കണ്ണൂര്‍: ആയുധം കൊണ്ട് അക്രമിച്ചാല്‍ തിരിച്ചും അക്രമിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്. വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തിന് പിന്നാലെ കണ്ണൂരില്‍ വിവിധ ഇടങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സുധാകരന്റെ ഭീഷണി.
അക്രമം തുടരണമോ വേണ്ടയോ എന്ന് സിപിഎം പരസ്യമായി പറയണമെന്നും കണ്ണൂര്‍ ജില്ലയില്‍ സിപിഎം അടിച്ചാല്‍ കോണ്‍ഗ്രസ് തിരിച്ചടിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം തുടര്‍ച്ചയായി അക്രമം നടത്തുകയാണെന്നും കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കുകയുമാണെന്നും സുധാകരന് എംപി പറഞ്ഞു.
ഡിവൈഎഫ്ഐ കലിങ്ങിന്‍ മുഖം യൂണിറ്റ് പ്രസിഡന്റ് ഹഖ് മുഹമ്മദ് (24)നെയും തേവലക്കാട് യൂണിറ്റ് സെക്രട്ടറി മിഥിലാജ് (32) നെയുമാണ് അഞ്ച് പേരടങ്ങിയ സംഘം കൊലപ്പെടുത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊലപ്പെടുത്തിയതെന്ന് സംഭവസമയത്ത് ഇരുവര്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന എസ്എഫ്ഐ തേമ്പാമുട് മേഖല സെക്രട്ടറി സഹിന് പൊലീസിന് മൊഴി നല്‍കിയത്. രാത്രി 11.30 ന് ഹഖ് മുഹമ്മദിനെ വീട്ടില്‍ കൊണ്ടുവിടാന്‍ പോയപ്പോഴാണ് ആക്രമിക്കപ്പെട്ടത്.
സംഭവത്തില്‍ ഇതുവരെ എട്ടു പേരാണ് പിടിയിലായത്. പിടിയിലായവരില്‍ ഏറെയും കോണ്‍ഗ്രസ്, ഐഎന്‍ടിയുസി പ്രവര്‍ത്തകരാണന്ന് പൊലീസ് അറിയിച്ചു. മൂന്നുപ്രതികളുടെ കൂടി അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിയ മദപുരം സ്വദേശിനി പ്രീജ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഏഴായി.
Post Your Comments