ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന പ്രണബ് കുമാര്‍മുഖര്‍ജി രാഷ്ട്രപതി സ്ഥാനത്ത് ഇരുന്ന സമയത്ത് തന്നെ ആര്‍എസ്‌എസ് ബിജെപി നേതാക്കളുമായി ഗാഢമായ ആത്മബന്ധം സൂക്ഷിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍എസ്‌എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് തുടങ്ങിയവരുമായാണ് അദ്ദേഹം ഏറെ അടുപ്പം നിലനിര്‍ത്തിപ്പോന്നിരുന്നത്. ഇതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും മറ്റും അദ്ദേഹം വളരെയധികംവിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസും, സുഹൃത്തുക്കള്‍ ഏറെയുള്ള ഇടതുപക്ഷവും ഒന്നിച്ച് നാഗ്പൂര്‍ സന്ദര്‍ശനത്തില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടും അദ്ദേഹം ചെവിക്കൊണ്ടില്ല.
മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി പോലും അതൃപ്തിയറിയിച്ചിട്ടും അദ്ദേഹം നാഗ്പൂരിലെത്തി, എന്നുമാത്രമല്ല ആര്‍എസ്‌എസ് സ്ഥാപകന്‍ കെ ബി ഹെഡ്ഗേവാറിനെ ‘ഭാരതമാതാവിന്റെ മഹാനായ പുത്രന്‍’ എന്നു വിശേഷിപ്പിച്ചതും രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരുന്നു. എന്നാല്‍ പോലും അദ്ദേഹം തന്റെ സമീപനത്തില്‍ മാറ്റം വരുത്തുവാന്‍ തയ്യാറായിരുന്നില്ല. ഇതിന് ശേഷമാണ് രാഷ്ട്രപതിയായിരിക്കെ തന്നെ പ്രണബ് മുഖര്‍ജി ആര്‍എസ്‌എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവതിനെ രാഷ്ട്രപതി ഭവനിലേക്ക് ക്ഷണിച്ച് വിരുന്നു നല്‍കിയത്.
ഇന്ത്യയുടെ ചരിത്രത്തില്‍ ആര്‍എസ്‌എസ് തലവന് രാഷ്ട്രപതി ഭവനില്‍ വിരുന്നുനല്‍കിയ ആദ്യസംഭവമായിരുന്നു അത്. ഇതിന് ശേഷം ഇരുവരും തമ്മില്‍ നിരവധി തവണ കൂടിക്കാഴ്ച നടത്തി. ഇതോടൊപ്പം പ്രണബ് മുഖര്‍ജിയെ മോഹന്‍ഭാഗവത് ഫോണില്‍ വിളിച്ച് വിശേഷ ദിവസങ്ങളില്‍ ആശംസകളും നേര്‍ന്നിരുന്നു. പക്ഷേ ഇത് തുടര്‍ച്ചയായ രാഷ്ട്രീയ തിരിച്ചടികളില്‍ മനം മടുത്തുപോയ ഒരു വ്യക്തിയുടെ പ്രതികാരം കൂടിയായി വേണമെങ്കില്‍ കണക്കാക്കാം. കഴിവും പ്രതിഭയും ഉണ്ടായിട്ടും എക്കാലവും കോണ്‍ഗ്രസില്‍ രണ്ടാമനായി നില്‍ക്കാനായിരുന്നു അദ്ദേഹത്തിന്റെ യോഗം.
രണ്ടുതവണയാണ് കപ്പിനും ചുണ്ടിനും ഇടയില്‍ അദ്ദേഹത്തിന് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായത്. ഇന്ദിരാഗാന്ധിക്കുശേഷം രാജ്യത്തെ നയിക്കേണ്ടത് പ്രണബ് മുഖര്‍ജിയാണെന്ന് പൊതുവെ അഭിപ്രായം ഒരുകാലത്ത് ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ കുടുംബാധിപത്യത്തില്‍ വിശ്വസിച്ചിരുന്ന കോണ്‍ഗ്രസ് ഭരണ പരിചയം ഇല്ലാത്ത രാജീവ്ഗാന്ധിയെ ആണ് പരിഗണിച്ചത്. പിന്നീട് ഒന്നാം യുപിഎ സര്‍ക്കാറിന്റെ കാലത്തും സ്വത്തം വ്യക്തിത്വം പ്രണബ്ദാക്ക് പാരയായി. പ്രണബ്മുഖര്‍ജിക്ക് പകരം മന്മോഹന്‍സിങിനെ പ്രധാനമന്ത്രിയാക്കിയതിന് പിന്നില്‍ ഗാന്ധി കൂടുംബത്തോടുള്ള വിധേയത്വം മാത്രമായിരുന്നു.
