കെ. സതീഷ് സംവിധാനം ചെയ്യുന്ന ടു മെന്‍ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. രണ്ട് പുരുഷന്മാരുടെ അസാധാരണ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒരു യാത്രയില്‍ അവിചാരിതമായി കണ്ടുമുട്ടുന്ന രണ്ട് പേരുടെ കഥയാണ് ടു മെന്‍. ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ നിര്‍മ്മിച്ച് കെ. സതീഷ് സംവിധാനം ചെയ്ത ചിത്രം പൂര്‍ണമായും ദുബായിയില്‍ ആണ് ചിത്രീകരിച്ചത്. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത എന്ന് പറയുന്നത്, നാടക രചയിതാവ് മുഹാദ് വെമ്പായം ആദ്യമായി തിരക്കഥയൊരുക്കുന്നു എന്നതാണ്.
എം.എ. നിഷാദും ഇര്‍ഷാദ് അലിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രവാസികളുടെ പച്ചയായ കഥ ത്രില്ലര്‍ ഇഫക്റ്റില്‍ പറയുന്ന ആദ്യ സിനിമയാണ് ടു മെന്‍. ത്രില്ലര്‍, ഡ്രാമ മൂഡില്‍ പ്രേക്ഷകനെ ആകര്‍ഷിക്കുന്ന ചിത്രം ഒരു റോഡ് മൂവി ആണെന്നും പറയാം. പിക്കപ്പ് ഡ്രൈവറായ അബുവിന്റെ ജീവിതത്തിലേക്ക് ബക്രീദ് തലേന്ന് അവിചാരിതമായി കടന്നുവരുന്ന സഞ്ജയ് മേനോൻ, ഇവർക്കിടയിലെ അസാധാരണ ബന്ധം, ഇതൊക്കെയാണ് കഥ പറയുന്നത്. പിക്കപ്പ് ഡ്രൈവറായ അബുവിനെ അവതരിപ്പിക്കുന്നത് നിഷാദ് ആണ്. 40 വർഷത്തോളം പ്രവാസ ജീവിതം നയിക്കുന്ന ഡ്രൈവർ ആണ് അബു. ഇദ്ദേഹത്തിന്റെ പിക്കപ്പ് വാനിലേക്ക് ഒരിക്കൽ കടന്നുവരുന്ന സഞ്ജയ് എന്ന ബിസിനസുകാരൻ ആണ് ഇര്‍ഷാദ് അലി.
കെ സതീഷിന്റെ ആദ്യ സംവിധാന സംരംഭമാണ് ടു മെൻ. ഗൾഫിൽ ഷൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട കുറച്ച് തടസ്സങ്ങൾ ഒക്കെയും നേരിടേണ്ടി വന്നെങ്കിലും ഒടുവിൽ സിനിമ പൂർത്തിയായിരിക്കുകയാണ്. പരിചയമില്ലാത്ത ഒരു രാജ്യത്ത് പോയി ഒരു സിനിമ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ടെന്ന് സംവിധായകൻ കെ സതീഷ് പറയുന്നു. അത്തരം പ്രശ്നങ്ങളിൽ നിന്നെല്ലാം ഒരു ടീം വർക്കിന്റെ ഫലമായി ഈ സിനിമ സംഭവിച്ചിരിക്കുകയാണ്.
സംവിധായകൻ കെ സതീഷിന് പറയാനുള്ളത്
ഒരിക്കലും ആരെയും ബോർ അടിപ്പിക്കുന്നില്ല ഈ ചിത്രം. ഒരു തിയേറ്റർ എക്സ്പീരിയൻസ് ഡിമാൻഡ് ചെയ്യുന്ന സിനിമയാണ്. സൗണ്ടിനും വിഷ്വൽസിനും അത്ര തന്നെ പ്രാധാന്യമുണ്ട്. ഇത്രയും വിശാലമായ മരുഭൂമിയും അവിടുത്തെ ശബ്ദങ്ങളുമൊക്കെയാണ് ഈ ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. അതൊരിക്കലും മൊബൈൽ കാഴ്ചയിൽ ലഭിക്കില്ല. ഗൾഫ് ജീവിതം അറിയാവുന്ന മുഹാദിന്റെ സാന്നിധ്യം സിനിമയ്ക്ക് മുതൽക്കൂട്ടായി. കഥാപാത്രങ്ങൾക്ക് ജീവനും അസ്തിത്വവും ഉണ്ടായി.
