Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ഭര്‍ത്താവിന്റെ ചൊല്‍പ്പടിക്ക് നിന്നില്ലെങ്കില്‍ നരകത്തില്‍ പോകും, ഭാര്യമാരെ മൊഴി ചൊല്ലാം: ഇതാണ് അവിടെ പഠിപ്പിക്കുന്നത്

എറണാകുളം: മതമൗലിക വാദികളുടെ ശക്തമായ എതിര്‍പ്പ് ഉണ്ടാകുമെന്നറിഞ്ഞു കൊണ്ടു തന്നെ മദ്രസ പഠന കാലത്ത് താന്‍ നേരിട്ട അനുഭവങ്ങള്‍ പങ്കുവെച്ച് എഴുത്തുകാരി സജ്‌ന ഷാജഹാന്‍. മദ്രസ പഠനകാലത്താണ് ഏറ്റവുമധികം അന്ധവിശ്വാസങ്ങള്‍ തലച്ചോറില്‍ ശേഖരിക്കപ്പെടുന്നതെന്ന് സജ്‌ന പറയുന്നു. ഓത്തുപള്ളിക്കാലത്ത് കുട്ടികള്‍ മാനസികമായി വളരുകയല്ല, അങ്കലാപ്പിലാവുകയാണ് ചെയ്യുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി . ഭര്‍ത്താവിന്റെ ചൊല്‍പ്പടിക്ക് നിന്നില്ലെങ്കില്‍ നരകത്തില്‍ പോകുമെന്നും അനുസരണക്കേട് കാണിച്ചാല്‍ യാതൊരു മുന്നറിയിപ്പും കൂടാതെ അയാള്‍ക്കവളെ മൊഴി ചൊല്ലാമെന്നും പറഞ്ഞു പേടിപ്പിക്കുന്നവരാണ് മതാദ്ധ്യാപകരെന്നും സജ്‌ന പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ മദ്രസാ പഠനത്തിലെ വികലതകള്‍ ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയത്.

Read Also: ലാഭമെടുപ്പിൽ ഉലഞ്ഞ് ആഭ്യന്തര സൂചികകൾ, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

‘പത്തു പതിനേഴു വര്‍ഷം മുമ്പാണ്, സ്‌ക്കൂള്‍ ബസിന്റെ സമയവും മദ്രസയുടെ സമയവും ഒത്തു വരാതിരുന്നതിനാലാണ് മോളുടെ മദ്രസ പഠനം നാലാം ക്ലാസില്‍ വച്ചു നിര്‍ത്തിയത്. പിന്നീട് ഒരു ഉസ്താദ് വൈകുന്നേരം വീട്ടില്‍ വന്നു പഠിപ്പിക്കുകയായിരുന്നു. സിറ്റൗട്ടില്‍ എനിക്കുകൂടി കാണാവുന്ന വിധത്തിലിരുന്നാണ് പഠിപ്പിച്ചിരുന്നത്. ഒരു മാസത്തോളം പ്രശ്നമൊന്നുമില്ലാതെ പോയി. ഒരു ദിവസം നോക്കിയപ്പോള്‍ സിറ്റൗട്ടില്‍ മോളെയും ഉസ്താദിനെയും കാണാനില്ല! നീളന്‍ വരാന്തയുടെ പടിഞ്ഞാറെയറ്റത്ത്, പെട്ടെന്ന് ശ്രദ്ധിക്കപ്പെടാത്ത ഇടത്തേക്ക് പഠിപ്പിക്കല്‍ മാറ്റിയിരിക്കുകയാണ്. എനിക്ക് വര്‍ക്ക് ഏരിയയുടെ പുറത്തുള്ള ഇറക്കോലായയില്‍ നിന്നാല്‍ പുതിയ ഇടം കാണാമെന്ന കാര്യം ഉസ്താദറിഞ്ഞില്ല. ഒമ്പത് വയസ് തികഞ്ഞിട്ടില്ലാത്ത മകളെ മടിയിലിരുത്തി പഠിപ്പിക്കാന്‍ ശ്രമിക്കുകയാണയാള്‍. ഞാന്‍ ചെയറിലിരുന്നോളാം എന്നവള്‍ പറയുന്നത് കേള്‍ക്കാത്ത ഭാവത്തില്‍ നിര്‍ബന്ധിക്കുന്നുമുണ്ട്’.