കോണ്‍ഗ്രസ് ചെയ്ത രാഷ്ട്രീയ ആത്മഹത്യയായിരുന്നു ഇതെന്നും, പ്രണബിനെപ്പോലുള്ള ഒരു ജനകീയ നേതാവ് പ്രധാനമന്ത്രിയായിരുന്നെങ്കില്‍ മോദി തരംഗം ഉണ്ടാവുമായിരുന്നില്ല എന്നുപോലും പില്‍ക്കാലത്ത് വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു.ഇനി അദ്ദേഹത്തെ രാഷ്ട്രപതിയാക്കിയതും ഒതുക്കാനായുള്ള സോണിയാ ഗാന്ധിയുടെ ബുദ്ധിയാണെന്ന് പൊതുവെ പ്രചാരണം ഉണ്ടായിരുന്നു. വ്യക്തിത്വമുള്ള സ്വന്തമായി ഏത്കാര്യത്തിലും അഭിപ്രായമുള്ള പ്രണബിനെ കോണ്‍ഗ്രസ് നേതൃത്വത്തിന് സത്യത്തില്‍ ഭയമായിരുന്നു. അങ്ങനെ രാഷ്ട്രപതിയാക്കി ഫലത്തില്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ ഒതുക്കുകയായിരുന്നു. എന്നാല്‍ മോദി അധികാരത്തില്‍ എത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.
ഇന്ദിരാഗാന്ധിയുടെ വിശ്വസ്തന്‍ രാജീവ് ഗാന്ധിക്കും പിന്നീട് സോണിയയ്ക്കും അപ്രിയനായത് ഇങ്ങനെ
സ്വന്തം പാര്‍ട്ടിയില്‍നിന്ന് കിട്ടാത്ത അംഗീകാരായിരുന്നു അദ്ദേഹത്തിന് മോദിയില്‍നിന്നും ബിജെപിയില്‍നിന്നും കിട്ടിയത്. പ്രധാനമന്ത്രി അടക്കമുള്ള ആളുകള്‍ കിട്ടുന്ന അവസരങ്ങളിലൊക്കെ പ്രണബിന്റെ സംഭാവനകളെ കുറിച്ച് പറയാറുണ്ടായിരുന്നു. പ്രണബ് വിരമിച്ചപ്പോള്‍ വികാര നിര്‍ഭരമായ കത്തെഴുതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ തന്നെ അംഗീകരിക്കാത്ത കോണ്‍ഗ്രസിന് കൊടുത്ത മുട്ടന്‍ പണിതന്നെയാിരുന്നു അദ്ദേഹത്തിന്റെ നാഗ്പുര്‍ സന്ദര്‍ശനം.
രാഷ്ട്രപതി സ്ഥാനത്ത് നിന്നും ഇറങ്ങിയതിന് ശേഷമാണ് 2018 ജൂണ്‍ 7ന്‌ആര്‍എസ്‌എസ് ആസ്ഥാനമായ നാഗ്പൂരില്‍ നടന്ന ത്രിതീയ വര്‍ഷ സംഘ ശിക്ഷ വര്‍ഗിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തത്. ചടങ്ങില്‍ അദ്ദേഹം ആര്‍എസ്‌എസ് സ്ഥാപകന്‍ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ നേട്ടങ്ങളെപ്രശംസിക്കുകയും, ഹെഡ്‌ഗേവാര്‍ ഭാരതാംബയുടെ മഹാനായ പുത്രന്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ഡോക്ടര്‍ജിയുടെ ജന്മഗൃഹത്തിലെത്തിയ പ്രണബ് സന്ദര്‍ശക ബുക്കില്‍ കുറിച്ചത് ”ഞാന്‍ ഇവിടെ വന്നത് ഭാരതത്തിന്റെ മഹാനായ പുത്രന്‍ ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗേവാറിന് ആദരവ് അര്‍പ്പിക്കാന്‍ വേണ്ടിയാണ്” എന്നാണ്. മോഹന്‍ ഭാഗവതിനൊപ്പമായിരുന്നു അദ്ദേഹം സന്ദര്‍ശനം നടത്തിയത്. ശേഷം അദ്ദേഹം ഡോക്ടര്‍ജിയുടെയും രണ്ടാമത്തെ സര്‍സംഘചാലക് ഗുരുജി ഗോള്‍വള്‍ക്കറിന്റെയും സ്മൃതികുടീരത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തിരുന്നു.
രാഷ്ട്രപതിയായിരിക്കെയുള്ള അവസാന ഔദ്യോഗിക ദിവസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് ലഭിച്ച കത്ത് തന്റെ ഹൃദയം തൊട്ടെന്ന് പ്രണബ് മുഖര്‍ജി പറയുകയും ചെയ്തിരുന്നു. രാഷ്ട്രത്തിന് താങ്കള്‍നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവനയ്ക്ക് നന്ദി അറിയിക്കുന്നു. നേതൃത്വം കൊണ്ടും ഉന്നത മൂല്യങ്ങള്‍ കൊണ്ടും ലാളിത്യം കൊണ്ടും അങ്ങ് ഞങ്ങളെ പ്രചോദിപ്പിച്ചു. പ്രധാനമന്ത്രി ആയതിന് ശേഷം എനിക്ക് മുമ്ബിലുള്ള ജോലി കഠിനവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു.
ഈ വേളയിലെല്ലാം നിങ്ങള്‍ ഒരു പിതാവിനെപ്പോലെ നിന്നു. താങ്കളുടെ മാര്‍ഗനിര്‍ദേശമാണ് എന്നില്‍ ആത്മവിശ്വാസവും കരുത്തും നിറച്ചത് എന്നൊക്കെയായിരുന്നു മോദി കത്തില്‍ എഴുതിയിരുന്നത്. കത്ത് ട്വിറ്ററിലൂടെ പ്രണബ് മുഖര്‍ജി ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന 2019 ജനുവരിയില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ലഭിക്കുന്നത്.
Post Your Comments