തിരുവനന്തപുരം : ശശി തരൂരിനെതിരായി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി. തന്‍റെ വാക്കുകള്‍ തരൂരിനെ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു, തരൂരിനോട് വ്യക്തിപരമായ വിരോധമല്ല. രാഷ്ട്രീയമായ സംവാദം മാത്രമാണ് ഉണ്ടായത്. പാർട്ടി ഒറ്റകെട്ടായി മുന്നോട്ട് പോകേണ്ട സമയമാണ് ഇത്, ശശി തരൂരിന്‍റെ സഹപ്രവർത്തകൻ എന്ന നിലയില്‍ അഭിമാനിക്കുന്നുവെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
”വ്യക്തിപരമായി ഞാന്‍ ഏറെ ഇഷ്ടപെടുന്ന ആളാണ് ശ്രീ. ശശി തരൂര്‍. അദ്ദേഹത്തിന്റെ ലോക പരിചയവും, കഴിവും, പ്രാപ്തിയും, ഭാഷാ പരിചയവും എനിക്കും സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സന്തോഷമാണ്. അദ്ദേഹത്തെ ഓര്‍ത്ത് എല്ലാ കേരളീയരെയും പോലെ എനിക്കും അഭിമാനമാണ്. അദ്ദേഹത്തിന്റെ നിലപാട് അദ്ദേഹം പ്രഖ്യാപിക്കുകയും പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്. ഹൈകമാന്റും, കെ.പി.സി.സിയും പരസ്യ പ്രസ്താവനകളും വിലക്കിയിരിക്കുകയാണ്. നിലപാടുകളില്‍ വിയോജിക്കുമ്പോഴും അദ്ദേഹത്തിന്റെ കഴിവുകളിലും, നേട്ടങ്ങളിലും ഞാനും അഭിമാനിക്കുകയും, സന്തോഷിക്കുകയും ചെയ്യുന്നുണ്ട്. എന്റെ വാക്കുകള്‍ അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കാനോ മുറിവേല്‍പ്പിക്കാനോ, അദ്ദേഹത്തിന്റെ കഴിവുകളെ കുറച്ചു കാട്ടാനോ ആയിരുന്നില്ല. അതില്‍ അദ്ദേഹത്തിന് എന്തെങ്കിലും വിഷമം ഉണ്ടായെങ്കില്‍ പാര്‍ട്ടി താല്പര്യം മുന്‍ നിര്‍ത്തി അദ്ദേഹം നിലകൊണ്ട വിഷയങ്ങളില്‍ ശക്തമായി വിയോജിച്ചു കൊണ്ട് വ്യക്തിപരമായ ഉണ്ടായ വിഷമത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു”.
ഇന്നലെയാണ് ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് രംഗത്തെത്തിയത്. ശശി തരൂര്‍ ഗസ്റ്റ് ആര്‍ടിസ്റ്റാണ്. പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ തരൂരിനറിയില്ല. തരൂര്‍ രാഷ്ട്രീയക്കാരനല്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞിരുന്നു
Post Your Comments