ന്യൂഡല്‍ഹി: ഐ.എ.എസ്, ഐ.പി.എസ് തസ്തികകളില്‍ മുസ്ലീം വിഭാഗക്കാര്‍ കൂടിവരാന്‍ കാരണം യു.പി.എസ്.സി ജിഹാദാണെന്ന് ആരോപിച്ച് വിദ്വേഷ പ്രചാരണം നടത്തിയ സുദര്‍ശന ടി.വി സംപ്രേക്ഷണം ചെയ്യുന്ന വിവാദ പരിപാടിക്ക് ഡല്‍ഹി ഹൈക്കോടതി വിലക്ക്. ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. വെള്ളിയാഴ്ച എട്ട് മണിക്കാണ് പരിപാടിയുടെ സംപ്രേക്ഷണം തീരുമാനിച്ചിരുന്നത്.
ആര്‍.എസ്.എസ് അനുഭാവം പുലര്‍ത്തുന്ന സുരേഷ് ചവങ്കെയാണ് പരിപാടി അവതരിപ്പിക്കുന്നത്. അഖിലേന്ത്യാ സര്‍വീസുകളായ ഐ.പി.എസ്, ഐ.എ.എസ് തസ്തികകളില്‍ മുസ്ലീം സാന്നിധ്യം കൂടുതലാണ്. ഇതെങ്ങനെയാണ് സംഭവിച്ചത്. ജാമിയ ജിഹാദിലൂടെ ഇവരൊക്കെ ഉയര്‍ന്ന തസ്തികകളില്‍ എത്തിയാല്‍ രാജ്യത്തിന്റെ ഗതിയെന്താകുമെന്ന് സുരേഷ് ചവങ്ക പരിപാടിയുടെ പ്രമോഷന്‍ വീഡിയോയില്‍ പറയുന്നു. ഇത് പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ചാനലിന്റെ വിദ്വേഷ പ്രചാരണത്തിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്.
ഇയാളുടെ വിദ്വേഷ പ്രചാരണത്തിനെതിരെ നേരത്തെ ഐ.പി.എസ് അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു. അഖിലേന്ത്യാ സര്‍വീസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെക്കുറിച്ച് സുദര്‍ശന ടി.വിയിലെ വാര്‍ത്ത വര്‍ഗീയത നിറഞ്ഞ ഉത്തരവാദിത്തമില്ലാത്ത മാധ്യമപ്രവര്‍ത്തനത്തിന് ഉദാഹരമാണെന്ന് ഐ.പി.എസ് അസോസിയേഷന്‍ ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം സുദര്‍ശന ചാനലിനും എഡിറ്റര്‍ക്കുമെതിരെ പരാതി നല്‍കുമെന്നും ശേഷം മറ്റ് വിവരങ്ങള്‍ അറിയിക്കാമെന്നും വിവരാവകാശ പ്രവര്‍ത്തകനായ സാകേത് ഗോഖലെ ട്വീറ്റ് ചെയ്തു.
Post Your Comments