തിരുവനന്തപുരം : കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് തുടക്കം കുറിച്ചത് കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ചേർന്നാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിന് ശേഷം സംസ്ഥാനത്തെ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ നടക്കുന്ന വ്യാപകമായ അക്രമത്തിൽ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റുമാർ നടത്തുന്ന ഏകദിന ഉപവാസ സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
നിങ്ങളുടെ ഭാഗത്ത് നിന്നാണ് സമാധാനം ഉണ്ടാവേണ്ടത്. സി.പി.എം ആയുധം താഴെ വെക്കാൻ അണികൾക്ക് നിർദേശം കൊടുത്താൽ കേരളത്തിൽ അക്രമ രാഷ്ട്രീയം അവസാനിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. പോലീസും അന്വേഷണവുമെല്ല അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള വഴിയെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
Read Also : ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സി.പി.എമ്മിന്‍റെ രാഷ്ട്രീയ നാടകം- കൊടിക്കുന്നില്‍ സുരേഷ് എം.പി
ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് സി.പി.എം വീണ് കിട്ടിയ അവസരം ഉപയോഗിക്കുകയാണ്. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിന് ശേഷമുള്ള കൊലപാതകം രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. ഇത് വഴി അഴിമതിയാരോപണങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ച് വിടാനുള്ള വഴിയായി കൊലപാതകത്തെ സി.പി.എം ഉപയോഗിക്കുകയാണ്. രാഷ്ട്രീയ കൊലപാതകമാണെന്ന് പറയാൻ കഴിയില്ലെന്നാണ് ഡി.ഐ.ജി സഞ്ജയ് കുമാർ ഗരുഡ് അടക്കമുള്ളവരും ആറ്റിങ്ങൽ ഡി.വൈ.എസ്.പിയുമെല്ലാം പറഞ്ഞത്.
രാഷ്ട്രീയ കൊലപാതകമാണെന്ന് പറയുന്ന റൂറൽ എസ്.പി ബി.അശോക് തന്റെ ഐ.പി.എസ് കൺഫേർഡ് ആക്കി തന്നതിന്റെ നന്ദി കാണിക്കുകയാണ്. സ്വഭാവ ദൂഷ്യത്തിന് നിരവധി ശിക്ഷാ നടപടികൾ ഏറ്റുവാങ്ങേണ്ടി വന്ന ഒരു ഉദ്യോഗസ്ഥനാണ് അദ്ദേഹം. പിന്നെ എങ്ങനെയാണ് ഐ.പി.എസ് ലഭിച്ചത്. ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
Post Your Comments