ന്യൂഡല്‍ഹി : പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇനി മുതല്‍ എണ്ണ മാത്രമല്ല കറന്റും അടിക്കാം. പെട്രോള്‍ പമ്ബുകളില്‍ ബാറ്ററി ചാര്‍ജിങ് കിയോസ്‌ക് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. രാജ്യത്തെ 69,000 പെട്രോള്‍ പമ്ബുകളിലാണ് ഈ സൗകര്യം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇലക്ട്രിക്ക് വാഹന ചാര്‍ജിങ് മേഖലയിലെ അടിസ്ഥാന സൗകര്യം അവലോകനം ചെയ്യാന്‍ കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍ കെ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.
ആദ്യഘട്ടത്തില്‍ ഡല്‍ഹി എന്‍സിആറിനു പുറമെ കൊല്‍ക്കത്ത, ചെന്നൈ, ഹൈദരബാദ്, ബെംഗളൂരു, വഡോദര, ഭോപാല്‍ നഗരങ്ങളിലും ദേശീയ പാതയോരങ്ങളിലെ പെട്രോള്‍ പമ്പുകളിലും വൈദ്യുത വാഹന ചാര്‍ജിങ് സൗകര്യം ഏര്‍പ്പെടുത്താനാണ് ഊര്‍ജ മന്ത്രാലയത്തിന്റെ പദ്ധതി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ട്രിക്ക് വാഹന വില്‍പ്പന പ്രോത്സാഹിപ്പിക്കാനാണ് ഈ നീക്കം.
പൊതുമേഖല എണ്ണ കമ്പനികളുടെ ഭരണ നിയന്ത്രണത്തിലുള്ള ‘കോകോ’ പെട്രോള്‍ പമ്പുകളില്‍ ചാര്‍ജിങ് കിയോസ്‌ക് സ്ഥാപിക്കാന്‍ ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കാനാണു പെട്രോളിയം മന്ത്രാലയത്തിനുള്ള നിര്‍ദ്ദേശം. രാജ്യത്തെ എല്ലാ പെട്രോള്‍ പമ്ബുകളിലും വൈദ്യുത വാഹന ചാര്‍ജിങ്ങിനുള്ള അടിസ്ഥാന സൗകര്യം ലഭ്യമാവുമെന്നതാണു നേട്ടം. പമ്പുകളിലെല്ലാം ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള സൗകര്യം ലഭ്യമായാല്‍ കൂടുതല്‍ പേര്‍ വൈദ്യുത വാഹനം വാങ്ങാന്‍ സന്നദ്ധരാവുമെന്നാണ് കണക്കുകൂട്ടല്‍.
Post Your Comments