‘എന്താ ഇരിപ്പ് ഇങ്ങോട്ട് മാറ്റിയേ ? എന്നു ചോദിച്ച് ഞാന്‍ അവിടേക്ക് ചെന്നപ്പോ അങ്ങേരുടെ മുഖത്തെ ചോര മുഴുവനും വാര്‍ന്നു പോയ പോലെ നിന്നത് ഇപ്പോഴും ഓര്‍മ്മയുണ്ട്.ഒന്നൂല്ല. ഇവടെ നല്ല കാറ്റ് ഉണ്ടല്ലോ എന്നൊരു മുട്ടാപ്പോക്ക് മറുപടി ഒരുളുപ്പുമില്ലാതെ പറഞ്ഞു അയാള്‍. ഇവിടെ വല്ലാത്ത വെയിലും ഉണ്ടല്ലോ എന്നു ഞാന്‍ പറഞ്ഞത് കേള്‍ക്കാത്ത മട്ടില്‍ ഒരു നില്‍പ്പും’.

‘ഉസ്താദ് എന്നെ പിടിച്ചു വലിച്ച് മടിയില്‍ ഇരുത്താന്‍ try ചെയ്യാണ് മമ്മാ. പിന്നെ kiss തരട്ടേന്നും ചോദിച്ചു എന്ന് ഒരു മടിയുമില്ലാതെ മകള്‍ പറയുക കൂടി ചെയ്തപ്പോള്‍ അയാള്‍ തലയും കുമ്പിട്ട് ഇറങ്ങിപ്പോകാന്‍ തുനിഞ്ഞു. ഞാന്‍ നാളെ വരാ. ഇന്ന് ഞ്ഞിപ്പോ പഠിപ്പിക്കല്‍ നടക്കൂല എന്ന് വിറച്ചു കൊണ്ട് പറയുന്നുമുണ്ട്. നാളെയെന്നല്ല, താനിനി ഈ വഴിക്കേ വരണ്ട. പഠിപ്പിക്കേം വേണ്ട എന്നു ഞാന്‍ തീര്‍ത്തു പറഞ്ഞു. ഗള്‍ഫില്‍ ആയിരുന്ന ഭര്‍ത്താവിനോട് വിളിച്ചു പറഞ്ഞു പള്ളിക്കമ്മറ്റിയില്‍ പരാതി കൊടുത്തിട്ടാണ് അന്ന് അങ്ങേരെ ഈ നാട്ടില്‍ നിന്നും പറഞ്ഞു വിട്ടത്. അയാള്‍ ഇവിടെ നിന്നും പോയതിനു ശേഷം സമാന അനുഭവങ്ങള്‍ പലരും പങ്കു വച്ചു’.

‘ദീന്‍ പഠിപ്പിക്കണ മൊയ്‌ല്യാരല്ലേ. നമ്മള് വല്ലതും പറഞ്ഞാല്‍ പടച്ചോന്‍ നമ്മളെ ശിഷിച്ചാലോ എന്നു വിചാരിച്ച് മിണ്ടാണ്ടിരുന്നതാ എന്നായിരുന്നു അവരുടെ ന്യായീകരണം! അവരോടൊക്കെ ഞാന്‍ എന്തു പറയാനാണ്? അറിവില്ലായ്മയും ഭയവും മൂലം ഇന്നും ഇരുട്ടില്‍ ജീവിക്കുന്ന പാവങ്ങള്‍. ദൈവത്തിന്റെ പ്രതിപുരുഷന്മാരും സ്വര്‍ഗ്ഗത്തിന്റെ കാവല്‍ക്കാരുമാണെന്ന് തെറ്റിദ്ധരിപ്പിച്ച് മതഗ്രന്ഥങ്ങള്‍ മുന്‍നിര്‍ത്തി നിസ്സഹായരുടെ അജ്ഞതയുടെയും ഭക്തിയുടെയും തണലില്‍ പതിയിരുന്ന് ഇരതേടുന്ന കഴുകന്മാര്‍ക്കു മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ ഒരു കാലത്തും അവര്‍ ശക്തരായിരുന്നില്ല.

