ന്യൂഡല്‍ഹി : ചൈനയുമായുള്ള സംഘര്‍ഷത്തിന്റെ പശ്‌ചാത്തലത്തില്‍ ദക്ഷിണ ചൈനാക്കടലില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് ഇന്ത്യന്‍ നാവികസേന. ചൈനയുടെ എതിര്‍പ്പ് അവഗണിച്ചാണ് ഇന്ത്യന്‍ നീക്കം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളോടു ചേര്‍ന്ന മലാക്കാ കടലിടുക്കിലാണ് നാവികസേന സാന്നിധ്യം ശക്‌തമാക്കിയത്. ഗാല്‍വനില്‍ സംഘര്‍ഷമുണ്ടായതിനു പിന്നാലെ ഇന്ത്യന്‍ മഹാസമുദ്രത്തിലുള്‍പ്പെടെ ഇന്ത്യ കൂടുതല്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിരുന്നു.
ബംഗാള്‍ ഉള്‍ക്കടല്‍, ഏദന്‍ കടലിടുക്ക് ഉള്‍പ്പെടെയുള്ള മേഖലകളിലും ഇന്ത്യന്‍ നാവികസേന നിരീക്ഷണം ശക്‌തമാക്കുകയും ചെയ്‌തു. ഇതിനു പിന്നാലെയാണ് ദക്ഷിണ ചൈനാക്കടല്‍ മേഖലയിലും സുരക്ഷ ശക്‌തമാക്കിയതെന്ന് പ്രതിരോധവൃത്തങ്ങള്‍ വ്യക്‌തമാക്കി. എന്നാല്‍, ദക്ഷിണ ചൈനാക്കടലില്‍ ആധിപത്യമുറപ്പിക്കാന്‍ ശ്രമിക്കുന്ന ചൈനയ്‌ക്ക് ഇന്ത്യയുടെ നീക്കം അതൃപ്‌തിയുണ്ടാക്കിയിട്ടുണ്ട്.
നേരത്തേ, അമേരിക്കയും മേഖലയില്‍ കൂടുതല്‍ യുദ്ധക്കപ്പലുകളും നിരീക്ഷണ വിമാനങ്ങളും വിന്യസിച്ചിരുന്നു. അമേരിക്കന്‍ യുദ്ധക്കപ്പലുമായി ഇന്ത്യന്‍ നാവികസേനാ കപ്പല്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. കിഴക്കന്‍ ലഡാക്ക് മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷം കണക്കിലെടുത്ത് വ്യക്തമായ സന്ദേശം നല്‍കുകയാണ് ദക്ഷിണ ചൈനാക്കടലിലെ യുദ്ധക്കപ്പല്‍ വിന്യാസത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments