സ്വന്തം നാടായ പെരുമ്പാവൂരിൽനഗരമധ്യത്തിൽ നാട്ടുകാരിയായ ഒരു സ്ത്രീയെ അന്യസംസ്ഥാന(രാജ്യ) തൊഴിലാളി ക്രൂരമായി ബലാൽസംഘം ചെയ്ത ശേഷം കണ്ടം തുണ്ടം വെട്ടി നുറുക്കി കൊന്നിട്ട് നാലു നാളായിട്ടും രണ്ടാമൻ അറിഞ്ഞില്ലെന്ന് തോന്നുന്നു…
ബംഗാളികളുടെ ഗോഡ്ഫാദർ എന്ന നിലക്ക്, അവർക്ക് വേണ്ടി, അവർ നേരിടുന്ന പ്രശ്നങ്ങളെ പറ്റി കയ്യിൽ നിന്ന് കാശു മുടക്കി പഠനമൊക്കെ നടത്തി റിപ്പോർട്ടൊക്കെ പ്രസിദ്ധീകരിച്ച ആളെന്ന നിലയിൽ, മുൻപ് ജിഷ കേസിലും പുക്കാട്ടുപടി കേസിലും ഒക്കെ നടത്തിയ പോലെ ബംഗാളികൾക്കായി ഒരു ന്യായീകരണമെങ്കിലും ആവാമായിരുന്നു…
അവർ പാവങ്ങളല്ലേ, നാം ഗൾഫിൽ പോകുന്ന പോലെ തന്നെ വെറും തൊഴിലന്വേഷകർ… ഇതിന്റെ പേരിൽ അവർക്കെതിരെ പ്രതിഷേധങ്ങളൊന്നും പാടില്ലല്ലോ, അതിന് തടയിടാനെങ്കിലും…
ഓ, ക്ഷമിക്കണം.. ഞാനതു മറന്നു… ഇത് നോർത്തിൻഡ്യ അല്ലല്ലോ… കേരളത്തിൽ എന്തു നടന്നാലും ബുദ്ധിജീവികളും സാഹിത്യകാരന്മാരുമൊന്നും പ്രതികരിക്കില്ലല്ലോ, അവരുടെ വായിൽ പഴമല്ലേ…??♂️”
ഫേസ്ബുക്ക് സുഹൃത്തായ Deepu Aravind ഇന്ന് എൻറെ വേറൊരു പോസ്റ്റിനിട്ട കമന്റാണ്.
സത്യത്തിൽ ഈ വാർത്ത ഞാൻ അറിഞ്ഞിരുന്നു, അതിനെ പറ്റി എഴുതണമെന്നും പ്ലാൻ ഉണ്ടായിരുന്നു. പക്ഷെ തിരക്കുള്ള ആഴ്ച ആയതിനാൽ അധികം എഴുതാൻ പറ്റിയില്ല. “ചേട്ടന് എന്ത് പറ്റി? കാണുന്നില്ലല്ലോ” എന്ന് പലരും മെസ്സേജിൽ വന്നു ചോദിച്ചിരുന്നു.
ദീപുവിന്റെ അഭിപ്രായത്തിൽ ഞാൻ വായിൽ പഴവും ആയിട്ടിരിക്കുകയാണ്.
ആദ്യമായിട്ടല്ല മറുനാടൻ തൊഴിലാളികളെ പറ്റിയുള്ള എൻറെ അഭിപ്രായങ്ങൾ ദീപുവിന്റെ അഭിപ്രായത്തോട് യോജിച്ച് പോകാത്തത്.
“ഇത്തരം സാഹചര്യങ്ങളിൽ റോബസ്റ്റ ആണ് ബെസ്റ്റ്” എന്ന് പറഞ്ഞു കോന്പ്ലിമെൻറ് ആക്കാം എന്നാണ് ആദ്യം കരുതിയത്.