‘ഏകദേശം ഇതേ കാലഘട്ടത്തില്‍ തന്നെയാണ് ചെന്നൈയിലുള്ള കസിന്റെ മകള്‍ അവളെ പഠിപ്പിക്കാന്‍ വന്ന ഉസ്താദിനിട്ടൊരു മുട്ടന്‍ പണി കൊടുത്തത്. വെറും എട്ടു വയസ്സുകാരിയാണ്. പക്ഷേ അഭിമാനം എല്ലാവര്‍ക്കും ഒരുപോലെയല്ലേ? കസിനും ഭര്‍ത്താവും കുട്ടികളും അന്ന് ഫ്ളാറ്റിലാണ് താമസം. ഉസ്താദിനൊരു പ്രത്യേക സ്വഭാവമുണ്ടത്രേ. കുടിക്കാന്‍ കൊടുക്കുന്ന ചായ അറിയാതെയെന്നോണം ഒരല്പം ടീപോയിലും മറ്റും കളയും. സ്വാഭാവികമായും ഉടുമുണ്ടിലും അല്പം ചായ വീഴും. ഇത് കുട്ടിയെകൊണ്ട് തുടപ്പിയ്ക്കും. അടുത്ത ഫ്ളാറ്റിലെ കുട്ടികളും പഠിക്കാന്‍ വരുന്നുണ്ടെങ്കിലും ടീപോയും ഉസ്താദിന്റെ കാലിന്റെ തുടയും വൃത്തിയാക്കേണ്ട ജോലി എന്നും ആഫ്രയ്ക്കാണ്. രണ്ടു മൂന്നു ദിവസം പ്രസ്തുത ജോലി മടിയോടെയാണെങ്കിലും അവള്‍ ചെയ്തു. ഉമ്മയോട് പരാതി പറഞ്ഞെങ്കിലും ഉമ്മ പേടിച്ചിട്ട് സാരല്ല മോളേ ഇനി അങ്ങനെ ചെയ്താ ഉമ്മ ചോദിച്ചോളാം എന്നു പറയുക മാത്രമേ ചെയ്തുള്ളൂ. ആ ഉറപ്പില്‍ അത്ര വിശ്വാസമില്ലാഞ്ഞതു കൊണ്ടാവാം, നാലാം ദിവസവും ഉസ്താദ് ചായ കളഞ്ഞപ്പോള്‍ കുട്ടി മറ്റൊന്നും ആലോചിച്ചില്ല, ഉസ്താദിന്റെ തലയിലെ തൊപ്പി വലിച്ചൂരി ടീപോയും നിലവും വൃത്തിയാക്കി. വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു അത്. അസോസിയേഷന്‍ ഇടപെട്ടു. ഒരു കാരണവുമില്ലാതെ അദ്ധ്യാപകനെ പ്രകോപിപ്പിച്ചു എന്ന രീതിയിലായിരുന്നു കാര്യങ്ങള്‍ പോയത്. പക്ഷേ കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ ഒരു മടിയും കൂടാതെ അവള്‍ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞു. ഉസ്താദിന്റെ കാല് ക്ളീന്‍ ചെയ്യുമ്പോ എന്റെ കൈയില്‍ ഉസ്താദ് ഇറുക്കെ പിടിക്കും അപ്പൊ എനിക്ക് വേദനിക്കും, എന്നു കൂടി അവള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ അസോസിയേഷന്റെ തലപ്പത്തിരിക്കുന്നവര്‍ക്ക് ഉത്തരം മുട്ടി. അയാളെ പിന്നീട് എന്തു ചെയ്‌തെന്ന് അറിയില്ല. പക്ഷേ അവരുടെ ഫ്ളാറ്റിലേക്ക് പിന്നീട് അയാളെ പ്രവേശിപ്പിക്കുകയോ ആഫ്ര അയാളുടെയടുത്ത് പഠനം തുടരുകയോ ചെയ്തില്ല’.

