Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
MollywoodLatest NewsEntertainment

കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍, ഉമ്മന്‍ചാണ്ടി എന്ന മഹാമേരുവിനെ തളക്കാന്‍ മാത്രമുളള കെല്‍പ്പൊന്നും മുല്ലപ്പളളിക്കും,രമേശനുമില്ല; ഉമ്മന്‍ചാണ്ടിക്ക് സമം ഉമ്മന്‍ചാണ്ടി മാത്രം!! എം എ നിഷാദ്

സൂക്ഷമതയും, നിശ്ചയദാര്‍ഡ്യയവും, രാഷ്ട്രീയ കൗശലവും, ഈ മനുഷ്യനില്‍ നിന്നും കണ്ട് പഠിക്കണം, ഓരോ രാഷ്ട്രീയ വിദ്യാര്‍ത്ഥിയും, ഭിക്ഷാംദേഹികളും

മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ പ്രിയ നേതാവുമായ ഉമ്മന്‍ ചാണ്ടി നിയമസഭയുടെ പടികള്‍ കയറിയിറങ്ങാന്‍ തുടങ്ങി 50 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുന്ന വേളയില്‍ സംവിധായകന്‍ എം എ നിഷാദ് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. രാഷ്ട്രീയപരമായി വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും എതിര്‍പ്പുകള്‍ ഉണ്ടാകാറുണ്ടെങ്കിലും എല്ലാവരും ഒരുപോലെ സമ്മതിക്കുന്ന ഒന്നാണ് ഉമ്മന്‍ ചാണ്ടി എന്ന മനുഷ്യന്‍, അയാളിലെ നന്മ.

സൂക്ഷമതയും, നിശ്ചയദാര്‍ഡ്യയവും, രാഷ്ട്രീയ കൗശലവും, ഈ മനുഷ്യനില്‍ നിന്നും കണ്ട് പഠിക്കണം, ഓരോ രാഷ്ട്രീയ വിദ്യാര്‍ത്ഥിയും, ഭിക്ഷാംദേഹികളും എന്ന് എം എ നിഷാദ് ഓര്‍മപ്പെടുത്തുന്നു. ഉമ്മന്‍ ചാണ്ടിക്ക് അലസതയുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ മുടിയിലും, വസ്ത്രധാരണത്തിലും മാത്രം. തന്റെ ജീവിതത്തിലുണ്ടായ ഉമ്മന്‍ ചാണ്ടിയോടൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍.

എം എ നിഷാദ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഓര്‍മ്മക്കുറിപ്പിന്റെ പൂര്‍ണരൂപം

ശ്രീ ഉമ്മന്‍ചാണ്ടിയുടെ 50 വര്‍ഷങ്ങള്‍…

ഉമ്മന്‍ചാണ്ടി..

കേരള രാഷ്ട്രീയത്തിലെ അതികായകന്മാരില്‍,ഒന്നാം നിരയില്‍ ഈ പേരുണ്ടാകും..പുതുപ്പളളിയിലെ, നാടന്‍ വഴികളിലൂടെ,നടന്ന് തുടങ്ങിയ രാഷ്ട്രീയ യാത്ര…ഓരോ കാലടിയും,സൂക്ഷമതയോടെ ചുവട് വെച്ച യാനം…അലസത മുടിയിലും,വസ്ത്രധാരണത്തിലും മാത്രം..

സൂക്ഷമതയും, നിശ്ചയദാര്‍ഡ്യയവും,രാഷ്ട്രീയ കൗശലവും,ഈ മനുഷ്യനില്‍ നിന്നും കണ്ട് പഠിക്കണം, ഓരോ രാഷ്ട്രീയ വിദ്യാര്‍ത്ഥിയും, ഭിക്ഷാംദേഹികളും…

രാഷ്ട്രീയം ഒരു ചതുരംഗമാണ്…കറുപ്പും,വെളുപ്പും കളങ്ങളുളള ചതുരംഗം…അവിടെ കാലാല്‍പട മുതല്‍,രാജാവ് വരെ നിറഞ്ഞാടുന്നു…അവിടെ വേണ്ടത് കൗശലമാണ്…ഉമ്മന്‍ചാണ്ടി എന്ന നേതാവിനുളളതും അത് തന്നെ… കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍, ഉമ്മന്‍ചാണ്ടി എന്ന മഹാമേരുവിനെ തളക്കാന്‍ മാത്രമുളള കെല്‍പ്പൊന്നും മുല്ലപ്പളളിക്കും,രമേശനുമില്ല എന്ന സത്യം പറയാതെ വയ്യ…

