ദില്ലി: മൊറട്ടോറിയം സംബന്ധിച്ച കേസില്‍ നിര്‍ണ്ണായക നിലപാടെടുത്ത് സുപ്രീം കോടതി. മൊറട്ടോറിയവും പിഴപ്പലിശയും ഒന്നിച്ച് കൊണ്ടുപോകാനാകില്ലെന്നും കഴിഞ്ഞ മാസം വരെ തിരിച്ചടക്കാത്ത വായ്പകള്‍, ഈ കേസില്‍ അന്തിമ തീരുമാനം വരുന്നത് വരെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്നും കോടതി പ്രഖ്യാപിച്ചു. സെപ്തംബര്‍ പത്തിന് രാവിലെ പത്തരയ്ക്ക് കേസ് വീണ്ടും വാദം കേള്‍ക്കും.
ശക്തമായ വാദ പ്രതിവാദമാണ് കേസില്‍ നടന്നത്. മോറട്ടറോറിയവും പിഴപലിശയും സംബന്ധിച്ച് റിസര്‍വ് ബാങ്ക് സുപ്രീം കോടതിയില്‍ വിശദീകരണം നല്‍കണം. പ്രശ്നങ്ങള്‍ പരിഹരിക്കാനായി സര്‍ക്കാരും ആര്‍ബിഐയും ഇടപെടുന്നുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ആരും ഇടപെടുന്നില്ലെന്നാണ് ജനത്തിന്റെ പരാതിയെന്ന് കോടതി പ്രതികരിച്ചു.
ഓഗസ്‌റ്റ് 31-വരെ കിട്ടാക്കടമായി പ്രഖ്യാപിച്ചിട്ടില്ലാത്ത വായ്‌പകള്‍ കേസിലെ അന്തിമ വിധി വരുന്നതുവരെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്നു കോടതി ഉത്തരവിട്ടു. കൂടുതല്‍ വാദം കേള്‍ക്കാനായി കേസ് ഈമാസം പത്തിലേക്ക് മാറ്റി.ലോക്ക്‌ഡൗണിന് മുമ്പ് തന്നെ സാമ്പത്തിക പ്രതിസന്ധി നേരിട്ടവര്‍ ലോക്ക്‌ഡൗണ്‍കാലത്ത് കൂടുതല്‍ പ്രതിസന്ധിയിലായില്ലേ എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചു.
മൊറട്ടോറിയവും പിഴപ്പലിശയും സംബന്ധിച്ച് റിസര്‍വ് ബാങ്ക് വിശദീകരണം നല്‍കണമെന്നും ജസ്‌റ്റിസ് അശോക് ഭൂഷണ്‍, എം.ആര്‍. ഷാ, ആര്‍. സുഭാഷ് റെഡ്‌ഡി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. മൊറട്ടോറിയം നിലനില്‍ക്കെ എങ്ങനെ പിഴപ്പലിശ ഈടാക്കാനാകുമെന്നു ജസ്‌റ്റിസ് അശോക് ഭൂഷണ്‍ ആരാഞ്ഞു.പ്രശ്‌നപരിഹാരത്തിനായി ഇടപെട്ടുവെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക് ഗുണം കിട്ടുന്നില്ലെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നതെന്നും കോടതി പറഞ്ഞു.
എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും ഇടപെടുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബാങ്ക് പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട സമിതി രൂപീകരിക്കുമെന്ന് ആര്‍.ബി.ഐ. വ്യക്‌തമാക്കി.
Post Your Comments