പാനൂര്‍: പാലത്തായി പീഡനക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് നേതാക്കൾ രംഗത്ത്. ഷാനിമോള്‍ ഉസ്മാന് എം.എല്‍.എയും കൊല്ലം ഡി.സി.സി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണയും ഉൾപ്പെടുന്ന മഹിള കോൺഗ്രസ് നേതാക്കളാണ് കേസിൽ സത്യസന്ധമായ പുനരന്വേഷണം ആവശ്യപ്പെട്ടത്.
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തി കുട്ടിയുമായും ബന്ധുക്കളുമായും സംസാരിച്ചതിനുശേഷം വാര്‍ത്തസമ്മേളനത്തിലാണ് ഇരുവരും ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്കേസ് അട്ടിമറിക്കാനുള്ള ശ്രമം ആദ്യം മുതല്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായതായി മഹിള കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
അശ്ലീല ചോദ്യങ്ങള്‍ ചോദിച്ച് കൗണ്‍സലിങ്ങിന് വന്നവര്‍ മാനസികമായി പീഡിപ്പിച്ചെന്നാണ് കുട്ടിയില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. മൊഴിയെടുക്കാത്ത ദിവസങ്ങളില്‍ പോലും മൊഴിയെടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ കുട്ടിയെ സഹായിക്കാന്‍ വന്ന പലരും പിന്നീട് മാനസികമായി പീഡിപ്പിച്ചെന്നും കേസ് വഴിതെറ്റിക്കാനാണ് ശ്രമിച്ചതെന്നും നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. വനിത ശിശുക്ഷേമ മന്ത്രിയുടെ മണ്ഡലമായിട്ടുപോലും കഴിഞ്ഞ ആറ് മാസത്തിനിടെ ഒരുതവണ പോലും മന്ത്രി കുട്ടിയെ സന്ദര്‍ശിക്കാത്തത് ദുരൂഹമാണെന്ന് ഇവർ ചൂണ്ടിക്കാട്ടി.
കുട്ടിയുടെ വക്കീലുമായി സംസാരിക്കുകയും കുട്ടിയുടെ തുടര്‍പഠനത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യുമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ ഗതി ഈ കേസിനും ഉണ്ടാവാതിരിക്കാന്‍ മഹിള കോണ്‍ഗ്രസ് ഈ കേസില്‍ ഇടപെടുമെന്നും നേതാക്കൾ പറഞ്ഞു. പൊലീസും സര്‍ക്കാറും ചേര്‍ന്ന് കേസ് അട്ടിമറിക്കുകയാണെന്ന വ്യക്തമായ വിവരങ്ങളാണ് കുട്ടിയില്‍ നിന്നും ബന്ധുക്കളില്‍നിന്നും തങ്ങള്‍ക്ക് ലഭിചെന്നും മഹിള കോൺഗ്രസ് വ്യക്തമാക്കി.
എന്നാൽ കേസ് പുനരന്വേഷണം നടത്തി പെണ്‍കുട്ടിക്ക് നീതി ലഭിക്കുംവരെ പോരാടുമെന്നും ഇരുവരും പറഞ്ഞു. കണ്ണൂര്‍ മുന്‍ മേയര്‍ സുമ ബാലകൃഷ്ണന്, പാനൂര്‍ നഗരസഭ ചെയര്പേഴ്സന് ഇ.കെ. സുവര്‍ണ, വൈസ് ചെയര്പേഴ്സന് കെ.വി. റംല, നിഷിത, ജിഷ വള്ള്യായി, പ്രീത അശോക്, ഷിബിന എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Post Your Comments