ബീജിംഗ്: കോവിഡ് 19 കൈകാര്യം ചെയ്യുന്നതില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ വിമര്‍ശിച്ച ചൈനീസ് ബിസിനസുകാരന്‍ റെന്‍ ഷിക്യാങ്ങിന് 18 വര്‍ഷം തടവ് ശിക്ഷ. അഴിമതിക്കേസിലാണ് റെന്‍ ഷിക്യാങ്ങിനെ തടവിന് വിധിച്ചത്.
കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് റെന്‍ ചൈനീസ് പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ഷി ജിന്‍പിങ്ങ് കോവിഡിനെ നേരിടുന്നതില്‍ പരാജയപ്പെട്ടെന്നും കോമാളിയാണെന്നുമായിരുന്നു റെന്നിന്റെ വിമര്‍ശനം.
മാര്‍ച്ചിലാണ് ചൈനീസ് പ്രസിഡന്റിനെ വിമര്‍ശിച്ചുകൊണ്ടുളള റെനിന്റെ ലേഖനം വിവാദമാകുന്നതും റെനിനെ കാണാതാകുന്നതും. പിന്നീട് ഇദ്ദേഹത്തിനെതിരെ അഴിമതി കേസുകൾ ചുമത്തുകയായിരുന്നു.ചൈനയിലെ ജനങ്ങളുടെ സുരക്ഷിതത്വത്തേക്കാള്‍ സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ലേഖനത്തില്‍ രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചിരുന്നു.
ചൊവ്വാഴ്ച ബെയ്ജിങ്ങിലെ കോടതി റെന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. പൊതുഫണ്ടില്‍ നിന്ന് 16.3 മില്യണ്‍ ഡോളര്‍ അപഹരിച്ചു, കൈക്കൂലി സ്വീകരിച്ചു, അധികാരദുര്‍വിനിയോഗം നടത്തി എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ആരോപിച്ചിരുന്നത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്ക് 18 വര്‍ഷത്തെ തടവുശിക്ഷയും 6,20,000 ഡോളര്‍ പിഴയുമാണ് കോടതി വിധിച്ചത്. റെന്‍ കുറ്റം ചെയ്തതായി സമ്മതിച്ചുവെന്നും കോടതി അറിയിച്ചു.
Post Your Comments