Kerala

പഞ്ചസാരലായനിയും അരിയും ഭക്ഷണം: എല്ലുംതോലുമായ ശരീരത്തിൻ്റെ ഭാരം 21കിലോ: പട്ടിണിക്കിട്ട് കൊല, തുഷാര കേസിൽ ഇന്ന് ശിക്ഷ

കൊല്ലം: പൂയപ്പള്ളിയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഇന്ന് ശിക്ഷാ വിധി. കരുനാഗപ്പള്ളി സ്വദേശിയായ തുഷാര മരിക്കാൻ കാരണം ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിയുമാണെന്ന് കൊല്ലം അഡീഷണൽ ജില്ലാ ജഡ്ജി വിധിച്ചിരുന്നു. ഭക്ഷണം നൽകാതെ അതിക്രൂരമായാണ് 28 കാരിയായ തുഷാരയെ ഇരുവരും കൊലപ്പെടുത്തിയത്. മനുഷ്യ മനസാക്ഷിയെ മുറിവേൽപ്പിച്ച കൊടുംക്രൂരതയ്ക്ക് കൊല്ലം അഡീഷണൽ ജില്ലാ ജഡ്ജ് ഇന്ന് ശിക്ഷ വിധിക്കും.

2019മാർച്ച് 21ന് രാത്രിയിലായിരുന്നു 28 കാരിയായ തുഷാര മരണപ്പെട്ട കാര്യം പുറം ലോകം അറിഞ്ഞത്. രാത്രി ഒരു മണിക്ക് കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിയ തുഷാരയുടെ അച്ഛനും അമ്മയും, സഹോദരനും, ബന്ധുക്കളും കണ്ടത് ശോഷിച്ച മൃതദേഹമായിരുന്നു. പോസ്റ്റ് മോർട്ടത്തിൽ ക്രൂര കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞു. ആമാശയത്തിൽ ഭക്ഷണത്തിൻ്റ അംശം പോലുമില്ല. വയർ ഒട്ടി വാരിയല്ല് തെളിഞ്ഞിരുന്നു. മാംസമില്ലാത്ത ശരീരത്തിൻ്റെ ഭാരം വെറും 21 കിലോ മാത്രമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ തുഷാരയെ ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും ചേർന്ന് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു.

2013ലായിരുന്നു തുഷാരയുടെയും ചന്തു ലാലിൻ്റെയും വിവാഹം. സ്ത്രീധനത്തിൻ്റെ പേരിൽ മൂന്നാം മാസം മുതൽ തുഷാരയെയും കുടുംബത്തെയും ഭർത്താവും അമ്മയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ആ പീഡനം അവസാനിച്ചത് തുഷാരയുടെ മരണത്തിലായിരുന്നു. തുഷാരയെ സ്വന്തം കുടുംബവുമായി സഹകരിക്കാൻ പ്രതികൾ സമ്മതിച്ചിരുന്നില്ല. തുഷാരയ്ക്ക് 2 പെൺകുട്ടികൾ ജനിച്ചിരുന്നു. കുട്ടികളെ പോലും തുഷാരയുടെ വീട്ടുകാരെ കാണാൻ അനുവദിച്ചിരുന്നില്ല. തുഷാരയ്ക്ക് അവരുടെ കുഞ്ഞുങ്ങളെ ലാളിക്കാനുള്ള അനുവാദം പോലും ഭർത്താവും ഭർതൃമാതാവും നൽകിയിരുന്നില്ല.

മകളെ നഴ്സറിയിൽ ചേർക്കുന്ന സമയം കുട്ടിയുടെ അമ്മയെക്കുറിച്ച് ചോദിച്ച അധ്യാപകരോട് ഭാര്യ കിടപ്പുരോഗിയാണെന്നാണ് ചന്തുലാൽ പറഞ്ഞത്. ഭാര്യയുടെ പേരിന്റെ സ്ഥാനത്ത് അമ്മയുടെ പേരായ ഗീത എന്ന പേരായിരുന്നു ചന്തുലാൽ നൽകിയത്. ശാസ്ത്രീയമായ തെളിവുകൾ കൂടാതെ അയൽക്കാരുടെയും തുഷാരയുടെ മൂന്നര വയസ്സുള്ള കുട്ടിയുടെയും അധ്യാപികയുടെയും മൊഴിയാണ് പ്രതികളെ കുറ്റക്കാരെന്ന് വിധിക്കുന്നതിൽ നിർണായകമായത്. കൊല നടന്ന ആറ് വർഷം പിന്നിടുമ്പോഴാണ് ഇന്ന് കൊല്ലം അഡീഷണൽ ജില്ലാ കോടതിയിൽ നിന്ന് വിധി വരാൻ പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button