ദില്ലി: കോടതിയലക്ഷ്യക്കേസില്‍ സുപ്രീം കോടതി വിധിച്ച ശിക്ഷയായ ഒരു രൂപ പിഴ അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍. ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് പ്രശാന്ത് ഭൂഷണ്‍ ഇക്കാര്യം അറിയിച്ചത്. പ്രശാന്ത് ഭൂഷണ്‍ ഒരു രൂപ നാണയവുമായി ഇരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കേസ് അദ്ദേഹത്തിന് വേണ്ടി സുപ്രീം കോടതിയില്‍ വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ആണ് കോടതി വിധിക്ക് പിന്നാലെ തനിക്ക് ഒരു രൂപ സംഭാവന ചെയ്തത് എന്ന് പ്രശാന്ത് ഭൂഷണ്‍ ചിത്രത്തിനൊപ്പം ട്വിറ്ററില്‍ കുറിച്ചു.തന്റെ ട്വീറ്റുകള്‍ സുപ്രീം കോടതിയെ അപമാനിക്കാനുദ്ദേശിച്ചുളളവ ആയിരുന്നില്ല.
സുപ്രീം കോടതിയുടെ മികച്ച റെക്കോര്‍ഡില്‍ നിന്നുളള വ്യതിചലനം കണ്ടപ്പോഴുണ്ടായ നിരാശയില്‍ നിന്നുളള പ്രതികരണമായിരുന്നു ആ ട്വീറ്റുകള്‍ എന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി സമര്‍പ്പിക്കുന്നില്ലെന്നും കോടതി പറഞ്ഞത് പ്രകാരം പിഴ ഒടുക്കുമെന്നും പ്രശാന്ത് ഭൂഷണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനും തന്റെ ലീഗല്‍ ടീമിനും നന്ദി പറയുന്നു. തനിക്കിപ്പോള്‍ മുന്‍പത്തേക്കാളുമധികം ആത്മവിശ്വാസമുണ്ട്. സത്യം വിജയിക്കും എന്ന് തന്നെ താന്‍ വിശ്വസിക്കുന്നു.
സത്യമേവ ജയതേ. ജനാധിപത്യം വാഴട്ടെ എന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ഈ കേസ് നിരവധി ആളുകള്‍ക്ക് അനീതിക്കെതിരെ ശബ്ദം ഉയര്‍ത്താനുളള പ്രചോദനമായി മാറിയിരിക്കുകയാണ്. ഒരു പൗരന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം എന്ന നിലയ്ക്കാണ് താന്‍ ആ ട്വീറ്റുകളെ കാണുന്നത് എന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
വിജയ് മല്യയുടെ പുനപ്പരിശോധനാ ഹർജി സുപ്രിംകോടതി തള്ളി
കോടതിയലക്ഷ്യക്കേസില്‍ ഒരു രൂപ പിഴ ശിക്ഷയാണ് ഇന്ന് സുപ്രീം കോടതി പ്രശാന്ത് ഭൂഷണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ പ്രശാന്ത് ഭൂഷണ്‍ മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കേണ്ടതായി വരും. പിഴ അടച്ചില്ലെങ്കില്‍ തടവിന് പിറകെ മൂന്ന് വര്‍ഷത്തേക്ക് പ്രാക്ടീസ് വിലക്കുമെന്നും സുപ്രീം കോടതി വിധിച്ചു. സെപ്റ്റംബര്‍ 15ന് മുന്‍പ് പിഴ അടക്കം. പിഴ രജിസ്ട്രിയില്‍ കെട്ടി വെയ്ക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
Post Your Comments