ന്യൂഡല്‍ഹി : കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് പിന്തുണയുമായി സിപിഎം , അയോധ്യയും കശ്മീര്‍ ആര്‍ട്ടിക്കിള്‍ റദ്ദാക്കിയതും എടുത്തു പറഞ്ഞ് വിമര്‍ശനവും. എസ്.രാമചന്ദ്രന്‍ പിള്ള ചൂണ്ടികാണിച്ചത് ഇങ്ങന, പ്രശാന്ത് ഭൂഷന്റെ രണ്ട് ട്വീറ്റുകള്‍ ഗുരുതരമായ ക്രിമിനല്‍ കോടതിയലക്ഷ്യമായി സുപ്രീംകോടതി കണ്ടു. കഴിഞ്ഞ ജൂണ്‍ 27ന് പ്രശാന്ത് ഭൂഷണ്‍ നടത്തിയ ട്വീറ്റ് ഏതാണ്ട് ഇപ്രകാരമായിരുന്നു: ”ഔപചാരികമായ അടിയന്തരാവസ്ഥ ഇല്ലാതെതന്നെ കഴിഞ്ഞ ആറുവര്‍ഷങ്ങളില്‍ ജനാധിപത്യം എങ്ങനെ തര്‍ക്കപ്പെട്ടുവെന്ന് ചരിത്രകാരന്മാര്‍ ഭാവിയില്‍ തിരിഞ്ഞുനോക്കുമ്പോള്‍ തകര്‍ത്തതില്‍ സുപ്രീംകോടതി വഹിച്ച പങ്കും അതിലും വിശേഷിച്ച് കഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുകള്‍ വഹിച്ച പങ്കും അവര്‍ അടയാളപ്പെടുത്തും.
രണ്ടാമതായി പ്രശാന്ത് ഭൂഷണ്‍ ജൂണ്‍ 29ന് ചെയ്ത ട്വീറ്റില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബോബ്ഡെ മാസ്‌കോ ഹെല്‍മെറ്റോ ധരിക്കാതെ ഒരു ബിജെപിക്കാരന്റെ വിലയേറിയ ഹാര്‍ലി ഡേവിഡ്സണ്‍ സൂപ്പര്‍ മോട്ടോര്‍ സൈക്കിളില്‍ ഇരിക്കുന്ന ചിത്രവും ”പൗരന്മാര്‍ക്ക് തങ്ങളുടെ മൗലികാവകാശമായ നീതി ലഭിക്കുക എന്നത് സുപ്രീംകോടതി നിഷേധിക്കുന്ന സന്ദര്‍ഭമാണിത്. എന്തെന്നാല്‍ അത് ലോക്ഡൗണിലാണ്.” എന്ന അടിക്കുറിപ്പും ഉണ്ടായിരുന്നു. ഈ അഭിപ്രായ പ്രകടനങ്ങള്‍ ക്രിമിനല്‍ കോടതിയലക്ഷ്യമായി ഒരിക്കലും കണക്കാക്കാനാകില്ല. ജനാധിപത്യവും പൗരന്മാരുടെ മൗലികാവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടവയാണെന്നും അക്കാര്യത്തില്‍ സുപ്രീംകോടതിയുടെ വമ്ബിച്ച ഉത്തരവാദിത്തവുമാണ് ഈ ട്വീറ്റുകളില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
അതോടൊപ്പം സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന പോരായ്മകളും ഓര്‍മിപ്പിക്കുന്നു. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഭരണഘടനാ സ്ഥാപനങ്ങളോരോന്നും തങ്ങളെപ്പറ്റിയുള്ള അഭിപ്രായപ്രകടനങ്ങളും വിമര്‍ശനങ്ങളും ഒട്ടും അസഹിഷ്ണുത പ്രകടിപ്പിക്കാതെയും സമചിത്തതയോടെയുമാണ് സമീപിക്കേണ്ടത്. ചൂണ്ടിക്കാണിക്കുന്ന പോരായ്മകള്‍ തിരുത്താനുള്ള ജനാധിപത്യ മനോഭാവം പ്രകടിപ്പിക്കുകയും വേണം.
സുപ്രീംകോടതിയുടെ വിധിന്യായങ്ങളെയും നടപടിക്രമങ്ങളെയും പറ്റി അടുത്തകാലത്ത് വിമര്‍ശനങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ടെന്ന് കണക്കിലെടുക്കേണ്ടതുണ്ട്. അയോധ്യ തര്‍ക്കത്തിലെ സുപ്രീംകോടതി വിധി മതനിരപേക്ഷതത്വം ഉയര്‍ത്തിപ്പിടിക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്. വസ്തുതര്‍ക്കത്തില്‍ വസ്തുതയ്ക്കും തെളിവിനും നല്‍കേണ്ട പരിഗണനയ്ക്ക് ഉപരിയായി വിശ്വാസങ്ങള്‍ക്ക് നല്‍കപ്പെട്ടതായി വിമര്‍ശനമുണ്ട്. ജമ്മു കശ്മീരിനെ സംബന്ധിച്ച ഭരണഘടനയിലെ 370ഉം 35 (എ)യും അനുച്ഛേദങ്ങളും റദ്ദക്കിയതിനെ ചോദ്യംചെയ്ത് 2019 ആഗസ്തില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജികളില്‍ ഇനിയും തീര്‍പ്പു കല്‍പ്പിച്ചിട്ടില്ല.
പൗരത്വ അവകാശനിയമ ഭേദഗതിയെ ചോദ്യംചെയ്തുകൊണ്ട് നല്‍കിയ ഹര്‍ജികളും തീരുമാനിക്കപ്പെട്ടിട്ടില്ല. നീതി വൈകുന്നതിനാല്‍ നീതി നിഷേധിക്കപ്പെടുന്ന സ്ഥിതി ഉണ്ടായിരിക്കുന്നു എന്ന വിമര്‍ശനവും ശക്തിപ്പെട്ടുവരുന്നുണ്ട്.
Post Your Comments