ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് മരണങ്ങളില്‍ 70 ശതമാനവും അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്നാട് എന്നി അഞ്ചു സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കോവിഡ് മരണങ്ങള് സംഭവിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞു.
കേന്ദ്ര ഭരണപ്രദേശങ്ങളും സംസ്ഥാനങ്ങളും ഉള്‍പ്പടെ പതിന്നാലിടങ്ങളില് അയ്യായിരത്തില്‍ താഴെ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും രാജേഷ് ഭൂഷണ് വ്യക്തമാക്കി. ലോകത്തെ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം വളരെ കുറവാണ്.രാജ്യത്ത് പത്തുലക്ഷത്തില്‍ 3,102 പേര് എന്ന തോതിലാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. പത്തുലക്ഷത്തില്‍ 3527 കോവിഡ് കേസുകളാണ് ആഗോള ശരാശരി. മെക്സിക്കോയില്‍ പത്തുലക്ഷത്തില്‍ 4,945ഉം . റഷ്യയില്‍ 7,063 ഉം യുഎസില്‍ 19,549ഉം ബ്രസീലില്‍ 19,514 ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാജ്യത്തെ മരണനിരക്കും മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. ഓഗസ്റ്റ് ആദ്യവാരത്തില്‍ 2.15 ശതമാനമായിരുന്നു മരണനിരക്ക് എങ്കില്‍ ഇപ്പോൾ 1.70 ശതമാനമായി കുറഞ്ഞു. ആഗോള മരണനിരക്ക് 3.04 ശതമാനമാണ്. ഇന്ത്യയില്‍ പത്തുലക്ഷം പേരില്‍ 53 പേരാണ് കോവിഡ് ബാധയെ തുടര്‍ന്ന് മരണമടയുന്നത്. മറ്റുരാജ്യങ്ങളില്‍ ഇത് അഞ്ഞൂറും അറുന്നൂറുമാണ്. പരിശോധനയിലും ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്.
അഞ്ചുകോടിയിലധികം പരിശോധനകള്‍ ഇതിനകം നടത്തി. ദിവസം പത്തുലക്ഷം എന്ന തോതിലാണ് നിലവില്‍ പരിശോധനകള്‍ നടക്കുന്നതെന്നും രാജേഷ് ഭൂഷണ് പറഞ്ഞു.
Post Your Comments