കാരണം എൻറെ നാട്ടുകാരോ ബന്ധുക്കളോ ആയ ആളുകളോട് ഫേസ്ബുക്കിൽ ഞാൻ ഉടക്കാൻ നിൽക്കാറില്ല. കാരണം അവരെക്കൊണ്ട് നമുക്കോ നമ്മളെക്കൊണ്ട് അവർക്കോ പ്രത്യേകിച്ച് ഗുണം ഒന്നുമില്ലെങ്കിലും അവസാനം വടിയാകുന്പോൾ ശവമടക്കിന് ഇവരൊക്കെയേ കാണൂ. ഫേസ്ബുക്കിലുള്ള ബാക്കി ഒരു ലക്ഷം ഒരു സാഡ് ഫേസ് ഇമോജി ഇട്ട് കാര്യം കഴിക്കും.
എനിക്കാകട്ടെ വെങ്ങോല കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ശവസംസ്‌കാരം എന്റേതായിരിക്കണം എന്ന ആഗ്രഹവും ഉണ്ട്. സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ നിലക്ക് ആചാര വെടി, കേരള പുനർ നിർമ്മാണത്തിന്റെ ഉപദേശകൻ ആയതിനാൽ ചുരുങ്ങിയത് രണ്ടു മന്ത്രിമാർ ഇത്രയൊക്കെ പ്രതീക്ഷയുണ്ട്. പക്ഷെ ഇവരൊക്കെ വരുന്പോൾ മോശമല്ലാത്ത ആൾക്കൂട്ടം ഉണ്ടാകണമെങ്കിൽ നാട്ടുകാരോടും ബന്ധുക്കളോടും കാരണമില്ലാതെ ഉടക്കരുത്. അല്ലെങ്കിൽ ഇവരൊക്കെ എന്നേ എൻറെ തനി ഗുണം കണ്ടേനേ !!. സ്മരണ വേണം കേട്ടോ…
പക്ഷെ ദീപു പറഞ്ഞ കാര്യങ്ങളെ ഞാൻ നിസ്സാരമായി കാണുന്നില്ല. പെരുന്പാവൂരിലെ അതി ദാരുണമായ കൊലപാതകത്തിന് ഒന്നോ രണ്ടോ ആഴ്ച മുൻപാണ് മധ്യകേരളത്തിൽ ദന്പതികളെ കൊലപ്പെടുത്തിയതിന് ശേഷം ബംഗ്ലാദേശുകാരായ രണ്ടുപേർ കടന്നു കളഞ്ഞത്. ഭാഗ്യത്തിനാണ് അതിർത്തി കടക്കുന്നതിന് മുൻപ് അവരെ പിടികിട്ടിയത്. പെരുന്പാവൂരിൽ തന്നെ മറുനാടൻ തൊഴിലാളികളാൽ പെൺകുട്ടികൾ കൊല്ലപ്പെടുന്നത് ഇത് ആദ്യമായിട്ടല്ല. അതിനാൽ മറുനാടൻ തൊഴിലാളികളോടുള്ള ഭയം സ്വാഭാവികമാണ്.
മൂന്നു പ്രധാന പ്രശ്നങ്ങളാണ് മറുനാടൻ തൊഴിലാളികളും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു മലയാളികളുടെ മനസ്സിലുള്ളത്.
