കൊച്ചി: ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്ററുകൾ ഇനി സബ് ലെഫ്റ്റനന്റുമാരായ കുമുദിനി ത്യാഗിയും റിതി സിങും പറത്തും. രാജ്യം ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കും. ദക്ഷിണ നാവികസേനാ ആസ്ഥാനമായ കൊച്ചി നേവല്‍ ബേസില്‍ നിന്നാണ് ഇവര്‍ ഒബ്‌സെര്‍വര്‍മാരായി പരിശീലനം പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ നാവികസേനയില്‍ ആദ്യമായാണ് വനിതാ ഓഫിസര്‍മാര്‍ യുദ്ധക്കപ്പലുകളിലേക്കു നിയോഗിക്കപ്പെടുന്നത്. നാവിക സേനയുടെ യുദ്ധക്കപ്പലുകളില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ഹെലികോപ്ടറുകളിലാണ് ഇവര്‍ക്ക് നിയമനം ലഭിച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം ഒബ്സര്‍വര്‍ പരിശീലനം പൂര്‍ത്തിയാക്കിയ മലയാളി ക്രീഷ്മയും അഫ്നാന്‍ ഷെയ്ഖും നാവികസേനയിലെ നിരീക്ഷണ വിമാനങ്ങള്‍ പറത്താന്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്.
2018ല്‍ നാവിക സേനയില്‍ ചേര്‍ന്ന കുമുദിനിയും റിതിയും ഏഴിമല നാവിക അക്കാദമിയില്‍ ഒരു വര്‍ഷത്തെ പരിശീലനത്തിനു ശേഷമാണ് കൊച്ചിയിലെത്തിയത്. 60 മണിക്കൂര്‍ പറക്കല്‍ പരിശീലനം ഇരുവരും പൂര്‍ത്തിയാക്കി. ഇരുവരും കംപ്യൂട്ടര്‍ സയന്‍സ് ബിടെക്കുകാരാണ്. തിങ്കളാഴ്ച ഐഎന്‍എസ് ഗരുഡയില്‍ നടന്ന ചടങ്ങില്‍ റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ് ഉദ്യോഗസ്ഥര്‍ക്ക് ‘വിങ്‌സ്’ നല്‍കി. നേവല്‍ ബേസിലെ അക്കാദമയില്‍ നിന്ന് ഒബ്‌സെര്‍വര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ 17 പേരുടെ ബാച്ചിലാണ് കുമുദിനിയും റിതിയുമുള്ളത്.
Reade Also: റഫേല്‍ പറത്താന്‍ ഇനി വനിത പൈലറ്റ്
എന്നാൽ ഇതുവരെ ഫിക്‌സഡ് വിങ് എയര്‍ക്രാഫ്റ്റുകളില്‍ മാത്രമാണ് വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നത്. ഈ തീരുമാനത്തില്‍ മാറ്റമുണ്ടായതോടെയാണ് കുമുദിനിയും റിതിയും ചരിത്രത്തിലേക്ക് ചുവടുവെക്കുന്നത്. നേവിയുടെ ഏറ്റവും പുതിയ എംഎച്ച്-60 ആര്‍ ഹെലികോപ്ടറാണ് ഇരുവരും പറത്തുക.
ഹൈദരാബാദ് സ്വദേശിയായ റിതി സിങ്ങിന്റെ പിതാവ് നാവികസേനയില്‍ ഉദ്യോഗസ്ഥനാണ്. മുത്തച്ഛന്‍ കരസേനയില്‍ നിന്നു വിരമിച്ചയാളാണ്. കുടുംബത്തിലെ സൈനിക പശ്ചാത്തലവും നാവികസേനയിലെ അവസരങ്ങളും പറക്കാനുള്ള ആഗ്രഹവുമൊക്കെയാണു നാവികസേനയില്‍ ചേരുന്നതിനു പ്രേരണയായതെന്നു റിതി പറഞ്ഞു.
Post Your Comments