ന്യൂഡല്‍ഹി: രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തും കൊവിഡ് ശക്തമായി പിടിമുറുക്കിയിരിക്കുകയാണെന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ. ഇവിടങ്ങളില്‍ പരിശോധനകളും പ്രതിരോധവും ശക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീരിലുമാണ് കഴിഞ്ഞ രണ്ടാഴ്ചയില്‍ 89 ശതമാനം മരണനിരക്കും.
കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമൊത്ത് ഈ സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരും ആരോഗ്യ സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് രാജീവ് ഗൗബ ഈ വിവരം അറിയിച്ചത്. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, തെലങ്കാന,ഗുജറാത്ത്,പശ്ചിമ ബംഗാള്‍,ഉത്തര്‍ പ്രദേശ്, പഞ്ചാബ്,ആന്ധ്രപ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവയാണ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശവും.
കോണ്‍ഫറന്‍സില്‍ വിവിധ സംസ്ഥാനങ്ങളിലെ നിലവിലെ സാഹചര്യങ്ങളും ഓരോ ജില്ലകളിലെ രോഗ സാഹചര്യവും അവിടെ പരിശോധനകളും, സമ്ബര്‍ക്ക പട്ടിക തയ്യാറാക്കലും, സര്‍വൈലന്‍സ്, കണ്ടെയിന്മെന്റ്, ഹോം ഐസൊലേഷന്‍, ആംബുലന്‍സുകളുടെ ലഭ്യത, ആശുപത്രികളില്‍ കിടക്കകള്‍, ഓക്സിജന്‍ സിലിണ്ടറുകളുടെ ലഭ്യത എന്നിവ യോഗത്തില്‍ വിശദമായി അവതരിപ്പിച്ചു. ബുധനാഴ്ച ലോകത്ത് ഏറ്റവുമധികം പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലാണ്. 75000നു മുകളിലായിരുന്നു രോഗികളുടെ എണ്ണം.
Post Your Comments