1. “അവരവരുടെ നാടുകളിൽ എന്ത് കുറ്റകൃത്യവും നടത്തിയതിന് ശേഷം കേരളത്തിൽ വന്ന് സാധാരണ ജീവിതം നയിക്കാൻ ആളുകൾക്ക് സാധിക്കും.” ശരിയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇപ്പോൾ കേരളത്തിൽ ഉള്ളവരുടെയോ ഓരോ ദിവസവും കേരളത്തിൽ വന്നിറങ്ങുന്നവരുടെയോ ക്രിമിനൽ പശ്ചാത്തലം ആർക്കും അറിയില്ല. കുറ്റകൃത്യങ്ങൾ ചെയ്തതിന് ശേഷം നാടുവിടാൻ ശ്രമിക്കുന്നത് സ്വാഭാവികം ആണല്ലോ. ആലുവയിൽ ആറു കൊലപാതകങ്ങൾ നടത്തിയതിന് ശേഷം ആന്റണി പോയത് സൗദിയിലേക്കാണ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ശേഷം ഗൾഫിലേക്ക് കടന്ന ഒരു മലയാളി ആ പെൺകുട്ടിയുടെ പടം ഇന്റർനെറ്റിൽ ഇട്ടതിന് ശേഷം ഗൾഫിൽ ഇരുന്ന് നമ്മുടെ നീതി ന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നു. ഇത് പോലെ എത്രയോ കേസുകൾ നമുക്കറിയാം. അതുപോലെ തന്നെ മറുനാട്ടിൽ കുറ്റകൃത്യങ്ങൾ നടത്തിയവർ പലരും കേരളത്തിലും കാണ്ടേക്കാം.
2. കുറ്റകൃത്യങ്ങൾക്ക് മാത്രമായി കേരളത്തിൽ വരുന്നവർ ഉണ്ടാകാം. സാന്പത്തികമായി ഉയർന്ന നില, സുരക്ഷാ കാര്യങ്ങളിൽ അത്ര ശ്രദ്ധയില്ലാതിരിക്കുക, വീടുകൾ ഒറ്റപ്പെട്ടതായിരിക്കുക, വയസ്സായ ധാരാളം ആളുകൾ ഒറ്റക്ക് ജീവിക്കുക, എന്നിങ്ങനെ കളവിന് അനുകൂലമായ ഏറെ സാഹചര്യങ്ങൾ കേരളത്തിലുണ്ട്. ബണ്ടി ചോറിനെ പോലെ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കി കേരളത്തിലേക്ക് വിമാനം കയറി വരെ കുറ്റവാളികൾ വരുന്നുമുണ്ട്.
3. കുറ്റകൃത്യങ്ങൾ നടത്തിയതിന് ശേഷം കടന്നു കളയാൻ എളുപ്പമാണ്, പ്രത്യേകിച്ചും രാജ്യാതിർത്തി കടക്കാൻ. കേരളത്തിൽ കുറ്റകൃത്യങ്ങൾ ചെയ്തതിന് ശേഷം മലയാളികൾ പോലും അതിർത്തി കടക്കാൻ ശ്രമിക്കാറുണ്ടല്ലോ. അതുപോലെ മറ്റു നാട്ടുകാരും തീർച്ചയായും ശ്രമിക്കും, കുറ്റകൃത്യങ്ങൾ നടത്തിയതിന് ശേഷം കേരളത്തിന് പുറത്തേക്ക് പോയിക്കഴിഞ്ഞാൽ അവരെ കണ്ടുപിടിക്കുകയും തിരിച്ചെത്തിക്കുകയും എളുപ്പമല്ല. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നമ്മുടെ പോലീസുകാർ എത്തുന്പോൾ കുറ്റവാളികൾക്ക് അവിടെ നിന്നും വലിയ സംരക്ഷണം കിട്ടുന്നു. വിദേശത്തേക്ക് പോയാൽ കൂടുതൽ ബുദ്ധിമുട്ടാണ്. കേരളത്തിൽ കുറ്റകൃത്യം നടത്തിയതിന് ശേഷം ഗൾഫിൽ പോയ മലയാളി കുറ്റവാളികളെ തിരിച്ചു കൊണ്ട് വരുന്നത് പോലെ എളുപ്പമാവില്ല, കേരളത്തിൽ കുറ്റം ചെയ്തതിന് ശേഷം ബംഗ്ലാദേശിലേക്ക് പോകുന്ന ബംഗ്ലാദേശിയെ തിരിച്ചെത്തിക്കാൻ.
