ലൈഫ് മിഷന്‍ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം അനിശ്ചിതത്വത്തില്‍. സിബിഐ കേസെടുത്തതോടെ വിജിലന്‍സ് അന്വേഷണം നിലനില്‍ക്കില്ല. പ്രാഥമിക അന്വേഷണം തത്കാലം നിര്‍ത്തിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ടി വരും.
സംസ്ഥാനം പ്രത്യേക അന്വേഷണം നടത്തിയതിനെ സിബിഐ എതിര്‍ക്കുമെന്നാണ് വിവരം. യുഎഇയുമായി ബന്ധപ്പെട്ട കേസായതിനാല്‍ വിജിലന്‍സിന് പരിമിതികളുണ്ടെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. സിബിഐയ്‌ക്കേ വിദേശത്ത് പോകാനും കേസ് അന്വേഷിക്കാനും സാധിക്കൂ. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയടെ മറവില്‍ കേന്ദ്രാനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ച കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു.
ലൈഫ് മിഷനാണ് കേസിലെ മൂന്നാം പ്രതി. യുണിടാക്കും സെയിന്‍ വെഞ്ചേഴ്‌സുമാണ് ഒന്നും രണ്ടും പ്രതികള്‍. വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിലെ ലംഘനം, ഗൂഡാലോചനക്കുറ്റം എന്നിവയാണ് എഫ്‌ഐആറില്‍ പ്രാഥമികമായി ചുമത്തിയിരിക്കുന്നത്. 20 കോടിയുടെ പദ്ധതിയില്‍ ഒന്‍പത് കോടിയുടെ അഴിമതി നടന്നെന്നാണ് പരാതിക്കാരനായ അനില്‍ അക്കര എംഎല്‍എയുടെ ആരോപണം.
4.25 കോടി രൂപയുടെ കമ്മീഷന്‍ സ്വപ്ന സുരേഷ് അടക്കമുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ലഭിച്ചുവെന്നത് സംസ്ഥാന മന്ത്രിസഭയിലെ ചില മന്ത്രിമാര്‍ തന്നെ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ലൈഫ് മിഷന്‍ സിഇഒ യു വി ജോസ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ ഉടന്‍ രേഖപ്പെടുത്തും.
Post Your Comments