വളരെ വ്യത്യസ്തമായ ഒരു കഥയാണ് സിനിമ പറയുന്നതെന്ന് എം എ നിഷാദ് പറയുന്നു. സംവിധായകൻ സതീഷ് തന്റെ അടുക്കൽ കഥ പറയാനെത്തിയതിനെ കുറിച്ചായിരുന്നു നിഷാദ് സംസാരിച്ചത്. മികച്ച നാടകകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് രണ്ട് തവണ നേടിയിട്ടുള്ള വെമ്പായത്തിന്റെ തിരക്കഥയിലുള്ള ആത്മവിശ്വാസവും നിഷാദ് തുറന്നു പറഞ്ഞു. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ.
ചിത്രത്തെ കുറിച്ചുള്ള തന്റെ പ്രതീക്ഷകൾ അനുമോളും പങ്കുവെച്ചു. ഗൾഫ് മലയാളികളുടെ ജീവിതം വരച്ച് കാട്ടുന്ന ഈ ചിത്രം മലയാളികളുടെ മനസ്സിൽ ചേക്കേറുമെന്ന് അനുമോൾ പറയുന്നു. താൻ ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് ബഡായി ആര്യയും പറയുന്നു. നാട്ടിലുള്ള കുറെ പെൺകുട്ടികൾക്ക്, പ്രത്യേകിച്ചും അച്ഛൻ ഗൾഫിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾക്ക് റിലേറ്റ് ചെയ്യാൻ സാധിക്കുന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്.
മരുഭൂമിയിലെ ആദ്യ റോഡ് മൂവിയാണ് ചിത്രമെന്ന് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച ലെന വ്യക്തമാക്കുന്നു. അതൊരു പുതിയ സിനിമാ അനുഭവം ആയിരിക്കും. മരുഭൂമിയുടെ വിശാലത കാണണമെങ്കിൽ തിയേറ്ററിൽ തന്നെ പോയി അനുഭവിച്ചറിയേണ്ടതാണെന്ന് ലെന പറയുന്നു. സിനിമയുടെ ത്രില്ലും സസ്‌പെൻസും തിയേറ്ററിൽ നിന്നും കാണുമ്പോൾ കിട്ടുന്ന അനുഭവം ഒ.ടി.ടിയിൽ നിന്നും ലഭിക്കില്ലെന്ന് ലെന പറയുന്നു.
ബിനു പപ്പു, ലെന, സുധീർ കരമന, രഞ്ജി പണിക്കർ, സോഹൻ സീനുലാൽ, മിഥുൻ രമേഷ്, അർഫാസ് ഇഖ്ബാൽ, കൈലാഷ്, സുനിൽ സുഖദ, ഡോണി ഡാർവിൻ എന്നിവരും ചിത്രത്തിലുണ്ട്. ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ ആണ് നിർമ്മാണം. ഡാനി ഡാർവിനും ഡോണി ഡാർവിനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. ടു മെൻ എന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ടി വി രഞ്ജിത്തും മൊഹമ്മദുമാണ്. അക്കീഫ്, റൂബൻ അനു തോമസ്, അർഷാദ് ആർകെ എന്നിവരാണ് സഹസംവിധായകർ. ‘എ ജേർണി നോട്ട് ബൈ ചോയ്‌സ്’ എന്ന ടാഗ്‌ലൈനോടെയാണ് ടു മെൻ എന്ന ചിത്രം എത്തുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ആനന്ദ് മധുസൂദനൻ ആണ് ടു മെൻ എന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
Post Your Comments