തിരുവനന്തപുരം•അതിഥിത്തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട എല്ലാ ആനുകൂല്യങ്ങളും അവരിലേക്കെത്തിക്കുന്നതിന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്ന് തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഭാഷയും നടപടിക്രമങ്ങളിലെ അജ്ഞതയും പലപ്പോഴും ഓഫീസുകളിലെത്തുന്നതിന് പോലും ഇവര്‍ക്ക് തടസ്സമായേക്കാം. അതുകൊണ്ട് അവര്‍ക്ക് ആനുകൂല്യം നിഷേധിക്കപ്പെടരുതെന്നും സഹായം അവരെ തേടിയെത്തുന്ന തരത്തില്‍ സഹായകരമായ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആവാസ് ഇന്‍ഷൂറന്‍സ് പദ്ധതി അഷ്വറന്‍സ് പദ്ധതിയായി നടപ്പാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ആശുപത്രികളിലൂടെ തന്നെ സൗജന്യചികിത്സ ലഭ്യമാക്കുകയാണ് അഷ്വറന്‍സ് പദ്ധതിയുടെ ലക്ഷ്യം. മെഡിക്കല്‍ കോളേജ് ആശുപത്രികള്‍, റീജണല്‍ കാന്‍സര്‍ സെന്റര്‍ എന്നിവ ഉള്‍പ്പെടെ 56 സര്‍ക്കാര്‍ ആശുപത്രികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് ചിസ് പ്ലസ് മാതൃകയിലുള്ള പദ്ധതിയനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യചികിത്സ ലഭിക്കും. ആശുപത്രികളില്‍ കൗണ്ടര്‍ സംവിധാനം ഏര്‍പ്പെടുത്തല്‍, ചികിത്സാചെലവ് നല്‍കല്‍ എന്നിവക്ക് ചിയാക്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെത്തുന്ന മുഴുവന്‍ അതിഥിത്തൊഴിലാളികളെയും ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തും. 18നും 60നും ഇടയില്‍ പ്രായമുള്ള മുഴുവന്‍ തൊഴിലാളികള്‍ക്കും രണ്ടു ലക്ഷം രൂപയുടെ അപകടമരണ ഇന്‍ഷൂറന്‍സും 15,000 രൂപയുടെ സൗജന്യചികിത്സാസഹായവും ലഭിക്കുന്ന പദ്ധതിയില്‍ മുഴുവന്‍ തൊഴിലാളികളെയും ഉള്‍പ്പെടുത്തുന്ന തരത്തില്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
ലോകശ്രദ്ധ പിടിച്ചുപറ്റിയ ആവാസ് പദ്ധതി ഒരു വര്‍ഷം പിന്നിടുമ്പോള്‍ 3.19 ലക്ഷം തൊഴിലാളികളാണ് രജിസ്റ്റര്‍ ചെയ്തത്. ഒരു വര്‍ഷത്തിനകം അഞ്ചു ലക്ഷം പേരെ അംഗങ്ങളാക്കുകയായിരുന്നു ലക്ഷ്യം. ഇതുവരെ 3,19,111 പേരാണ് പദ്ധതിയില്‍ അംഗങ്ങളായത്. കേരളത്തിലുള്ള അതിഥിതൊഴിലാളികളുടെ കൃത്യമായ എണ്ണം കണ്ടെത്തുകയെന്ന ലക്ഷ്യവും ഇതിനുണ്ട്. മുഴുവന്‍ തൊഴിലാളികളെയും പദ്ധതിയില്‍ കൊണ്ടുവരുന്നതിന് ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകരും തൊഴിലുടമകളും സജീവമായി ഇടപെടണം.. രജിസ്ട്രേഷന്‍ നടപടികളില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെയും പങ്കാളികളാക്കണമെന്നും മന്ത്രി പറഞ്ഞു.
അതിഥിതൊഴിലാളികള്‍ക്കായി എല്ലാ ജില്ലകളിലും ഫെസിലിറ്റേഷന്‍ സെന്ററുകളും അപ്നാഘറുകളും ആരംഭിക്കും. തിരുവനന്തപുരത്ത് തമ്പാനൂരിലും പെരുമ്പാവൂരിലും ശ്രമിക് ബന്ധു എന്ന പേരില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. അതിഥി തൊഴിലാളികള്‍ക്കായുള്ള അപ്നാഘര്‍ പദ്ധതി പ്രകാരം പാലക്കാട് കഞ്ചിക്കോട് 640 പേര്‍ക്കുള്ള ഫ്ളാറ്റ് സമുച്ചയം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇത് താമസിയാതെ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിലും എറണാകുളത്ത് കളമശ്ശേരിയിലും തിരുവനന്തപുരത്തും അപ്നാഘര്‍ നിര്‍മ്മാണത്തിന് നടപടി ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
ഇതിനകം എട്ട് ഇതര സംസ്ഥാനതൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് മരണാനന്തരധനസഹായമായി രണ്ടു ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ 74 മെഡിക്കല്‍ ക്യാമ്പുകളും ബോധവത്കരണക്യാമ്പുകളും സംഘടിപ്പിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം രാമചന്ദ്രന്‍ ടെകസ്‌റ്റൈല്‍സില്‍ സെയില്‍സ് അസിസ്റ്റന്റായിരിക്കെ ജോലിക്കിടെ മരണപ്പെട്ട തമിഴ്നാട് തിരുനല്‍വേലി സ്വദേശി ജോണ്‍തോമസിന്റെ മക്കളായ ദേവദാസ് ,ജഗദീഷ് എന്നിവര്‍ക്ക് മന്ത്രി ഓരോ ലക്ഷം രൂപയുടെ ചെക്ക് ചടങ്ങില്‍ വച്ച് കൈമാറി.തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ ആഷാ തോമസ്, ലേബര്‍ കമ്മിഷണര്‍ എ അലക്സാണ്ടര്‍, ചിയാക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ അശോക് കുമാര്‍, ആര്‍ എം ഒ ഡോ സ്റ്റാന്‍ലി ജെയിന്‍ ,ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് സരിതകുമാരി എല്‍ സി തുടങ്ങിയവര്‍ സംബന്ധിച്ചു.
Post Your Comments