Latest NewsKeralaNews

സ്വര്‍ണക്കടത്ത് കേസില്‍ സി.പി.എമ്മിനും ബി.ജെ.പിയ്ക്കുമിടയിലുള്ള അന്തര്‍ധാര സജീവം, ഇരുവരും തെളിവുകള്‍ വഴിതിരിച്ച് വിടുന്നു ; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സി.പി.എമ്മിനും ബി.ജെ.പിയ്ക്കുമിടയിലുള്ള അന്തര്‍ധാര സജീവമാണെന്നും ഇവരുവരും തെളിവുകള്‍ വഴിതിരിച്ച് വിടുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനില്‍ നമ്പ്യാരുടെ ഇടപെടല്‍ ഇതിന് തെളിവാണ്. തട്ടിപ്പിന്റെ വിവരങ്ങള്‍ ബിജെപിക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ് തെളിയുന്നത്. മാത്രവുമല്ല തട്ടിപ്പിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ സി.പി.എം നേതൃത്വത്തിന് അറിയാമായിരുന്നു. കൈരളി ടിവി മേധാവി ജോണ്‍ ബ്രിട്ടാസ് സ്വപ്നയുടെ കമ്മീഷന്റെ കണക്ക് പറയുന്നു. അത് തനിക്ക് അറിയാമായിരുന്നുവെന്ന് ധനമന്ത്രി പറയുന്നു. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും കേരളം ഭരിക്കുന്ന പാര്‍ട്ടിയും കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപിയുമായി ബന്ധമുള്ളവരിലേക്ക് അന്വേഷണത്തിന്റെ കുന്തമുന നീളുകയാണ്. സ്വര്‍ണക്കടത്ത് അന്വേഷണത്തിന്റെ ഭാവി തന്നെ ഇതോടെ സംശയത്തിലായിരിക്കുകയാണെന്നും അത് ജനങ്ങള്‍ തന്നെ പറയുന്നു. ഒരു പ്രതിയുടെ അമ്മ പറയുന്നു. ഞാന്‍ സി.പി.എമ്മാണ് മകന്‍ ബി.ജെ.പിയാണ് എന്ന്. അത് ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണ്. അന്വേഷണം കൂടുതല്‍ വേഗത്തിലും ഊര്‍ജിതവുമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നയതന്ത്ര ബാഗേജില്‍ കൂടിയല്ല സ്വര്‍ണക്കള്ളക്കടത്ത് നടത്തിയത് എന്ന് കേന്ദ്രസഹമ്രന്തി വി.മുരളീധരന്‍ പറഞ്ഞത് കൂട്ടിവായിക്കണം. എന്തടിസ്ഥാനത്തിലാണ് അദ്ദേഹം അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ചെന്നിത്തല ചോദിക്കുന്നു. പുറമേ ശത്രുക്കളെ പോലെയാണ് ഇരുകക്ഷികളും പെരുമാറുന്നതെങ്കിലും ആവശ്യം വരുമ്പോള്‍ കൂട്ടുകക്ഷിയാകുമെന്നും അദ്ദേഹം വിമര്‍ശിച്ചു

പ്രതിപക്ഷത്തിരുന്നപ്പോള്‍ ഇടതുപക്ഷം ചെയ്തത് എന്തൊക്കെയാണെന്ന് മനസ്സിലാക്കണം. സോളാര്‍ കേസിന്റെ സമയത്ത് രാവിലെ കുമ്മനം പറയുന്നത് ഉച്ചകഴിഞ്ഞ് പിണറായി പറയുമായിരുന്നു. അവര്‍ തമ്മില്‍ രാഷ്ട്രീയ കൂട്ടുകെട്ടാണെന്ന് അന്ന് ഞങ്ങളാരും പറഞ്ഞില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിനെതിരെ ബി.ജെ.പി സമരത്തിനു ശേഷം സിപിഎമ്മും എല്‍.ഡിഎഫും സമരം ചെയ്തിട്ടുണ്ട്. അന്ന് കൂറുമുന്നണിയായിട്ടാണോ ഇവര്‍ പ്രവര്‍ത്തിച്ചതെന്നും ചെന്നിത്തല വിമര്‍ശിച്ചു.

അതേസമയം മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനമുന്നയിക്കുന്നവരുടെ വായടപ്പിക്കാനാണ് ശ്രമം നടക്കുന്നത്. ആരെങ്കിലും മുഖ്യമ്രന്തിയ്ക്കും സര്‍ക്കാരിനുമെതിരെ ആരെങ്കിലും പ്രസ്താവന നടത്തിയാല്‍ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത കൊടുത്താല്‍ അവര്‍ക്കെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി കൊടുക്കുമെന്നുമാണ് പറയുന്നത്. ഇത് അംഗീകരിക്കാനാകില്ല. ഇടത് മുന്നണി പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഇതായിരുന്നോ നയമെന്ന് ചിന്തിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ജനാധിപത്യത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കാനും വിലയിരുത്താനുമുള്ള മൗലികമായ അവകാശം മാധ്യമങ്ങള്‍ക്കും സര്‍ക്കാരിനുമുണ്ട്. അതിനെ വെല്ലുവിളിക്കുന്നതാണ് നിയമമ്രന്തിയുടെ പ്രസ്താവന. നിയമമന്ത്രിയുടെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. എന്ത് തന്നെ സംഭവിച്ചാലും സര്‍ക്കാരിനെതിരായ പോരാട്ടവുമായി മുന്നോട്ട് തന്നെ പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button