുതൽ കൊവിഡ് ബാധിച്ചതെങ്കിലും മരിച്ചവരിൽ 72% പേരും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്. ജനസാന്ദ്രതയും പ്രായമായവരുടെ എണ്ണം കൂടിയതും ജീവിത ശൈലി രോഗികൾ കൂടിയതും കേരളത്തിൽ വലിയ പ്രതിസന്ധിയാണ്. കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനം സ്വീകരിച്ച മാതൃക ശരിയായിരുന്നു എന്നാണ് മറ്റ് സ്ഥലങ്ങളിലെ അനുഭവം പഠിപ്പിക്കുന്നതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments