KeralaLatest NewsNews

പാര്‍ട്ടിയിലെ എന്തെങ്കിലും ചുമതല പത്രസമ്മേളനം നടത്തി ഏറ്റെടുക്കാന്‍ കഴിയില്ല: കൊടിക്കുന്നില്‍ സുരേഷ്

വ്യക്തിപരമായ താൽപര്യങ്ങളേക്കാൾ വിശാലമായ പാർട്ടിയുടേയും നാടിന്റേയും താൽപര്യങ്ങൾക്കാണ് കോൺഗ്രസ് പ്രവർത്തകർ എന്ന നിലയിൽ ഞാനും നിങ്ങളും മൂല്യം കൽപ്പിക്കേണ്ടത്.

മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് വക്താവ് കൊടിക്കുന്നില്‍ സുരേഷ്. താൻ കെ പി സി സി പ്രസിഡന്റ് ആകണമെന്ന് ആവശ്യപ്പെട്ടു എന്ന തരത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും തന്നോടുള്ള താല്‍പര്യം കൊണ്ട് വൈകാരികമായി സംസാരിക്കുന്ന പ്രവര്‍ത്തകര്‍ അതില്‍ നിന്ന് പിന്മാറണമെന്നും കൊടിക്കുന്നില്‍ സുരേഷ് ഫേയ്‌സ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എന്തെങ്കിലും ചുമതല ആരെങ്കിലും പത്രസമ്മേളനം നടത്തി തീരുമാനം എടുക്കാന്‍ കഴിയും എന്ന് കരുതുന്നവനല്ല താനെന്നും അദ്ദേഹം പറഞ്ഞു.

ഫേയ്‌സ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഞാൻ കെപിസിസി പ്രസിഡന്റ് ആകണമെന്ന് ആവശ്യപ്പെട്ടു എന്ന തരത്തിൽ പലതരത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ആദ്യം തന്നെ പറയട്ടെ ആരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതെന്നും, എന്താണ് കൊടിക്കുന്നിൽ സുരേഷിന്റെ അയോഗ്യതയെന്നും മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ പ്രസിഡന്റിനെ തീരുമാനിക്കേണ്ടത് പാർട്ടി ആണെന്നും ഞാൻ അടക്കമുള്ള പലനേതാക്കളും പലരീതിയിൽ യോഗ്യതകൾ ഉള്ളവരാണെന്നും പറഞ്ഞതിനെ മാധ്യമങ്ങൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിൽ ഭാഗീകമായി അവതരിപ്പിക്കുകയാണ് ചെയ്തത്‌. കോൺഗ്രസ് പാർട്ടിയിലെ എന്തെങ്കിലും ചുമതല ആരെങ്കിലും പത്രസമ്മേളനം നടത്തി തീരുമാനം എടുക്കാൻ കഴിയും എന്ന് കരുതുന്നവരല്ല ഞാൻ അടക്കമുള്ള ഒരു കോൺഗ്രസ്സുകാരനും.

സമൂഹത്തിന്റെ കീഴ്തട്ടിൽ നിന്ന് സാധാരണ പ്രവർത്തകനായി ഉയർന്നു വന്ന ആളാണ്‌ ഞാൻ. പാർട്ടി എന്നെ പല ഉത്തരവാദിത്വങ്ങളും ഏൽപ്പിക്കുകയും അതൊക്കെ ഞാൻ സന്തോഷത്തോടെ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത സമയത്ത് തമിഴ്നാട് ഇലക്ഷനിലെ സ്ഥാനാർഥി നിർണയ കമ്മിറ്റിയെ നയിച്ചു കൊണ്ട് വലിയ വിജയം കോൺഗ്രസ് പാർട്ടിക്ക് നൽകാനായത് വരെ സംതൃപ്തിയോടെ ഓർക്കുന്നു. ഇക്കാലമത്രയും പാർട്ടിയിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള വിവേചനം ഞാൻ അനുഭവിച്ചിട്ടില്ലെന്ന് മാത്രമല്ല, വിയോജിപ്പുകൾക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകൾക്കും സംവാദാത്മകമായ ഇടം ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു രാഷ്ട്രീയ പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണെന്ന പൂർണബോധ്യവും എനിക്കുണ്ട്. ഒരുപാട് ഉത്തരവാദിത്വങ്ങളും അധികാരസ്ഥാനങ്ങളും തുടർച്ചയായി എന്നെ വിശ്വസിച്ച് ഏൽപ്പിച്ചതും, മുമ്പ് പല തവണയും ഈ തവണയും കെപിസിസി അദ്ധ്യക്ഷ പദവിയിലേക്ക് പരിഗണിച്ചതും കോൺഗ്രസ് തന്നെയാണ്.

Read Also: ബ്യൂട്ടിപാർലർ വെടിവെയ്പ്പ് കേസ്; അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ന് കൊച്ചിയിലെത്തിക്കും; യാത്ര അതീവ സുരക്ഷയിൽ

എനിക്ക് പ്രിയപ്പെട്ട കോൺഗ്രസ് പ്രവർത്തകരോട്, ഉത്തരവാദിത്വപ്പെട്ട കോൺഗ്രസ്കാരൻ എന്ന നിലയിൽ സ്നേഹത്തിന്റെ ഭാഷയിൽ ഓർമിപ്പിക്കാനുള്ളത് കോൺഗ്രസ് പാർട്ടിയിൽ ജനാധിപത്യപരമായ പല സംവാദങ്ങളും നടക്കും. അതിൽ ഏതെങ്കിലും പക്ഷത്തോട് യോജിപ്പൊ വിയോജിപ്പോ തോന്നുന്നതും സ്വാഭാവികമാണ്. പക്ഷെ അതൊരു അമാന്യമായ സോഷ്യൽ മീഡിയ ചേരിപ്പോരിലേക്ക് പോയാൽ നമുക്ക് തന്നെയാണ് ആത്യന്തികമായ നഷ്ടം. വ്യക്തിപരമായ താൽപര്യങ്ങളേക്കാൾ വിശാലമായ പാർട്ടിയുടേയും നാടിന്റേയും താൽപര്യങ്ങൾക്കാണ് കോൺഗ്രസ് പ്രവർത്തകർ എന്ന നിലയിൽ ഞാനും നിങ്ങളും മൂല്യം കൽപ്പിക്കേണ്ടത്.

മറ്റൊരു കാര്യം എന്നോടുള്ള താൽപര്യം കൊണ്ട് വൈകാരികമായി സോഷ്യൽ മീഡിയകളിൽ സംസാരിക്കുന്ന കോൺഗ്രസ്കാരും അല്ലാത്തവരും ദയവായി അത്തരം പ്രവണതകളിൽ നിന്ന് വിട്ടുനിൽക്കണം എന്നാണ്. ഒപ്പം എന്താണ് യോഗ്യത എന്ന് ചോദിക്കുന്നവരോട് ഒരിക്കൽ കൂടി വ്യക്തമാക്കുന്നു. കോൺഗ്രസ് പാർട്ടി ഏൽപ്പിച്ച സംഘടനാപരമായ എല്ലാ ഉത്തരവാദിത്വങ്ങളും ഭംഗിയായി നിർവഹിച്ചതും, മുൻപും ഇതേസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നതും , നിലവിലുള്ള വർക്കിംഗ് പ്രസിഡന്റ് എന്നതും പ്രസ്തുത സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനുള്ള യോഗ്യത തന്നെയാണ്. അതിലാരും അസഹിഷ്ണുത കാണിക്കേണ്ടതില്ല. യോഗ്യത അയോഗ്യതകൾക്കപ്പുറം പാർട്ടി കാലോചിതമായ തീരുമാനം എടുക്കും. പാർട്ടിയുടെ തീരുമാനം എന്ത് തന്നെ ആയാലും അതിന് വേണ്ടി നിലകൊള്ളുക തന്നെ ചെയ്യും. നാളെ പാർലമെന്ററി പൊളിറ്റിക്‌സിൽ നിന്ന് മാറി നിൽക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ ജീവിതത്തിൽ എന്ത് മാറ്റമുണ്ടാകും എന്ന് എന്നോട് ചോദിച്ചാൽ ഒന്നുമുണ്ടാവില്ല എന്ന് പറയാൻ കഴിയും എന്നതാണ് എന്റെ ഏറ്റവും വലിയ ആത്മവിശ്വാസം. കാരണം ഞാനിപ്പോഴും പോസ്റ്ററൊട്ടിക്കുകയും വാർഡിലെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചോദിക്കുകയും യൂണിറ്റ് സമ്മേളനങ്ങൾക്ക് കഴിയുന്നത്ര ആളെ കൂട്ടാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു സാധാരണ കോൺഗ്രസുകാരനാണ്. അത് തന്നെയാണ് ഇപ്പോഴും എപ്പോഴും എന്റെ മേൽവിലാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button