തിരുവനന്തപുരം: കോവിഡ് രോഗമുള്ള അതിഥിത്തൊഴിലാളികളെക്കൊണ്ടു ജോലികൾ ചെയ്യിപ്പിക്കാമെന്ന കേരള സർക്കാരിന്റെ ഉത്തരവ് വിവാദത്തിൽ. കോവിഡ് ഉള്ളവർ ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥ ലോകത്താകെ നടപ്പാക്കുമ്പോഴാണു വ്യവസായ വകുപ്പിന്റെ നിർദേശപ്രകാരം പൊതുഭരണവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സത്യജിത് രാജൻ വ്യത്യസ്ഥമായ ഉത്തരവു പുറപ്പെടുവിച്ചത്.
ലക്ഷണങ്ങളില്ലാതിരിക്കെ കോവിഡ് സ്ഥിരീകരിച്ചവരെ ജോലിക്കു നിയോഗിക്കാമെന്ന ഉത്തരവാണ് പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ചത്. വൈറസ് ബാധിതരെ മറ്റുള്ളവരുമായി ഇടപഴകാൻ അനുവദിക്കരുത്. ലക്ഷണമില്ലാത്ത കോവിഡ് ബാധിതരിൽ നിന്നു മറ്റുള്ളവർക്ക് വൈറസ് പകരാതിരിക്കാൻ അവരെ ഒരുമിച്ചു ജോലിക്കു നിയോഗിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി. ലക്ഷണങ്ങലുണ്ടെങ്കിലോ അല്ലാതെയോ കോവിഡ് സ്ഥിരീകരിച്ചാൽ 10 ദിവസം ക്വാറന്റീനിൽ കഴിയണമെന്നും തുടർന്ന് ആന്റിജൻ പരിശോധന നടത്തുമ്പോൾ വൈറസ് ബാധയില്ലെന്നു കണ്ടെത്തിയാലും 7 ദിവസം കൂടി ക്വാറന്റീനിൽ കഴിയണമെന്നാണ് സർക്കാരിന്റെ പൊതു ഉത്തരവ്.
Read Also: അതിഥിത്തൊഴിലാളികള്‍ക്ക് ഇനി സൗജന്യ ചികിത്സ
കരാറുകാരുടെ സമ്മർദത്തെത്തുടർന്നാണു തീരുമാനമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സംസ്ഥാനത്ത് എത്തുന്ന അതിഥിതൊഴിലാളികൾ 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥയ്ക്കു മാറ്റമില്ല. ഇതിന്റെ ചെലവ് കരാറുകാർ വഹിക്കണം. തൊഴിലാളികൾക്ക് കോവിഡ് ബാധിച്ചാൽ വീണ്ടും പണം മുടക്കേണ്ടിവരുമെന്നു മനസ്സിലാക്കിയതിനെ തുടർന്നാണ് കരാറുകാർ സർക്കാരിനെ സ്വാധീനിച്ച് കോവിഡ് ബാധിതരെക്കൊണ്ടു ജോലി ചെയ്യിക്കാമെന്ന ഉത്തരവ് ഇറക്കിയത്.
Post Your Comments