
ശ്രീകണ്ഠപുരം : ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മയും കുഞ്ഞും മരിച്ചു . കുടുംബത്തെ ആത്മഹത്യയിലേക്കു നയിച്ചത് ബ്ലേഡ് മാഫിയ എന്ന് സൂചന . പയ്യാവൂര്‍ പൊന്നുംപറമ്പില്‍ ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മ സ്വപ്ന അനീഷാണ് (31) മരിച്ചത്. സ്വപ്നയുടെ ഇളയ കുട്ടി അന്‍സില ആഗ്‌നസ് അനീഷ് (രണ്ടര) 30ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചിരുന്നു. മൂത്ത കുട്ടി അസില്‍ മരിയ അനീഷ് (11) ചികിത്സയിലാണ്.
ബ്ലേഡ് മാഫിയ നല്‍കിയ സമ്മര്‍ദമാണു കുടുംബത്തെ ആത്മഹത്യയിലേക്കു നയിച്ചത് എന്ന പരാതി വ്യാപകമായതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.പി.പ്രേമരാജന്റെ നേതൃത്വത്തിലുള്ള സംഘം പൊന്നുംപറമ്പിലെ വീട്ടിലെത്തി തെളിവെടുപ്പു നടത്തി. ഇവിടെ നിന്ന് ഒരു കത്ത് കണ്ടെടുത്തിട്ടുണ്ട്. കത്തില്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ഉണ്ടെന്നാണു സൂചന.
വിരലടയാള വിദഗ്ധരും ഫൊറന്‍സിക് സംഘവും വീട്ടില്‍ എത്തി തെളിവെടുപ്പു നടത്തി. 27ന് രാത്രി വിഷം കലര്‍ത്തിയ ഐസ്‌ക്രീം കഴിച്ച് ഇവര്‍ ഉറങ്ങാന്‍ കിടക്കുകയായിരുന്നു. എന്നാല്‍ 28നു രാവിലെ സ്വപ്ന ഉണര്‍ന്നു. അപ്പോള്‍ മൂത്ത മകള്‍ക്കു വലിയ പ്രശ്‌നമൊന്നും കണ്ടില്ല. എന്നാല്‍ ചെറിയ കുട്ടി തീരെ അവശനിലയില്‍ ആയി. ഉടന്‍ സ്വപ്ന പരിചയത്തിലുള്ള നഴ്‌സിനെ വിളിച്ചു കാര്യം പറഞ്ഞു. അവര്‍ അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. സ്വപ്നയുടെ മൃതദേഹം തിരൂരിലെ വീട്ടില്‍ എത്തിച്ചതിനു ശേഷം കാഞ്ഞിരക്കൊല്ലി വിമലാംബിക പള്ളിയില്‍ സംസ്‌കരിച്ചു.
സ്വപ്നയുടെ ഭര്‍ത്താവ് അനീഷ് ഇസ്രയേലില്‍ ആണ്. പയ്യാവൂര്‍ എസ്ബിഐക്കു സമീപം അക്കൂസ് കലക്ഷന്‍സ് എന്ന വസ്ത്ര സ്ഥാപനം നടത്തുകയായിരുന്നു സ്വപ്ന. സമീപ കാലത്തായി ഗുരുതരമായ സാമ്പത്തിക പ്രശ്‌നം ഇവരെ അലട്ടിയിരുന്നതായി സൂചനയുണ്ട്. പൊന്നുംപറമ്പില്‍ ഇവര്‍ വലിയ ഒരു വീട് വാങ്ങിയിരുന്നുവെന്നും ഇതാണു സാമ്പത്തിക പ്രതിസന്ധിക്കു കാരണമായതെന്നും പറയപ്പെടുന്നു.
Post Your Comments