‘ഈ കുട്ടികള്‍ രണ്ടു പേരും പിന്നീടും ദീന്‍ പഠിച്ചിട്ടുണ്ട്. ഖുര്‍ആന്‍ ഓതാനറിയാം നമസ്‌കാരം നല്ല രീതിയില്‍ നിര്‍വ്വഹിക്കാനറിയാം. (പലപ്പോഴും കൃത്യമായി ചെയ്യാറില്ലെന്നത് സത്യം.) പക്ഷേ ഉസ്താദ് പടച്ചോനാണ് എന്നവര്‍ തീരെ വിശ്വസിക്കില്ല. അവരെ വളര്‍ത്തി വലുതാക്കിയവര്‍ക്കും ആ വിശ്വാസം ഇല്ല. ദര്‍സില്‍പോയുള്ള മത പഠനം ആരും അംഗീകരിക്കുന്നുമില്ല’.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മരണപ്പെട്ട പെണ്‍കുട്ടി നിസ്സഹായതയുടെ ഏതറ്റത്തു നിന്നിട്ടാവും വീട്ടിലേക്കു വിളിച്ചിട്ടുണ്ടാവുക? അനാവശ്യമായി നമ്മളിലേക്കെത്തുന്ന ഒരു നോട്ടം പോലും അറപ്പുളവാക്കുന്നതാണെന്നിരിക്കെ എത്ര മാത്രം ശ്വാസംമുട്ടി പിടഞ്ഞു കാണും അവള്‍. വൃത്തികെട്ട നോട്ടവും സ്പര്‍ശവും പെണ്‍കുട്ടികളെ ആജീവനാന്ത ട്രോമയിലേക്ക് തന്നെ തള്ളിയിടുമെന്ന് ആര്‍ക്കാണറിയാത്തത്? ചൈല്‍ഡ് ഹെല്‍പ് ലൈനുകള്‍ നാടുനീളെ സദാ പ്രവര്‍ത്തനനിരതമായിരുന്നിട്ടും എന്തു കൊണ്ടാണ് മതപഠനത്തിന്റെ മറവില്‍ പെണ്‍കുട്ടികള്‍ ഇങ്ങനെ കൊല ചെയ്യപ്പെടുന്നത്? ഫറവോന്റെ പിന്മുറക്കാരായ മതാദ്ധ്യാപകര്‍ വീണ്ടും വീണ്ടും സംരക്ഷിക്കപ്പെടുന്നത്? അല്ലെങ്കില്‍ തന്നെ ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അതേ കൃത്യതയോടെയും സത്യസന്ധതയോടെയുമാണോ ഈ അദ്ധ്യാപകര്‍ പഠിപ്പിക്കാറുള്ളത്? ഏറ്റവുമധികം അന്ധവിശ്വാസങ്ങള്‍ തലച്ചോറില്‍ ശേഖരിക്കപ്പെടുന്നത് മദ്രസ പഠനകാലത്താണ്. കുട്ടികള്‍ മാനസികമായി വളരുകയല്ല, അങ്കലാപ്പിലാവുകയാണ് ചെയ്യുന്നത് ഓത്തുപള്ളിക്കാലത്ത്. ഭര്‍ത്താവിന്റെ ചൊല്‍പ്പടിക്ക് നിന്നില്ലെങ്കില്‍ നരകത്തില്‍ പോകുമെന്നും അനുസരണക്കേട് കാണിച്ചാല്‍ യാതൊരു മുന്നറിയിപ്പും കൂടാതെ അയാള്‍ക്കവളെ മൊഴി ചൊല്ലാമെന്നും പറഞ്ഞു പേടിപ്പിക്കുന്ന മതാദ്ധ്യാപകര്‍, ഇഷ്ടമില്ലാത്ത ദാമ്പത്യത്തില്‍ നിന്നും പെണ്‍കുട്ടിക്ക് സ്വമേധയാ ഇറങ്ങിപ്പോകാനുള്ള നിയമവും ഉണ്ടെന്ന് എന്തു കൊണ്ട് പറഞ്ഞു കൊടുക്കുന്നില്ല?’