ഈ മൂന്നു കാര്യങ്ങളിലും തീർച്ചയായും സർക്കാരിന്റെ അടിയന്തിര ശ്രദ്ധ വേണം. കേരളത്തിലേക്ക് ഓരോ ദിവസവും വന്നെത്തുന്ന മറുനാട്ടുകാരുടെ ഒരു വിവരവും നമ്മുടെ അടുത്തില്ല. കേരളത്തിൽ മൊത്തത്തിൽ എത്ര മറുനാട്ടുകാർ ഉണ്ടെന്ന് പോലും നമുക്കറിയില്ല. കേരളത്തിൽ ബംഗ്ലാദേശിൽ നിന്നും ആളുകൾ ഉണ്ടെന്ന് നമ്മൾ അറിയുന്നത് തന്നെ ഇങ്ങനെ ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ പെടുന്പോൾ ആണ്. ഈ സ്ഥിതിക്ക് പരിഹാരം ഉണ്ടായേ പറ്റൂ. അല്ലെങ്കിൽ കുറ്റകൃത്യങ്ങൾ ചെയ്തതിന് ശേഷം ഒളിച്ചു താമസിക്കാനും, സൗകര്യത്തിന് കുറ്റകൃത്യങ്ങൾ ചെയ്യാനും, കുറ്റം ചെയ്തതിന് ശേഷം എളുപ്പത്തിൽ മുങ്ങാനും ഒക്കെ സൗകര്യമുള്ള വെള്ളരിക്കാപ്പട്ടണമായി കേരളം മാറും. കുറ്റകൃത്യങ്ങളുടെ എണ്ണം കൂടും, ഇന്നത്തെ പോലെ ഒറ്റക്ക് വീടുകൾ വെക്കാൻ ആളുകൾക്ക് പേടിയാകും, നമ്മുടെ സാമൂഹ്യ ജീവിതം താറുമാറാകും.
പോരാത്തതിന് മറുനാട്ടുകാർ ചെയ്യുന്ന ഓരോ കുറ്റകൃത്യവും മറുനാട്ടുകാരെ പറ്റിയുള്ള മലയാളികളുടെ ഭയം വർദ്ധിപ്പിച്ച് അവർക്കെതിരെയുള്ള വികാരം ആളിക്കത്തിക്കാൻ എളുപ്പമാകും. ഏതെങ്കിലും ഒരു ക്രൂരകൃത്യത്തിന് ശേഷം ആളുകൾ കൂട്ടമായി അവർക്കെതിരെ തിരിയുന്നതോടെ പത്തോ നൂറോ പേരുടെ, മിക്കവാറും നിരപരാധികളുടെ, ജീവൻ പോകും. അന്തർ സംസ്ഥാനം തൊട്ട് അന്താരാഷ്ട്രീയമായി വരെ പ്രശ്നം വളരും. അതുകൊണ്ട് പ്രതിരോധ നടപടികൾ ഇപ്പോഴേ എടുക്കുന്നതാണ് നല്ലത്.
കേരളത്തിൽ എത്തുന്നവർക്ക് കൃത്യമായ തിരിച്ചറിയൽ രേഖകൾ ഉണ്ടാകുക എന്നതാണ് ഏറ്റവും പ്രധാനം. ആവശ്യമെങ്കിൽ അവരുടെ നാട്ടിൽ നിന്നും പോലീസ് ക്ലിയറൻസും ലഭ്യമാക്കാനുള്ള നടപടി വേണം. ഫെഡറൽ സംവിധാനത്തിൽ ഇതിനൊക്കെ ചില പരിമിതികളുണ്ടെങ്കിലും ഒരു ചെറിയ സംസ്ഥാനത്തേക്ക് ദശലക്ഷക്കണക്കിന് മറുനാട്ടുകാർ വളരെ ചെറിയ സമയത്ത് എത്തുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങളിൽ പുതിയ നിയമവും നയങ്ങളും ഉണ്ടാക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിൽ ഒരു തെറ്റുമില്ല. ഇത് നാട്ടുകാരുടെയും മറുനാട്ടുകാരുടെയും നാടിന്റെയും രാജ്യത്തിന്റെയും സുരക്ഷയുടെ പ്രശ്നമാണ്, കുട്ടിക്കളിയല്ല.
