കൊല്‍ക്കത്ത : വിദ്യാഭ്യാസ വകുപ്പിന്റെ ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയ മദ്‌റസ അധ്യാപകര്‍ക്ക് ഗസ്റ്റ് ഹൗസില്‍ മുറി നിഷേധിച്ചു. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് പ്രദേശത്തെ സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്‌റസകളിലെ 10 അധ്യാപകര്‍ക്ക് താമസ സൗകര്യം നിഷേധിച്ചത്. ഇവരില്‍ എട്ടുപേര്‍ മാല്‍ഡയിലെ വിവിധ മദ്‌റസകളിലെ പ്രധാനാധ്യാപകരാണ്. സംഭവത്തില്‍ അധ്യാപകര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മതപരമായ കാരണങ്ങളാല്‍ അതിഥികളോട് വിവേചനം കാണിച്ചെന്നാരോപിച്ച് സിഎല്‍ 164 ഗസ്റ്റ്ഹൗസിലെ മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്തതായി ബിധന്നഗര്‍ പോലിസ് കമ്മീഷണറേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഗസ്റ്റ്ഹൗസില്‍ അധ്യാപകര്‍ക്ക് മുന്‍കൂട്ടി ബുക്കിങ് ഉണ്ടായിരുന്നു. എന്നാല്‍, അധ്യാപകര്‍ രാവിലെ ഇവിടെയെത്തിയപ്പോള്‍ ആദ്യം അവരെ മൂന്ന് മണിക്കൂറോളം കാത്തിരിക്കാന്‍ പറഞ്ഞു. തുടര്‍ന്ന് ഒരു മണിക്കൂര്‍ ചെക്ക് ഇന്‍ കഴിഞ്ഞപ്പോള്‍ മുറികള്‍ വിട്ട് മറ്റൊരു അതിഥിമന്ദിരത്തിലേക്ക് പോവാന്‍ ആവശ്യപ്പെടുകയും താമസ സൗകര്യം നിഷേധിക്കുകയുമായിരുന്നുവെന്ന് കൊല്‍ക്കത്ത പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കി. മതം കാരണം തങ്ങള്‍ക്ക് മുറി നിഷേധിച്ചതായി അധ്യാപകര്‍ പോലിസിന് പരാതി നല്‍കിയപ്പോള്‍ ഗസ്റ്റ് ഹൗസ് ഉടമ ആരോപണം നിഷേധിക്കുകയും ഇതൊരു തെറ്റിദ്ധാരണ മാത്രമാണെന്ന് പറയുകയും ചെയ്തു. പശ്ചിമ ബംഗാളിലെ മദ്‌റസ അധ്യാപകരുടെ കൂട്ടായ്മയായ ശിക്ഷക് ഓക്യോ മുക്തോ മഞ്ചും പോലിസില്‍ പരാതി നല്‍കി.
Post Your Comments