ചൈനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷീ ജിൻ പിംഗിന് ആശംസ നേർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ. ചൈനയും കൈലാസവും തമ്മിലുള്ള സൗഹൃദപരമായ ബന്ധത്തിനായി ഉറ്റുനോക്കുന്നുവെന്നും ചൈനയിലെ ജനങ്ങൾക്ക് പരമശിവന്റെ അനുഗ്രഹമുണ്ടാകട്ടെയെന്നുമാണ് ട്വീറ്റിൽ പങ്കുവെച്ചിരിക്കുന്നത്.
കൈലാസയുടെ വേരിഫൈഡ് പേജിൽ നിന്നാണ് ഷീ ജിൻ പിംഗിന് ആശംസ ലഭിച്ചിരിക്കുന്നത്. ഷീ ജിൻ പിംഗിന് ആശംസയുമായി നിരവധി ലോകനേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൈലാസ എന്ന സാങ്കൽപിക രാജ്യവും ആശംസയുമായി എത്തിയത്.
‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുടേയും, ഹിന്ദുവിസത്തിന്റെ മഹാചാര്യൻ ഹിസ് ഡിവൈൻ ഹോളിനസ്സ് ഭഗവാൻ നിത്യാനന്ദ പരമശിവയുടേയും പേരിൽ ഷീ ജിൻ പിംഗിന് ആശംസ നേരുന്നു. നിങ്ങളുടെ മഹത്തായ രാജ്യവും കൈലാസവും തമ്മിലുള്ള സൗഹൃദപരമായ ബന്ധത്തിനായി ഉറ്റുനോക്കുന്നു. ചൈനയിലെ ജനങ്ങൾക്ക് പരമശിവന്റെ അനുഗ്രഹമുണ്ടാകട്ടെ’- ട്വീറ്റിൽ വ്യക്തമാക്കി.
താൻ സ്ഥാപിച്ച രാജ്യത്തിന്റെ പൗരത്വം സൗജന്യമായി നേടാമെന്ന് വ്യക്തമാക്കി നേരത്തെ നിത്യാനന്ദ രംഗത്തെത്തിയിരുന്നു. സ്വയം പ്രഖ്യാപിത ആൾദൈവവും പീഡനക്കേസ് പ്രതിയുമാണ് ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുടെ സ്ഥാപകനും പരമാധികാരിയുമായ നിത്യാനന്ദ. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ എന്നു പേരിട്ടിരിക്കുന്ന സാങ്കൽപ്പിക രാജ്യം എവിടെയാണെന്ന് വ്യക്തമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ വെർച്വലായി നിത്യാനന്ദ അനുയായികൾക്കായി പ്രത്യക്ഷപ്പെടാറുണ്ട്.
കഴിഞ്ഞ ദിവസം ഒരു യുഎൻ സമിതി യോഗത്തിൽ നിത്യാനന്ദയുടെ രാജ്യത്തിന്റെ പ്രതിനിധിയായി മാ വിജയപ്രിയ നിത്യാനന്ദ പങ്കെടുത്തത് വലിയ വാർത്തയായിരുന്നു. അതിന് പിന്നാലെയാണ് ലോകത്തെവിടെയുള്ളവർക്കും തങ്ങളുടെ രാജ്യത്തെ പൗരത്വം നേടാമെന്ന് നിത്യാനന്ദ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട ശേഷം നിത്യാനന്ദ താവളമാക്കിയ തന്നാൽ സ്ഥാപിക്കപ്പെട്ട രാജ്യമെന്ന് അവകാശപ്പെടുന്ന ദ്വീപാണ് കൈലാസ. ഇവിടെ സ്വന്തമായി നാണയം അടക്കം പരമാധികാരിയായ നിത്യാനന്ദ പുറത്തിറക്കിയിട്ടുണ്ട്. അഹമ്മദാബാദിലെ ആശ്രമത്തിൽ അനധികൃതമായി സ്ത്രീകളെ തടവിൽ പാർപ്പിച്ചുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് നിത്യാനന്ദ 2020ൽ രാജ്യം വിട്ടത്.
Post Your Comments