ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയും ചൈനയും മുഖാമുഖം നിലയുറപ്പിച്ചിരിക്കുകയാണ്. ഇതിനിടെ ചുഷൂല്‍ താഴ്വരയില്‍ ചൈനീസ് പട്ടാളത്തെ നേരിടാന്‍ ഇന്ത്യന്‍ സൈന്യത്തോട് ചേര്‍ന്ന് നാട്ടുകാരും. തമ്പടിച്ചിരിക്കുകയാണ്. സൈനികര്‍ക്ക് ആവശ്യമുളള വെളളം, ആഹാരം, മരുന്ന് തുടങ്ങിയ അവശ്യസാധനങ്ങള്‍ തലച്ചുമടായി എത്തിച്ചാണ് നാട്ടുകാര്‍ ചൈനയ്‌ക്കെതിരെയുളള പോരാട്ടത്തില്‍ ഭാഗവാക്കാകുന്നത്. ആവശ്യമുളളത് അറിയിച്ചാല്‍ മാത്രം മതി. പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് കൃത്യമായി സാധനങ്ങള്‍ എത്തിയിരിക്കും.
ബ്ലാക്ക് ടോപ്പില്‍ (13,000 അടി ഉയരത്തില്‍ )വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്കാണ് നാട്ടുകാര്‍ സാധനങ്ങള്‍ എത്തിക്കുന്നത്. ഇവിടേക്ക് സൈനിക നീക്കങ്ങള്‍ക്കുളള സാധനങ്ങള്‍ എത്തിക്കുന്നത് സൈന്യത്തിനുപോലും കടുത്ത വെല്ലുവിളിയാണ്. നാട്ടുകാരുടെ സ്‌നേഹത്തിന് മുന്നില്‍ വീര്‍പ്പുമുട്ടുകയാണ് ഇന്ത്യന്‍ സൈനികര്‍. ആവശ്യമെങ്കില്‍ അതിര്‍ത്തിയില്‍ പ്രശ്‌നമുണ്ടാക്കുന്ന ചൈനീസ് പട്ടാളത്തെ കായികമായി നേരിടാനും ഇവരില്‍ പലരും തയ്യാറാണത്രേ. സന്നദ്ധസേവകരെ പ്രശംസിച്ചുകൊണ്ട് ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡവലപ്പ്‌മെന്റ് കൗണ്‍സിലിലെ വിദ്യാഭ്യാസ എക്‌സിക്യൂട്ടീവ് കൗണ്‍സിലര്‍ കൊഞ്ചോക്ക് സ്റ്റാന്‍സില്‍ അവരുടെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റുചെയ്തത് മണിക്കൂറുകള്‍ക്കകം വൈറലാവുകയും ചെയ്തു. 170 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന താഴ്വരയില്‍ ഭൂരിഭാഗവും ടിബറ്റന്‍ വംശജരാണ്.
മുന്‍ സൈനികരും, യുവാക്കളാണ് സൈന്യത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ മുന്നിലുളളത്. ഇവര്‍ക്കൊപ്പം സ്ത്രീകളും കുട്ടികളും രംഗത്തുണ്ട്. സാധനങ്ങള്‍ ചുമന്നും കൈയില്‍ തൂക്കിപ്പിടിച്ചും ചെങ്കുത്തായ മലകളിലൂടെ കിലോമീറ്ററുകള്‍ നടന്നാണ് ഇവര്‍ സൈനികരുടെ അടുത്തെത്തുന്നത്. ഈ യാത്രയില്‍ ക്ഷീണവും തളര്‍ച്ചയുമൊന്നും അവര്‍ക്കൊരു പ്രശ്‌നമേ അല്ല. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ സ്വന്തംജീവന്‍പോലും തൃണവത്ഗണിച്ച് പ്രതികൂല സാഹചര്യങ്ങളോട് പൊരുതി അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നത് തങ്ങളുടെ കടമയായാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്.
‘യൂണിഫോമില്ലാത്ത സൈനികര്‍’ എന്നാണ് ഇവരെ പലരും വിശേഷിപ്പിക്കുന്നത്. നേരത്തേ തങ്ങള്‍ക്ക് ആവശ്യമുളള സാധനങ്ങള്‍ എത്തിച്ചുനല്‍കാന്‍ സൈനികര്‍ നാട്ടുകാരെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന് പ്രതിഫലവും നല്‍കിയിരുന്നു.താഴ്വര പിടിച്ചടക്കാനുളള ചൈനയുടെ നീക്കത്തെ ധീരമായി ചെറുത്തതോടെ സൈന്യത്തെ സഹായിക്കാന്‍ കൂടുതല്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.
13,000 അടിയിലധികം ഉയരത്തിലാണ് ഇന്ത്യയും ചൈനയും തമ്മിലുളള യഥാര്‍ത്ഥ നിയന്ത്രണരേഖ. താഴ്വരയിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ ഇന്ത്യയുടെ പൂര്‍ണ നിയന്ത്രണത്തിലാണ്. അതിനാല്‍ ചൈനയുടെ നീക്കങ്ങള്‍ എല്ലാം വളരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ ഇന്ത്യക്ക് കഴിയും. യുദ്ധസമയത്ത് ഈ മേഖലയില്‍ ആക്രമണം നടത്താന്‍ ചൈനീസ് സൈന്യം ഉപയോഗിച്ചിരുന്ന സ്പാന്‍ഗുര്‍ ഇടനാഴിയും ഇന്ത്യന്‍ സൈന്യത്തിന് വളരെ വ്യക്തമാണ്. ഇതാണ് ചുഷൂല്‍ കാല്‍ക്കീഴിലാക്കാന്‍ ചൈനശ്രമിക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. ചുഷൂല്‍ തങ്ങളുടെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്.
Post Your Comments