ഉമ്മന്‍ചാണ്ടി എന്ന നേതാവിന്റ്റെ, രാഷ്ട്രീയത്തോട് എനിക്ക് വിയോജിപ്പാണ്..പക്ഷെ ഉമ്മന്‍ചാണ്ടി എന്ന വ്യക്തിയെ എനിക്കിഷ്ടമാണ്…

പുനലൂരിലെ എന്റ്റെ തറവാട്ടില്‍,രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യം ചെറുപ്പത്തില്‍ തന്നെ അനുഭവിച്ചറിഞ്ഞിട്ടുളള വ്യക്തിയാണ് ഞാന്‍…എന്റ്റെ ഉമ്മയുടെ വാപ്പ മുഹമ്മദ് കുഞ്ഞ് മാസ്റ്റര്‍,പുനലൂരിലെ പ്രഥമ നഗരസഭ ചെയര്‍മാനായിരുന്നു…അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റ്റെ സൗഹൃദ കൂട്ടത്തിലുളള ഒരുപാട് നേതാക്കളെ കാണുവാനുളള ഭാഗ്യവും എനിക്ക് ലഭിച്ചിട്ടുണ്ട്…

കമ്മ്യൂണിസ്റ്റ് നേതാവായ,M N ഗോവിന്ദന്‍ നായര്‍, C H മുഹമ്മദ് കോയ,ആര്‍ ബാലകൃഷ്ണപിളള,അവുഖാദര്‍ കുട്ടി നഹ,കെ എം മാണി,പി ജെ ജോസഫ്,വക്കം പുരുഷോത്തമന്‍ അങ്ങനെ നീളുന്നു ആ പട്ടിക…

പക്ഷെ ഞാനാദ്യം ഒരു മന്ത്രിയുടെ ഓഫീസില്‍ പോകുന്നത്,ശ്രീ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലാണ്..കരുണാകരന്‍ മന്ത്രിസഭയില്‍

ധനകാര്യ മന്ത്രിയായിരുന്നു അന്നദ്ദേഹം..

കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളജില്‍ പഠിക്കുന്ന കാലം,ആള്‍ ഇന്‍ഡ്യാ ടൂര്‍ പ്രോഗ്രാം അന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്നു…അതിന് പക്ഷെ സര്‍ക്കാറിന്റ്റെ അനുമതി വേണമായിരുന്നു പ്രത്യേകിച്ച്‌ ധനകാര്യവകുപ്പിന്റ്റെ… അതിന് വേണ്ടിയാണ് ഞാനദ്ദേഹത്തെ കാണാന്‍ പോയത്…എനിക്കതിന് അവസരം ഒരുക്കിയത്,പ്രിയസുഹൃത്ത് പ്രദീപിന്റ്റെ പിതാവ്,കോണ്‍ഗ്രസ്സ് നേതാവായിരുന്ന ശ്രീ കരുണാകരന്‍ പിളള സാറായിരുന്നു.. സെക്രട്ടറിയേറ്റിന്റ്റെ സൗത്ത് സാന്‍ഡ്വിച്ച്‌ ബ്ളോക്കിലുളള ധനകാര്യ മന്ത്രിയുടെ ഓഫീസില്‍ ഞാന്‍ കണ്ട കാഴ്ച്ച ഒരു പുതിയ അനുഭവമായിരുന്നു…ഒരു മന്ത്രിയുടെ ഓഫീസ് എന്ന എന്റ്റെ സങ്കല്‍പ്പത്തെ തന്നെ മാറ്റിമറിച്ച ഒരു കൂടിക്കാഴ്ച്ചയായിരുന്നു അത്..ഓഫീസ് നിറയേ ഒരു പൂരത്തിനുളള ആള്‍ക്കൂട്ടം…ആള്‍ക്കൂട്ടത്തിനിടയില്‍,നിന്ന് കൊണ്ട് ഫയല്‍ ഒപ്പിടുന്ന ശ്രീ ഉമ്മന്‍ചാണ്ടി..