 

‘സുന്നത്തു കര്‍മ്മത്തിന്റെ പ്രാക്റ്റിക്കല്‍ വശം കാണിച്ചു കൊടുക്കാന്‍ മുതിര്‍ന്ന മൊയ്ല്യാരോട് എന്റെ സുന്നത്ത് കഴിഞ്ഞതാണ് ഉസ്താദേ എന്നു കരഞ്ഞു പറഞ്ഞ പയ്യനെ, ന്നാ ഇന്റതും അന്റതും വ്യത്യാസംണ്ടോന്നൊന്ന് നോക്കട്ടെ എന്നു നിര്‍ബന്ധിച്ച കാടത്തത്തെ എന്തു പറഞ്ഞാണ് വിമര്‍ശിക്കേണ്ടത്? ഇത്രയൊക്കെയായിട്ടും വീണ്ടും വീണ്ടും മതം പഠിക്കാന്‍ ഇത്തരം സ്ഥാപനങ്ങളിലേക്ക് സ്വന്തം കുട്ടികളെ നടതള്ളുന്ന മാതാപിതാക്കള്‍ക്കെതിരെയാണ് ആദ്യം നടപടിയെടുക്കേണ്ടത്. ഇസ്ലാമിക ശരീഅഃത്തും നബിചര്യയും പിന്‍പറ്റുന്നവരാണത്രെ മതപണ്ഡിതന്‍മാര്‍. കട്ടവന്റെ കൈ വെട്ടുന്നതും വ്യഭിചാരിയെ കല്ലെറിയുന്നതും നബിയുടെ കാലത്തെ ശിക്ഷാരീതികളായിരുന്നു. അതെന്തുകൊണ്ടാണ് നിങ്ങള്‍ പിന്തുടരാത്തത്? കള്ളന്മാര്‍ കപ്പലില്‍ തന്നെ ഇരിക്കുന്ന കാലത്തോളം, ആര് ആരെ ശിക്ഷിക്കാന്‍. അല്ലേ?’

‘ഒരു കുഞ്ഞും ഈ ഭൂമിയില്‍ സുരക്ഷിതല്ല. ഡോക്ടര്‍ വന്ദന ദാസിനെ ഡ്യൂട്ടിക്കിടെ കൊല ചെയ്തതും ഒരു അദ്ധ്യാപകന്‍ തന്നെയല്ലേ? ഇതെല്ലാം കണ്ടും കേട്ടും ഇന്നാട്ടിലെ യുവജന കമ്മീഷനും വനിതാ കമ്മീഷനും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുമൊക്കെ ഇവിടെത്തന്നെയുണ്ടല്ലോ, അല്ലേ? പ്രിയപ്പെട്ട കുഞ്ഞുങ്ങളെ, കരാട്ടെയും കളരിപ്പയറ്റും പഠിച്ചതു കൊണ്ട് മാത്രം കാര്യമായില്ല, ഇതുപോലെയുള്ള അസുരജന്മങ്ങളെ നാക്കു കൊണ്ട് നേരിടാനും നിങ്ങള്‍ കരുത്തരാകണം. ഇഷ്ടമില്ലാത്ത തരത്തില്‍ ഒരു സ്പര്‍ശനം ഏല്‍ക്കുമ്പോള്‍ തന്നെ ഉറക്കെ പ്രതികരിക്കാന്‍ നിങ്ങള്‍ സന്നദ്ധരാകണം. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ക്കു നേരെ തിരിഞ്ഞൊന്നു കുരച്ചെന്നു കരുതി ഒരു പടച്ചോനും നിങ്ങളെ നരകത്തില്‍ കൊണ്ടിടുകയില്ല. സ്വന്തം ജീവന്‍ തുലഞ്ഞുപോകും വിധമുള്ള മത പഠനം കൊണ്ട് നിങ്ങളും നിങ്ങളുടെ വീട്ടുകാരും എന്താണ് നേടാന്‍ പോകുന്നത്? ഇവരൊന്നും സ്വയം വിശ്വസിക്കാത്തതും സ്വന്തം അധമവികാരപൂര്‍ത്തീകരണത്തിനു വേണ്ടി, ഉണ്ടെന്ന് നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതുമായ സ്വര്‍ഗ്ഗമോ?ദൈവത്തിലേക്കെത്താന്‍ നമുക്ക് വേണ്ടത് ശുദ്ധമായ മനസ്സും പ്രവര്‍ത്തികളുമാണ്. സ്വയം ഇടനിലക്കാരാകുന്നവരുടെ ഇത്തരം പീഡനങ്ങളല്ല’.

shortlink

Related Articles

Post Your Comments

Related Articles


Back to top button