കോഴിക്കോട് : ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് സമന്‍സ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് സമന്‍സ് അയച്ചത്. ബിനീഷ് കോടിയേരി ബിസിനസിന് സാമ്പത്തിക സഹായം നല്‍കിയിരുന്നതായി മയക്കുമരുന്ന് കേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദ് മൊഴി നല്‍കിയിരുന്നു. അനൂപുമായി ബിനീഷ് പലതവണ ടെലഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും പുറത്തു വന്നിരുന്നു.
ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദ് നല്‍കിയ മൊഴിയുടെയും പുറത്തുവന്ന തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ബിനീഷ് കോടിയേരിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമന്‍സ് നല്‍കിയത്. ബിനീഷ് കോടിയേരി പല തവണയായി സാമ്പത്തികസഹായം നല്‍കിയിരുന്നതായി ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ബംഗളൂരു ആസ്ഥാനമായി ബിനീഷ് കോടിയേരി തുടങ്ങിയ ബി കാപ്പിറ്റല്‍ ഫൈനാന്‍സ് സ്ഥാപനം വഴി നല്‍കിയ പണം ഉപയോഗിച്ചാണ് അനൂപ് ഹോട്ടല്‍ തുടങ്ങിയതെന്നും ഈ ഹോട്ടലില്‍ വെച്ചാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
അതേസമയം കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നാണ് സി.പി.എം നിലപാടെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. കുറ്റക്കാരെ ബംഗളുരു പോലീസ് കണ്ടെത്തട്ടെയെന്നും ജയരാജന്‍ വ്യക്തമാക്കി. കേസില്‍ അനൂപ് മുഹമ്മദിന് പുറമെ മലയാളികളായ രാജേഷ് രവീന്ദ്രനും സിനിമാബന്ധമുള്ള അരൂര്‍ സ്വദേശി നിയാസും അറസ്റ്റിലാണ്. കേസില്‍ കന്നട നടി രാഗിണി ദ്വിവേദി ഉള്‍പ്പെടെയുള്ളവരും അറസ്റ്റിലാണ്.
Post Your Comments