തിരക്കിനിടയില്‍ കരുണാകരന്‍പിളള സാര്‍ എന്നെ പരിചയപ്പെടുത്തി…തനി കോട്ടയം കാരന്റ്റെ ശൈലിയില്‍,എന്നതാ പ്രശ്നമെന്ന് ചോദിച്ചു…ഒറ്റ ശ്വാസത്തില്‍ ഞാന്‍ കാര്യം അവതരിപ്പിച്ചു…എന്നാല്‍ ഒരപേക്ഷ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു…അങ്ങനെ ആദ്യമായി ഒരു മന്ത്രിക്ക് ഞാനൊരപേക്ഷയെഴുതി…കൈകള്‍ ചെറുതായി വിറച്ചിരുന്നു എന്നുളളതാണ് സത്യം…അപേക്ഷ വാങ്ങി അത് ഒപ്പിട്ട ശേഷം പി എ യെ കൊണ്ട്,ധനകാര്യ അഡീഷണല്‍ സെക്രട്ടറിയെ വിളിപ്പിച്ച്‌,അനുമതി നല്‍കൂകയും ചെയ്തു…എന്റ്റെ നന്ദി കേള്‍ക്കുന്നതിന് മുമ്ബ്,അടുത്തയാളുടെ പ്രശ്നത്തിലേക്ക് അദ്ദേഹം നീങ്ങി…ആള്‍ക്കൂട്ടങ്ങളുടെ നടുവില്‍…

പിന്നീട് ഞാനിതേ ആള്‍ക്കൂട്ടം കാണുന്നത് അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്ബോളാണ്..

2015-ല്‍,പുനലൂര്‍ തൂക്കുപാലത്തിന്റ്റെ പുനരുദ്ധാരണത്തിന് വേണ്ടി ഒരു മാസ്സ് പെറ്റീഷന്‍ നല്‍കാന്‍ പോയപ്പോള്‍… ആള്‍ക്കൂട്ടത്തിന് നടുവില്‍ അതേ ഉമ്മന്‍ചാണ്ടി…ഞങ്ങളുടെ അപേക്ഷ വാങ്ങുമ്ബോള്‍,അദ്ദേഹത്തിന്റ്റെ ചെവിയില്‍,ഒരു ഖദര്‍ ധാരി മന്ത്രിക്കുന്നത് ഞങ്ങള്‍ കേട്ടു,സി പി ഐ ക്കാരനാ…നിഷാദ്.. അതിന് ചെവികൊടുക്കാതെ,ഞങ്ങളുടെ അപേക്ഷയില്‍ അദ്ദേഹം ഒപ്പ് വെച്ചു…

ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ നിലപാടുകളെ,ഒരുപാട് വിമര്‍ശിച്ചിട്ടുളള വ്യക്തിയാണ് ഞാന്‍..ഇന്നും വിമര്‍ശനം അഭംഗുരം തുടരുകയും ചെയ്യുന്നു…

പക്ഷെ,ഒന്നുറപ്പാണ്…ഉമ്മന്‍ചാണ്ടിക്ക് സമം ഉമ്മന്‍ചാണ്ടി മാത്രം…

ആള്‍ക്കൂട്ടത്തിന് നടുവില്‍,അലസമായ മുടിയും,ഉടഞ്ഞ ഖദര്‍ കുപ്പായവുമിട്ട്, രാഷ്ട്രീയ കൗശലതയുടേയും, സൂക്ഷമതയുടേയും, ആള്‍ രൂപമായി ചാണ്ടി സാര്‍ നടന്ന് നീങ്ങുന്നത്.

ഇന്നും,ചുവട് തെറ്റാത്ത,കാലടികളുമായിട്ടാണ്….

നിയമസഭയില്‍ അമ്ബത് വര്‍ഷം പൂര്‍ത്തീകരിക്കുന്ന

ശ്രീ ഉമ്മന്‍ചാണ്ടിക്ക് അഭിനന്ദനങ്ങള്‍ !!!

shortlink

Related Articles

Post Your Comments

Related Articles


Back to top button