News

2000 ഓണസമൃദ്ധി വിപണികളുമായി കൃഷിവകുപ്പ്

ഓണ വിപണി ലക്ഷ്യമിട്ട് സംസ്ഥാനത്താകെ 2000 നാടൻ പഴം-പച്ചക്കറി ഓണസമൃദ്ധി വിപണികളുമായി കൃഷിവകുപ്പ്. വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് പാളയത്തെ ഹോർട്ടികോർപ്പ് വിപണിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നിർവ്വഹിക്കും. ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രൻ ആദ്യ വില്പന നടത്തും. കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മേയർ ശ്രീകുമാർ, ശശി തരൂർ എം.പി., വി.എസ് ശിവകുമാർ എം.എൽ.എ., ഹോർട്ടികോർപ്പ് ചെയർമാൻ വിനയൻ തുടങ്ങിയവർ സംബന്ധിക്കും. വിപണികൾ 27 മുതൽ 30 വരെ പ്രവർത്തിക്കുമെന്ന്് മന്ത്രി വി.എസ്. സുനിൽകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. .
കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ 1350, വി.എഫ്.പി.സി.കെയുടെ 150 ഹോർട്ടികോർപ്പിന്റെ 500 വിപണികളാണ് സജ്ജമാക്കുന്നത്. പ്രാദേശിക കർഷകരിൽ നിന്നും വിപണി വിലയേക്കാൾ 10 ശതമാനം അധികവില നൽകി സംഭരിക്കുന്ന പഴം-പച്ചക്കറികൾ 30 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. കർഷകരുടെ ഉത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിലയും ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് ഉല്പന്നങ്ങളും ഉറപ്പാക്കുന്നു. 100 രൂപയുടെയും 150 രൂപയുടെയും കിറ്റുകളും വിപണിയിൽ ലഭ്യമാണ്. ഇടുക്കി വട്ടവട-കാന്തല്ലൂരിൽ നിന്നുളള പച്ചക്കറികൾ, മറയൂർ ശർക്കര, കാന്തല്ലൂർ, വെളുത്തുളളി, കൃഷിവകുപ്പ് ഫാമിന്റെ ഉത്പന്നങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ എന്നിവയും ലഭിക്കും.

ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ മുഖാന്തിരം ഓൺലൈനായും പച്ചക്കറി ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ ഓർഡറുകൾ സ്വീകരിച്ച് റസിഡൻസ് അസോസിയേഷനുകൾ മുഖേന വിപണനം ചെയ്യുന്ന സംവിധാനവും ഓണച്ചന്തകളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രാദേശിക പച്ചക്കറികൾ, ഇതര സംസ്ഥാനങ്ങളിലെ പച്ചക്കറികൾ എന്നിവയ്ക്ക് പ്രത്യേകം ബോർഡുകൾ വിപണികളിൽ സ്ഥാപിച്ചിട്ടുണ്ടാകും. പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോളും ഗ്രീൻ പ്രോട്ടോക്കോളും പാലിച്ചുകൊണ്ടായിരിക്കും വിപണികൾ പ്രവർത്തിക്കുകയെന്നും മന്ത്രി അറിയിച്ചു. ആഴ്ചചന്തകളും, ഗ്രാമചന്തകളും, വഴിയോരകർഷക ചന്തകളും വ്യാപകമാക്കാനും തീരുമാനമായിട്ടുണ്ട്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പിന് കീഴിലുളള 1800 വിപണികൾ ഉൾപ്പടെയെല്ലാം ശക്തമാക്കും. ജീവനി കാർഷിക വിപണി എന്ന് ഈ വിപണികൾ അറിയപ്പെടും. ഏകീകൃത ബോർഡും ഈ വിപണികൾക്കുണ്ടായിരിക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഇവ ഒരു സ്ഥിര സംവിധാനമായിത്തുടരുകയും ചെയ്യും. അടുത്ത ഓണത്തിന് ഓണത്തിനൊരു കുട പൂവ് എന്ന പദ്ധതി നടപ്പിലാക്കും. സ്വന്തം പൂക്കൾ കൊണ്ട് ഓണം ആഘോഷിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button