തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ ഓഫീസ് തീവെച്ച് നശിപ്പിച്ചത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണം അട്ടിമറിക്കാനുള്ള തുടര്‍ച്ചയായ ശ്രമത്തിന്റെ ഭാഗമായാണ് സെക്രട്ടറിയേറ്റിന് തീവെച്ചതെന്ന് തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം 13ാം തിയ്യതി പൊതുഭരണവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ സെക്രട്ടറിയേറ്റില്‍ തീപ്പിടുത്തം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കുന്നു. കാബോര്‍ഡുകളിലും റാക്കിലും അലമാരയിലും മേശയിലും എല്ലാമുള്ള പേപ്പറുകള്‍ നീക്കം ചെയ്യണമെന്നും കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്ക് ഉപകരണങ്ങളില്‍ നിന്നും തീപടരുന്നത് ശ്രദ്ധിക്കണമെന്നും സര്‍ക്കുലര്‍ മുന്നറിയിപ്പ് നല്‍കുന്നു. അല്ലെങ്കില്‍ ആരോഗ്യവകുപ്പ് മുഖേനെ നീക്കം ചെയ്യുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ തകര്‍ന്നെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ അതിനെ സാധൂകരിക്കുന്ന ഒരു കത്ത് ചീഫ് സെക്രട്ടറി പുറത്തുവിട്ടത് പോലെ തന്നെയാണ് ഈ സര്‍ക്കുലറും. അഗ്‌നിബാധ ഉണ്ടാകുമെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന ദിവ്യദൃഷ്ടിയുള്ള സര്‍ക്കാരാണോ പിണറായി വിജയന്റേതെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു. ഇത്രയും മുന്‍കരുതലെടുത്തിട്ടും എങ്ങനെയാണ് തീപ്പിടുത്തം ഉണ്ടായത് കൊവിഡ് കാരണം പ്രോട്ടോകോള്‍ ഓഫീസ് രണ്ട് ദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നെന്നാണ് ഇപ്പോള്‍ പറയുന്നത്. അവിടെ ആന്റിജന്‍ ടെസ്റ്റ് ആര്‍ക്കൊക്കെ നടത്തി ? ആരൊക്കെ പൊസിറ്റീവായി ? മുഖ്യമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് ചീഫ് പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ ഹഖിന് പൊസിറ്റീവാണോ? അദ്ദേഹം ആശുപത്രിയിലാണോ? സെക്രട്ടറിയേറ്റിലെ ഇത്രയും പ്രധാനപ്പെട്ട ഓഫീസ് അടച്ചിട്ടും എന്തുകൊണ്ട് മാദ്ധ്യമങ്ങളെ അറിയിച്ചില്ല? അടച്ചിട്ട ഓഫീസില്‍ എങ്ങനെ സി.പി.എം അനുഭാവികളായ രണ്ട് ഉദ്യോ?ഗസ്ഥന്‍മാര്‍ മാത്രം എത്തി? അവര്‍ക്ക് കൊവിഡ് ബാധകമല്ലേ? തീകത്തുന്ന സമയത്ത് എങ്ങനെയാണ് അഡീഷണല്‍ സെക്രട്ടറിക്ക് ഇന്ന ഫയലുകളാണ് കത്തിയതെന്ന് പറയാന്‍ സാധിക്കുന്നത്? അച്ഛന്‍ പത്തായത്തിലില്ലെന്ന് പറയുന്ന പോലെയാണ് ഇത്.
സെക്രട്ടറിയേറ്റിലെ കൊണ്‍ഫിഡന്‍ഷ്യല്‍ ഫയലുകളൊന്നും ഇ-ഫയലുകളല്ല. അങ്ങനെയായിരുന്നെങ്കില്‍ മുഖ്യമന്ത്രിയോടൊപ്പം ആരൊക്കെ വിദേശത്ത് പോയെന്നും വിദേശത്ത് നിന്നും ആരൊക്കെ ഇങ്ങോട്ട് വന്നെന്നും മനസിലാക്കാന്‍ ഇ-ഫയലിന്റെ നമ്പര്‍ നോക്കിയാല്‍ പോരേയെന്നും അദ്ദേഹം ചോദിച്ചു. നിരവധി വിവാദങ്ങളുടെ കേന്ദ്രമാണ് പ്രോട്ടോകോള്‍ ഓഫീസ്. സ്വര്‍ണ്ണക്കള്ളക്കടത്തിന്റെയും ലൈഫ് മിഷന്റെയും രഹസ്യങ്ങളുടെ ചുരുളഴിയാതിരിക്കാനാണ് ഇവിടെ തീവെച്ചത്. ഈ കാര്യങ്ങളെല്ലാം എന്‍.ഐ.എ അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ചെരുപ്പ് തൂക്കുന്ന ചീഫ് സെക്രട്ടറി എന്തിനാണ് സെക്രട്ടറിയേറ്റില്‍ നിന്നും മാദ്ധ്യമങ്ങളെ ഓടിച്ചത്. മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് സഹായിച്ച വിദേശ കമ്പനിക്ക് കരാര്‍ കൊടുക്കാന്‍ കത്തയച്ച ചീഫ് സെക്രട്ടറിക്ക് ശമ്പളം കൊടുക്കുന്നത് എ.കെ.ജി സെന്റിറില്‍ നിന്നാണോയെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. സുരേന്ദ്രന്‍ എന്തിനാണ് ഇത്രയും പെട്ടെന്ന് സെക്രട്ടറിയേറ്റില്‍ എത്തിയതെന്നാണ് ഇ.പി ജയരാജന്‍ ചോദിക്കുന്നത്. ആമസോണ്‍ കാടുകള്‍ക്ക് തീപിടിച്ചപ്പോള്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ പ്രതിഷേധിച്ചവര്‍ തന്നെ ഇങ്ങനെ ചോദിക്കണം. തിരുവനന്തപുരത്തെ കള്ളസ്വാമിയുടെ കാറ് കത്തിയപ്പോള്‍ നിമിഷങ്ങള്‍ക്കകം ഓടിയെത്തിയ മുഖ്യമന്ത്രി സ്വന്തം ഓഫീസില്‍ തീപ്പിടുത്തം ഉണ്ടായിട്ട് ഒരു പത്രകുറുപ്പ് പോലും ഇറക്കാത്തത് എന്താണെന്നും സുരേന്ദ്രന്‍ ചോദിച്ചു.
Post Your Comments