പൊതുജനാഭിപ്രായത്തിന് മേല്‍ സമൂഹമാധ്യമങ്ങള്‍ക്കുള്ള സ്വാധീനം കണക്കിലെടുത്ത് സമൂഹമാധ്യമഇടപെടലുകള്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വിശദീകരിക്കുന്ന കൈപ്പുസ്തകം പുറത്തിറക്കി സിപിഐഎം. നവമാധ്യമങ്ങളിൽ നേതാക്കളുടെ പേജിലെ പൊങ്കാല നിയന്ത്രിക്കുന്നതിനാണ് മുഖ്യമായും മാർഗ നിർദ്ദേശമുള്ളത്. ഇതിലൂടെ രാഷ്ടീയ എതിരാളികളേക്കാള്‍ നവമാധ്യമ ഇടങ്ങളില്‍ മേല്‍ക്കൈ നേടുന്നതിനായി പ്രവര്‍ത്തകരെ സജ്ജരാക്കാനാണ് സിപിഐഎം പുസ്തകം പുറത്തിറക്കിയിരുക്കുന്നത്.
നവമാധ്യമങ്ങളിലെ പൊങ്കാലകളില്‍ നിന്നും എങ്ങനെ രക്ഷ നേടാം എന്നത് മുതല്‍ ജനങ്ങളെ എങ്ങനെ തങ്ങള്‍ക്ക് പിന്നില്‍ അണിനിരത്താം എന്നത് വരെയുള്ള കാര്യങ്ങള്‍ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. അടിയന്തരഘട്ടങ്ങളില്‍ മറ്റ് ഗ്രൂപ്പുകളുടെ സഹായം തേടാമെന്നും എതിരാളികളുടെ കമന്റുകള്‍ ശ്രദ്ധേയമാകുന്നതായി കണ്ടാല്‍ കമന്റ് നീക്കം ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
സിപിഐഎമ്മിന്റെ ജില്ല, ഏരിയ തലങ്ങളിലുള്ള നവമാധ്യമസമിതികള്ക്ക് കൈപ്പുസ്തകം വിതരണം ചെയ്യും. സമൂഹമാധ്യമഉപയോഗവുമായി ബന്ധപ്പെട്ട അടിസാഥാനകാര്യങ്ങളായ അക്കൗണ്ട് തുടങ്ങുന്നതെങ്ങനെ, അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെങ്ങനെ, പോസ്റ്റുകള്‍ അപ്ലോഡ് ചെയ്യുന്നതെങ്ങനെ എന്നിവമുതല്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത് എന്നുവരെയുള്ള കാര്യങ്ങള്‍ പുസ്തകത്തിലുണ്ട്.
പാര്‍ട്ടി നേതാക്കളുടെ പേജില്‍ ലൈക്ക്, കമന്റ്, ഷെയര്‍ എന്നിവ ചെയ്തെന്ന് ഉറപ്പുവരുത്തണമെന്ന നിര്‍ദേശവും നേതാക്കള്‍ പുസ്തകത്തിലൂടെ നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ വോട്ടിംഗില്‍ പങ്കെടുക്കാതിരിക്കുന്നതാണ് ഉചിതമെന്നും കൈപ്പുസ്തകം നിര്‍ദേശിക്കുന്നു.
Post Your Comments