ചെന്നൈ • നിരവധി ക്രിമിനല്‍ കേസുകളില്‍ തമിഴ്നാട് പോലീസ് തേടുന്ന കുറ്റവാളി തമിഴ്നാട്ടിൽ നടന്ന പരിപാടിയിൽ ബി.ജെ.പിയിൽ ചേരാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരെ കണ്ട് രക്ഷപ്പെട്ടു. നിരവധി കേസുകളുള്ള സൂര്യ തമിഴ്നാട് പാർട്ടി മേധാവി എൽ മുരുകന്റെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേരാൻ ഒരുങ്ങുകയായിരുന്നു. എന്നാല്‍ ചടങ്ങില്‍ പോലീസുകാരെ കണ്ടതോടെ ഓടിരക്ഷപ്പെടുകയായിരുന്നു. സൂര്യയുടെ നാല് കൂട്ടാളികളെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു.
ആറ് കൊലപാതക കേസുകളടക്കം 35 ലധികം കേസുകൾ സൂര്യയ്ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബി.ജെ.പി ചടങ്ങിൽ ഇയാള്‍ പങ്കെടുക്കുമെന്ന് ചെംഗൽപ്പട്ടു പോലീസിന് സൂചന ലഭിച്ചു. സംഘം വേദിയിലെത്തി സ്ഥലം വളഞ്ഞെങ്കിലും സൂര്യ കാറിൽ രക്ഷപ്പെടുകയായിരുന്നു.
സി.ആർ.പി.സി.യിലെ സെക്ഷൻ 41 പ്രകാരം പോലീസ് ഇയാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് സംസ്ഥാന പ്രസിഡന്റ് മുരുകനോട് ചോദിച്ചപ്പോൾ പാർട്ടിയിൽ ചേരുന്നവരുടെ പശ്ചാത്തലം അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
2020 ഓഗസ്റ്റിൽ മറ്റൊരു കുറ്റവാളി ബി.ജെ.പിയിൽ ചേര്‍ന്നതിന്റെ പേരില്‍ തമിഴ്നാട് ബി.ജെ.പി യൂണിറ്റ് വിമര്‍ശനം നേരിട്ടിരുന്നു.
Post Your Comments