ജീവിതത്തിന്റെ ഭൂരിഭാഗവും ഒരു കുടിയേറ്റക്കാരൻ ആയിരുന്ന സാഹചര്യത്തിൽ കുറച്ചു കാര്യങ്ങൾ കൂടെ പറയാതെ വയ്യ. കേരളത്തിൽ വരുന്ന മറുനാടൻ തൊഴിലാളികളിൽ കുറ്റവാളികൾ ഉണ്ടാകാമെങ്കിലും കേരളത്തിൽ വരുന്ന മറുനാട്ടുകാർ എല്ലാം കുറ്റകൃത്യം ചെയ്തവരോ ചെയ്യാൻ തരം നോക്കിയിരിക്കുന്നവരോ ആണെന്ന ചിന്ത നൂറു ശതമാനം തെറ്റാണ്. ലോകത്തെവിടെയും അങ്ങോട്ട് വരുന്ന കുടിയേറ്റക്കാരെ പറ്റി നാട്ടുകാർ പറയുന്ന കാര്യമാണ് ഇത്. സ്വിറ്റ്സർലാൻഡിൽ ജീവിക്കുന്ന എന്നെപ്പോലെ, അമേരിക്കയിൽ ജീവിക്കുന്ന ആയിരക്കണക്കിന് ഐ ടി ജോലിക്കാരെ പോലെ, ഗൾഫിൽ ജീവിക്കുന്ന അനവധി മറ്റു തൊഴിലാളികളെ പോലെ കൂടുതൽ ശന്പളം കിട്ടുന്ന ഒരു സ്ഥലം അന്വേഷിച്ച് എത്തിയിരിക്കുന്നവരാണ് കേരളത്തിലെ മറുനാടൻ തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും. ലോകത്തെവിടെയും മറുനാടുകളിൽ നിന്നും വരുന്ന തൊഴിലാളികൾ അവർ എത്തിയ നാട്ടിലെയും വന്ന നാട്ടിലേയും സന്പദ്‌വ്യവസ്ഥ പുരോഗമിക്കാനേ ഇടയാക്കിയിട്ടുള്ളൂ എന്ന് അനവധി പഠനങ്ങളുണ്ട്. കേരളത്തിൽ ആളുകൾക്ക് ന്യായമായി കെട്ടിടങ്ങൾ പണിയാൻ പറ്റുന്നത് മുതൽ ഹോട്ടലുകൾ നടത്താൻ പറ്റുന്നത് വരെ മറുനാടൻ തൊഴിലാളികൾ ഉള്ളത് കൊണ്ടാണ്. ബംഗാളിലും ആസ്സാമിലും അനവധി ഗ്രാമങ്ങളിൽ പട്ടിണി മാറുന്നത് കേരളത്തിൽ ജോലി ചെയ്യുന്ന ആരെങ്കിലും ഒക്കെ ആ വീടുകളിലുള്ളത് കൊണ്ടാണ്. ഇങ്ങനെ ഇരു കൂട്ടർക്കും ഗുണകരമായ ഒരു കൊടുക്കൽ വാങ്ങലിനെ ഏതെങ്കിലും കുറച്ചു ക്രിമിനലുകളുടെ സാന്നിധ്യം കൊണ്ട് തള്ളിപ്പറയുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നത് ആർക്കും ഗുണകരമല്ല.
