ദില്ലി: രാജ്യത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുമായി അണ്‍ലോക്ക് പദ്ധതിയുടെ നാലാം ഘട്ടം പ്രഖ്യാപിച്ചു. സെപ്തംബര്‍ ഒന്ന് മുതല്‍ പല ദിവസങ്ങളിലായി പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കി തുടങ്ങും. സെപ്ംതബര്‍ ഏഴ് മുതല്‍ രാജ്യത്ത് മെട്രോ റെയില്‍ സര്‍വ്വീസിന് പ്രവര്‍ത്തിച്ചു തുടങ്ങാം. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു വേണം സര്‍വ്വീസുകള്‍ നടത്താന്‍. അതേസമയം 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പത്ത് വയസിന് താഴെ പ്രായമുള്ളവര്‍ക്കുമുള്ള യാത്രാവിലക്ക് തുടരും.
സ്‌കൂളുകളും കോളേജുകളും തുറക്കുന്ന കാര്യം സെപ്തംബര്‍ മുപ്പത് വരെ നീട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ് നടത്താന്‍ 50 ശതമാനം അധ്യാപകരെ വരാന്‍ അനുവദിക്കും. 9 മുതല്‍ 12 വരെ ക്ലാസിലുള്ളവര്‍ക്ക് അദ്ധ്യാപകരുടെ സഹായം തേടാന്‍ പുറത്തു പോകാം. ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിലെ പിജി-ഗവേഷക വിദ്യാത്ഥികള്‍ക്ക് ലാബുകളിലും പരിശീലനകേന്ദ്രങ്ങളിലും പ്രവേശനം അനുവദിച്ചു. സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്തി വേണം ഇതിനു അനുമതി നല്‍കാന്‍.
സാംസ്‌കാരിക-കായിക-വിനോദ-സാമൂഹിക- ആത്മീയ-രാഷ്ട്രീയ യോഗങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. പരമാവധി നൂറ് പേര്‍ക്ക് വരെ പരിപാടികളില്‍ പങ്കെടുക്കാം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വേണം പങ്കെടുക്കാന്‍. സെപ്തംബര്‍ 21 മുതല്‍ ഓപ്പണ്‍ തീയേറ്ററുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സിനിമാ തീയേറ്ററുകളും സ്വിമ്മിംഗ് പൂളുകളും അടഞ്ഞു തന്നെ കിടക്കും. സംസ്ഥാനങ്ങള്‍ക്ക് അകത്തെ യാത്രകള്‍ക്കും സംസ്ഥാനന്തര യാത്രകള്‍ക്കും ഒരു തരത്തിലുള്ള നിയന്ത്രണവും പാടില്ലെന്നും. ഇത്തരം യാത്രകള്‍ക്കായി പ്രത്യേക പെര്‍മിറ്റ് ഏര്‍പ്പെടുത്താന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
Post Your Comments