തിരുവനന്തപുരം • വെഞ്ഞാറന്മൂട് കൊലപാതകങ്ങളുടെ മറവിൽ കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മുകാർ ആക്രമിച്ച കെ.പി.സി.സി അംഗം ജി.ലീനയുടെ വീട് സന്ദർശിച്ചു. പുലർച്ചെ രണ്ട് മണിക്ക് ബൈക്കിൽ വന്ന അക്രമികൾ വാതിലുകളും ജനലുകളും അടിച്ചുതകർക്കുകയായിരുന്നു. ലീനയ്ക്കും മകനും സാരമായ പരിക്കുകളുണ്ട്.
പട്ടിക വിഭാഗത്തിൽപ്പെട്ട യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറികൂടിയായ ലീനയുടെ വീട് ആദ്യമായിട്ടല്ല സി.പി.എം ആക്രമിക്കുന്നത്. 15 വർഷമായി സ്ഥിരമായി സി.പി.എം വേട്ടയാടുകയാണെന്ന് ലീന പറഞ്ഞു. കോൺഗ്രസിനെതിരെ സി.പി.എമ്മിന് എപ്പോൾ പ്രശ്നമുണ്ടായാലും ആദ്യം ഇരയാകുന്നത് ലീനയെപോലുളള പാവപെട്ട കോൺഗ്രസ് പ്രവർത്തകരാണ്.
ലീനയടക്കമുള്ളവരെ ആക്രമിക്കുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. കോൺഗ്രസിന് ബന്ധമില്ലാത്ത വെഞ്ഞാറമൂട് കൊലപാതകത്തിന്റെ പേരും പറഞ്ഞു കേരളവ്യാപകമായി കോൺഗ്രസ് പ്രവർത്തകരെയും ഓഫീസുകളും സ്ഥാപനങ്ങളും തകർക്കുന്നത് അത്യന്തം നീചമായ പ്രവർത്തിയാണ്. ഇതിന് പോലീസ് കൂട്ട് നിൽക്കുന്നത് അപലപനീയമാണ്.
വെഞ്ഞാറമൂട് കൊലപാതകങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ പോലീസ് കണ്ടുപിടിക്കണം. സത്യം പുറത്തുവരാൻ നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകണം. അതോടൊപ്പം ലീനയുടെ വീടും കോൺഗ്രസ് ഓഫീസുകളും ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Post Your Comments