സ്ഥിതിവിവരക്കണക്ക് നോക്കിയാൽ കേരളത്തിലെ കൊലപാതകങ്ങളിൽ മറുനാടൻ തൊഴിലാളികളുടെ പങ്ക് നന്നേ കുറവാണെന്ന് ഞാൻ കഴിഞ്ഞ തവണ ഈ വിഷയത്തെ പറ്റി എഴുതിയപ്പോൾ പറഞ്ഞിരുന്നു. ഈ ലേഖനത്തിന് വേണ്ടി ഞാൻ ആ കണക്കുകൾ ഒന്ന് കൂടി നോക്കി. കാര്യങ്ങൾ മാറിയോ എന്നറിയണമല്ലോ. സത്യത്തിൽ കണ്ട ഡേറ്റ എന്നെ പോലും അതിശയപ്പെടുത്തി.
രണ്ടായിരത്തി പതിനെട്ടിലെ കണക്കാണ് ഇപ്പോൾ ലഭ്യമായത്. 276 കൊലപാതകങ്ങളാണ് 2018 ൽ നടന്നിട്ടുള്ളത്. ഇത് സമീപകാലത്തെ ഏറ്റവും കുറഞ്ഞതാണെന്ന് മാത്രമല്ല, ഓരോ വർഷവും കൊലപാതകങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നുമുണ്ട്. അഞ്ചു വർഷം മുൻപ് 2014 ൽ 367 കൊലപാതകങ്ങളാണ് കേരളത്തിൽ നടന്നത്. ഇപ്പോൾ കേരളത്തിലെ കൊലപാതകങ്ങളുടെ നിരക്ക് ഒരു ലക്ഷത്തിന് 0.82 ആണ്. ലോകത്തിലെ ശരാശരി ഒരു ലക്ഷത്തിന് ആറ് കൊലപാതകം ആണ്. ഇന്ത്യയിലേത് ഒരു ലക്ഷത്തിന് 3.2 ആണ്. അതായത് ലോകത്തിലെ ഏഴിൽ ഒന്നും ഇന്ത്യയിലെ നാലിൽ ഒന്നുമാണ് നമ്മുടെ കൊലപാതക നിരക്ക്. ലോകത്തെ അപൂർവ്വം രാജ്യങ്ങളിൽ മാത്രമാണ് ഇത്രയും കുറഞ്ഞ കൊലപാതക നിരക്കുള്ളത്, അവയിൽ മിക്കതിലും കേരളത്തേക്കാൾ നാലിലൊന്നു ജനസംഖ്യ പോലുമില്ല.
ഇനി കേരളത്തിൽ മറുനാടൻ തൊഴിലാളികൾ നടത്തുന്ന കൊലപാതകങ്ങളുടെ എണ്ണം എടുക്കാം. കേരളത്തിൽ എത്ര മറുനാടൻ തൊഴിലാളികൾ ഉണ്ടെന്നോ എത്ര കൊലപാതകങ്ങൾ അവർ നടത്തുന്നു എന്നോ ഉള്ള കണക്കുകൾ ലഭ്യമല്ല. പക്ഷെ ഇപ്പോൾ കേരളത്തിൽ ഏതാണ്ട് മുപ്പത്തി നാലു ലക്ഷം മറുനാടൻ തൊഴിലാളികൾ ഉണ്ടെന്നാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യുട്ടിന്റെ കണക്ക്. ഇത് കേരള ജനസംഖ്യയുടെ പത്തു ശതമാനത്തോളം വരും. അപ്പോൾ ഈ മറുനാടൻ തൊഴിലാളികൾ ശരാശരി മലയാളികളുടെ അത്രയും ക്രിമിനൽ വാസന ഉള്ളവർ ആയിരുന്നു എങ്കിൽ കേരളത്തിലെ കൊലപാതകങ്ങളിൽ പത്തിലൊന്നും അവർ ആയിരിക്കണം ചെയ്യുന്നത്. അതായത് വർഷത്തിൽ ഇരുപത്തി ഏഴു കൊലപാതകങ്ങൾ. ഒരു വർഷം ശരാശരി എത്ര കൊലപാതകങ്ങൾ മറുനാടൻ തൊഴിലാളികൾ ചെയ്തതായി നിങ്ങൾ കേൾക്കാറുണ്ട് ?
അല്പം കൂടി കടത്തി പറയാം. കേരളത്തിലെ കൊലപാതകങ്ങൾ ഭൂരിഭാഗവും ചെയ്യുന്നത് ഇരുപതിനും എഴുപത്തിനും ഇടക്ക് പ്രായമുള്ള ആണുങ്ങളാണ്. കേരള ജനസംഖ്യയുടെ പകുതിയിലും താഴെ മാത്രമേ ഇവരുടെ എണ്ണം ഉള്ളൂ. അതേസമയം കേരളത്തിലെ മറുനാടൻ തൊഴിലാളികളിൽ എൺപത് ശതമാനവും ഇരുപതിനും അറുപത്തിനും ഇടക്കുള്ള പുരുഷന്മാർ ആണ്. അപ്പോൾ ഇരുപതിനും എൺപതിനും ഇടക്കുള്ള ആണുങ്ങളിൽ കൊലപാതകികളുടെ അനുപാതം മലയാളികളിൽ മറുനാട്ടുകാരേക്കാളും ഇരട്ടിയിൽ ഏറെ വരും. സംശയം ഉള്ളവർക്ക് ഈ കണക്കുകൾ കൃത്യമായി അന്വേഷിച്ചു കൂട്ടി നോക്കിയാൽ മതി. പോലീസിൽ നിന്നുള്ള ആരെങ്കിലും എൻറെ പോസ്റ്റ് വായിക്കുന്നുണ്ടെങ്കിൽ ഈ കണക്ക് ഒന്ന് കൂട്ടി സ്ഥിരീകരിക്കുമല്ലോ.
സ്വയരക്ഷക്ക് അല്ലാത്ത ഏതൊരു കൊലപാതകവും ക്രൂരവും ഒഴിവാക്കേണ്ടതും ആണ്. അതിന് നാടൻ – മറു നാടൻ വ്യത്യാസങ്ങൾ ഇല്ല. നാട്ടുകാരോ മറുനാട്ടുകാരോ ആയ ആരും ചെയ്യുന്ന ഒരു കൊലപാതകത്തേയും ഞാൻ ന്യായീകരിക്കുന്നുമില്ല. ഏതൊരു കൊലപാതകം നടന്നാലും അത് അന്വേഷിക്കപ്പെടണം, കുറ്റവാളികൾ പിടിക്കപ്പെടണം, പിൽക്കാലത്ത് സമൂഹത്തിന് അവർ ഭീഷണി ഉണ്ടാക്കാത്ത തരത്തിൽ അവർ ശിക്ഷിക്കപ്പെടുകയും വേണം. പക്ഷെ ഒരു കൊലപാതകം ചെയ്തത് മറുനാട്ടിൽ നിന്നുള്ള ആളായത് കൊണ്ട് മറുനാട്ടുകാരെല്ലാം കൊലപാതകികളോ ക്രിമിനലുകളോ ആണെന്ന ചിന്ത ആളുകളിൽ ഉണ്ടാകരുത്. അത്തരത്തിൽ ഒരു വികാരം ഉണ്ടാകുന്നതിനെ നമ്മൾ പ്രോത്സാഹിപ്പിക്കുകയും അരുത്. അത് ഒരു ആധുനിക സമൂഹത്തിന് ചേർന്നതല്ല, പ്രത്യേകിച്ചും മറുനാടുകളിൽ പോയി അധ്വാനിക്കുന്നവരുടെ വിയർപ്പിൽ പണിതുയർത്തിയ ഒരു നാട്ടിൽ.
Post Your Comments